| Monday, 18th November 2024, 3:07 pm

റഷ്യയില്‍ യു.എസ് നിര്‍മിത ദീര്‍ഘദൂര മിസൈല്‍ പ്രയോഗിക്കാം; ഉക്രൈന് ബൈഡന്റെ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസിഡന്റ് പദവിയില്‍ നിന്ന് പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഉക്രൈന് യു.എസ് നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ റഷ്യയില്‍ പ്രയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്‌ ജോ ബൈഡന്‍.

ഇതോടെ ഇനിയങ്ങോട്ടുള്ള യുദ്ധത്തില്‍ ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിച്ച് യുദ്ധത്തില്‍ മേല്‍ക്കൈ നേടാന്‍ ഉക്രൈന് സാധിക്കും എന്നാണ് യു.എസിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വൈറ്റ് ഹൗസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

അടുത്ത ദിവസങ്ങളില്‍ തന്നെ ഉക്രൈന്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കുമെന്നാണ് സൂചന. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനുവരിയില്‍ സ്ഥാനമേറ്റെടുക്കും മുമ്പാണ് ഇത്തരം ഒരു തീരുമാനം ബൈഡന്‍ കൈക്കൊണ്ടത്.

ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി വളരെ കാലമായി അതിര്‍ത്തിയില്‍ നിന്ന് ദൂരെ സ്ഥിതി ചെയ്യുന്ന റഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ യു.എസ് ആയുധങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷ യു.എസ് അംഗീകരിക്കുകയായിരുന്നു.

അതേസമയം റഷ്യ, യുദ്ധഭൂമിയില്‍ സ്വന്തം സൈന്യത്തോടൊപ്പം ഉത്തര കൊറിയന്‍ സൈന്യത്തെക്കൂടി വിന്യസിപ്പിച്ചതാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളാന്‍ യു.എസിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

എന്നാല്‍ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി മിസൈലുകള്‍ സംസാരിക്കും എന്നാണ് സെലന്‍സ്‌കി ഈ വിഷയത്തില്‍ പ്രതികരിച്ചത്. അതേസമയം റഷ്യയിലേക്ക് കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഉക്രൈനെ അനുവദിക്കാനുള്ള വാഷിങ്ടണിന്റെ തീരുമാനം ‘മൂന്നാം ലോക മഹായുദ്ധ’ ത്തിലേക്ക് നയിക്കുമെന്ന് റഷ്യന്‍ ഉപരിസഭയുടെ അന്താരാഷ്ട്ര കാര്യ സമിതി ഡെപ്യൂട്ടി ഹെഡ് വ്ളാദിമിര്‍ സബറോവ്‌ പ്രതികരിച്ചു.

റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 190 മൈല്‍ അഥവാ 306 കിലോമീറ്റര്‍ ദൂരത്തില്‍ വരെ സഞ്ചരിക്കാന്‍ കഴിവുള്ള ഈ റോക്കറ്റുകള്‍ ഉപയോഗിച്ച് ഉക്രൈനിന് റഷ്യയില്‍ വലിയ രീതിയിലുള്ള നാശങ്ങള്‍ വിതയ്ക്കാന്‍ സാധിക്കുമെന്നാണ് സൂചന.

എന്നാല്‍ ട്രംപ് അധികാരമേറ്റാല്‍ ബൈഡന്റെ ഈ തീരുമാനം മാറ്റുമോയെന്ന് വ്യക്തമല്ല. ഉക്രൈന് യു.എസ് നല്‍കി വരുന്ന സാമ്പത്തിക, സൈനിക സഹായത്തെ ട്രംപ് ദീര്‍ഘനാളുകളായി വിമര്‍ശിക്കുന്നുണ്ട്. താന്‍ അധികാരത്തില്‍ എത്തിയാല്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വാഗ്ദാനം ചെയ്തിരുന്നു.

Content Highlight: Biden allows Ukraine to strike inside Russia with US long range missiles

We use cookies to give you the best possible experience. Learn more