വാഷിങ്ടൺ: ഗസയിൽ ഒക്ടോബർ ഏഴിന് യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ യു.എസിൽ വീണ്ടും ശക്തി പ്രാപിക്കുന്ന ഇസ്‌ലാമോഫോബിയയെ അപലപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ.
അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായ മാർച്ച് 15നായിരുന്നു ബൈഡന്റെ പ്രസ്താവന.
‘മതവിശ്വാസത്തിന്റെ പേരിൽ ലോകത്തെമ്പാടുമുള്ള മുസ്‌ലിങ്ങൾ അനുദിനം നേരിടുന്ന ആക്രമണങ്ങളും വിദ്വേഷവും ഞങ്ങൾ തിരിച്ചറിയുന്നു. ഒപ്പം വിനാശകരമായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്‌ലാമോഫോബിയയുടെ വൃത്തികെട്ട പുനരുജ്ജീവനവും നമ്മൾ കാണുന്നുണ്ട്.
നമ്മുടെ രാജ്യത്ത് ഇസ്‌ലാമോഫോബിയക്ക് യാതൊരു സ്ഥാനവുമില്ല. എന്നിട്ടും യു.എസിലെ മുസ്‌ലിങ്ങൾക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ ഭയം, നഗ്നമായ വിവേചനം, ആക്രമങ്ങൾ എന്നിവ സഹിക്കേണ്ടി വരുന്നു,’ ബൈഡൻ പറഞ്ഞു.
2019ൽ ന്യൂസിലാൻഡിലെ മുസ്‌ലിം പള്ളിയിക്ക് നേരെ വെള്ളിയാഴ്ച പ്രാർത്ഥനക്കിടയിലുണ്ടായ (ജുമുഅ നമസ്കാരം) വെടിവെപ്പിനെ തുടർന്ന് 51 പേർ കൊല്ലപ്പെട്ടിരുന്നു.
തുടർന്ന് രണ്ട് വർഷം മുമ്പാണ് ഈ സംഭവത്തിന്റെ വാർഷിക ദിനമായ മാർച്ച് 15 അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ ദിനമായി ആചരിക്കുവാൻ യു.എൻ തീരുമാനിച്ചത്.
യു.എസിൽ ഇസ്‌ലാമോഫോബിയയും ഫലസ്തീൻ വിരുദ്ധതയും വർധിച്ചു വരികയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആറ് വയസുകാരനായ ഫലസ്തീനി-അമേരിക്കൻ ബാലൻ വെടിയേറ്റ് കൊല്ലപ്പെട്ടത് ലോകത്തെ നടുക്കിയിരുന്നു.
നവംബറിൽ ഫലസ്തീനി വംശജരായ മൂന്ന് വിദ്യാർത്ഥികൾക്ക് നേരെയും വെടിവെപ്പുണ്ടായി. ഈ വർഷം ഫെബ്രുവരിയിൽ ടെക്സസിൽ ഫലസ്തീനിയൻ അമേരിക്കൻ യുവാവിനെ ഒരാൾ കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
യു.എസ് മുൻ പ്രസിഡന്റ് ഒബാമയുടെ സുരക്ഷാ ഉപദേഷ്ടാവ് ഫലസ്തീനിയൻ കച്ചവടക്കാരന് നേരെ വംശീയ, വിദ്വേഷ പരാമർശങ്ങൾ നടത്തിയത് വലിയ വിവാദമായിരുന്നു.
Content Highlight: Biden condemns ‘ugly resurgence of Islamophobia’ since 7 October