വാഷിംഗ്ടണ്‍: അഭയാര്‍ത്ഥികളെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്‍. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ടാണ് ബൈഡന്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
വരുന്ന സാമ്പത്തികവര്‍ഷത്തില്‍ 1,25,000 അഭയാര്‍ത്ഥികളെ രാജ്യം സ്വീകരിക്കുമെന്നാണ് ബൈഡന്‍ അറിയിച്ചിരിക്കുന്നത്. പാശ്ചാത്യരല്ലാത്ത അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യാതിരുന്ന ട്രംപ് 15,000 അഭയാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു ഒരു വര്‍ഷത്തില്‍ രാജ്യത്ത് പ്രവേശനം അനുവദിച്ചിരുന്നത്.
‘അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ധാര്‍മികമായ നേതൃത്വം ഏറ്റെടുക്കുക എന്നതായിരുന്നു അമേരിക്കയുടെ ഉഭയകക്ഷി നയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി സ്വാതന്ത്ര്യത്തിന്റെ ദീപശിഖയില്‍ നിന്നും പ്രകാശം പകരുന്നവരാണ് നമ്മള്‍. മറ്റു രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ നമ്മുടെ പ്രവര്‍ത്തികള്‍ മാതൃകയായി.’ ബൈഡന്‍ പറഞ്ഞു.
സെക്ഷ്വല്‍ ഓറിയന്റേഷന്റെ പേരില്‍ മറ്റു രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും ബൈഡന്‍ അറിയിച്ചു.
സിറിയന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തതിന്റെ പേരില്‍ ജര്‍മനിക്കെതിരെ പരോക്ഷ നീക്കങ്ങള്‍ സ്വീകരിച്ച ട്രംപിന്റെ നടപടികളും ബൈഡന്‍ റദ്ദാക്കി. നാറ്റോ കരാര്‍ പ്രകാരം ശീതയുദ്ധ കാലം ജര്‍മനിയില്‍ വിന്യസിച്ചിരുന്ന അമേരിക്കന്‍ സൈന്യത്തെ ട്രംപ് പിന്‍വലിച്ചിരുന്നു. അഭയാര്‍ത്ഥി സൗഹൃദ നയം സ്വീകരിച്ച ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനോടുള്ള പ്രതികാര നടപടിയായിട്ടായിരുന്നു ട്രംപിന്റെ ഈ നീക്കം.
യെമന്‍ സംഘര്‍ഷത്തിലും ട്രംപിന്റെ മുന്‍ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ നടപടികളാണ് ബൈഡന്‍ സ്വീകരിച്ചിരിക്കുന്നത്. യെമനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കായി സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്ന കരാറുള്‍പ്പെടെയുള്ള പിന്തുണ അവസാനിപ്പിക്കുമെന്നാണ് ജോ ബൈഡന്‍ അറിയിച്ചത്.
‘ഈ യുദ്ധം മനുഷ്യവകാശ പ്രശ്‌നങ്ങളും നയതന്ത്ര രംഗത്ത് വലിയ ദുരന്തങ്ങളുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ യുദ്ധം അവസാനിച്ചേ തീരു.’ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബൈഡന്‍ പറഞ്ഞു.
യെമന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുമെന്നതിന്റെ സൂചനയായാണ് പുതിയ നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ട്രംപ് സര്‍ക്കാരിന്റെ വിദേശനയങ്ങള്‍ തിരുത്തിക്കൊണ്ട് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് നേരത്തെ ബൈഡന്‍ പറഞ്ഞിരുന്നു.
സൗദിക്ക് ബോംബുകളടക്കമുള്ള ആയുധങ്ങള്‍ വില്‍ക്കുന്ന കരാറിന് ട്രംപ് അനുമതി നല്‍കിയിരുന്നു. യു.എസ് പ്രതിരോധമേഖലയിലുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് ഈ കരാറില്‍ ഏര്‍പ്പെട്ടത്. ഇറാനെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള നീക്കമായി കൂടി ട്രംപ് ഈ അവസരത്തെ കണ്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Biden changes immigration policies of USA welcomes refugees