വാഷിങ്ടണ്‍: ഗസ മുനമ്പില്‍ തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കാന്‍ സമയം അനുവദിക്കുന്നതിന് ഇസ്രഈലും ഹമാസും താല്‍കാലികമായി യുദ്ധം നിര്‍ത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല.
ഗസയില്‍ ആയിരകണക്കിന് സിവിലിയന്‍മാരുടെ മരണത്തിന് ഇടയാക്കിയ ഹമാസിനെതിരായ ഇസ്രഈല്‍ ആക്രമണത്തെ പിന്തുണച്ചതിന് പുരോഗമന, മുസ്ലീം, അറബ് അമേരിക്കക്കാര്‍ ബൈഡനെ വിമര്‍ശിച്ചിരുന്നു. മിനിയാപൊളിസില്‍ രാഷ്ട്രീയ ധനസമാഹരണത്തിനിടെ ബൈഡനെ തടസ്സപ്പെടുത്തി പ്രതിഷേധക്കാരന്‍ ‘നിങ്ങള്‍ ഇപ്പോള്‍ വെടി നിര്‍ത്തലിന് ആഹ്വാനം ചെയ്യണം’ എന്ന് ആവശ്യപെട്ടിരുന്നു.
‘നമുക്ക് ഒരു ഇടവേള ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഇടവേള എന്നതുകൊണ്ട് തടവുകാരെ പുറത്തെത്തിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്,’ ബൈഡന്‍ മറുപടി പറഞ്ഞു.
കരയുദ്ധത്തിന് മുമ്പ് തടവുകാരെ പുറത്തെത്തിക്കാന്‍ സമയം നല്‍കിയതിനും വിദേശികളെയും പരിക്കേറ്റ ഫലസ്തീനികളെയും പുറത്തെത്തിക്കാന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റിനോട് വഴി തുറക്കാന്‍ ആവശ്യപ്പെട്ടതിനും ബൈഡന്‍ അഭിനന്ദിച്ചു.
ഈജിപ്ത് ബുധനാഴ്ച ഗസയുമായുള്ള റഫ ക്രോസിങ് തുറന്നിരുന്നു. ചില അമേരിക്കക്കാര്‍ ഉള്‍പ്പടെ ഒരു സംഘം ആളുകളെ പലായനം ചെയ്യാന്‍ അനുവദിച്ചിരുന്നു.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളെ അനുകൂലിച്ചതിന് മിനിസോട്ടയില്‍ പ്രസിഡന്റിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ബൈഡന്റെ ഇസ്രഈല്‍ അനുകൂല നിലപാട് അമേരിക്കന്‍ മുസ്‌ലിങ്ങള്‍ക്കും അറബികള്‍ക്കുമിടയില്ലുള്ള പിന്‍ന്തുണ ഇല്ലാതാക്കാനും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനും സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ ഇസ്രഈല്‍ അനുകൂല നിലപാടിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോപം ഉയരുന്നുണ്ട്.
content highlight: Biden calls for humanitarian ‘pause’ in Israel-Hamas war