| Friday, 3rd May 2024, 8:56 pm

ഇന്ത്യ അന്യമതവിദ്വേഷികളാണ്; കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാത്തതാണ് അവരുടെ സമ്പദ്‌വ്യവസ്ഥ വളരാത്തതിന് കാരണം: ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യയും ജപ്പാനും അന്യമത വിദ്വേഷികളായതിനാലാണ് അവരുടെ സമ്പദ്‌വ്യവസ്ഥ വളരാത്തതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബുധനാഴ്ച വാഷിങ്ടണില്‍ നടന്ന ഒരു ധനസമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും ജപ്പാനും കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാത്തതിനാലാണ് അവരുടെ സമ്പദ്‌വ്യവസ്ഥ ബുദ്ധിമുട്ടുന്നതെന്നായിരുന്നു ബൈഡന്‍ പറഞ്ഞത്. എന്നാല്‍ യു.എസിന്റെ സമ്പദ്‌വ്യവസ്ഥ വളര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങളുടെ സമ്പദ്‌വ്യവസ്ഥ വളരുന്നതിന്റെ ഒരു കാരണം ഞങ്ങള്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നതാണ്. എന്തുകൊണ്ടാണ് ചൈന സാമ്പത്തികമായി മോശമായ രീതിയില്‍ നിൽക്കുന്നത്. എന്തുകൊണ്ടാണ് ജപ്പാൻ പ്രശ്‌നങ്ങള്‍ നേരിടുന്നത്. എന്തുകൊണ്ടാണ് റഷ്യയിലേയും ഇന്ത്യയിലേയും സമ്പദ്‌വ്യവസ്ഥ വളരാത്തത്. കാരണം അവര്‍ അന്യമത വിദ്വേഷികളാണ്. അവര്‍ക്ക് കുടിയേറ്റക്കാരെ ആവശ്യമില്ല,’ ബൈഡന്‍ പറഞ്ഞു.

എന്നാല്‍ ജപ്പാനെയോ ഇന്ത്യയെയോ അപമാനിച്ചിട്ടില്ലെന്ന് ബൈഡന്റെ പ്രസംഗത്തിന് പിന്നാലെ വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. യു.എസ് ഇമിഗ്രേഷന്‍ നയത്തില്‍ പ്രസിഡന്റ് കൂടുതല്‍ വ്യക്തത വരുത്തുക മാത്രമാണ് ചെയ്തതെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ കിര്‍ബി പറഞ്ഞു. ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെ അമേരിക്ക സന്ദര്‍ശിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ബൈഡന്റെ പരാമര്‍ശം.

Content Highlight: Biden calls India and Japan ‘xenophobic’

We use cookies to give you the best possible experience. Learn more