വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ലെബനനില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ട്. ലെബനനില്‍ ഇസ്രഈല്‍ കരയുദ്ധത്തിന് തുടക്കം കുറിച്ചതോടെയാണ് ബൈഡന്റെ ഇടപെടല്‍.
കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള യു.എസ് മാധ്യമങ്ങളാണ് ലെബനന്‍ അതിര്‍ത്തികളില്‍ ഇസ്രഈല്‍ ഗ്രൗണ്ട് ഓപ്പറേഷന്‍ തുടങ്ങിയതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതിനുപിന്നാലെയാണ് ബൈഡന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
‘നിങ്ങള്‍ക്ക് അറിയാവുന്നതിലും നന്നായി എനിക്ക് അറിയാം. ഇസ്രഈല്‍ ആക്രമണം നിര്‍ത്തുന്നതിലൂടെ എനിക്കും സമാധാനമുണ്ടാകും,’ എന്ന് വൈറ്റ് ഹൗസില്‍ വെച്ച് ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലെബനന്റെ അതിര്‍ത്തിയില്‍ നിന്ന് കൂടുതല്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറാന്‍ ഐ.ഡി.എഫ് പദ്ധതിയിടുന്നതായി യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.ബി.എസ് ന്യൂസും ഫോക്‌സ് ന്യൂസും റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രഈലിനെ ആക്രമിക്കാനും ഇസ്രഈലിലെ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ഇല്ലാതാക്കാനും പദ്ധതിയിട്ടിരുന്ന ഹിസ്ബുല്ലയെ തകര്‍ക്കുമെന്ന് ഐ.ഡി.എഫ് ഉദ്യോഗസ്ഥനായ ഡാനിയല്‍ ഹഗാരി ഔദ്യോഗികമായി പ്രതികരിക്കുകയും ചെയ്തു.
ഇസ്രഈലിനും ലെബനനും ഇടയിലായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ലയുടെ തുരങ്കങ്ങളില്‍ ഐ.ഡി.എഫ് പ്രവേശിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇന്നലെ പുറത്തുവന്നത്. വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ഹിസ്ബുല്ലയുടെ തുരങ്കങ്ങളില്‍ ഇസ്രഈലി സൈന്യം പ്രവേശിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ലെബനന് നേരെയുള്ള ആക്രമണം ശക്തമാക്കുന്നതിനായി ഇസ്രഈല്‍ രഹസ്യാന്വേഷണം ശക്തമാക്കിയതായും അന്താരാഷ്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവിലെ റെയ്ഡുകള്‍ ഹിസ്ബുല്ല അനുയായികള്‍ ഒളിവിലിരിക്കുന്ന തുരങ്കങ്ങള്‍ കണ്ടുപിടിക്കാന്‍ ഉള്ളതാണെന്ന് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറ് ഇസ്രഈല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.
ഇസ്രഈല്‍ നടത്താനിരിക്കുന്ന ആക്രമണം, ഹിസ്ബുല്ലയ്ക്കെതിരെ 2006ല്‍ നടത്തിയ യുദ്ധത്തിനേക്കാള്‍ പരിമിതമായ രീതിയിലായിരിക്കുമെന്ന് വാഷിങ്ടണ്‍ പോസ്റ്റും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലെബനന് പുറമെ ചൊവ്വാഴ്ച പുലര്‍ച്ചെ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ഇസ്രഈല്‍ ബോംബാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ സനാ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ടവരില്‍ മാധ്യമപ്രവര്‍ത്തകന്‍ സഫ അഹമ്മദും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ റേഡിയോ ആന്റ് ടെലിവിഷന്‍ അറിയിച്ചു.
Content Highlight: Biden calls for Lebanon ceasefire