ബൈഡന് ഈജിപ്ഷ്യന്‍ നേതാവ് അബ്ദുല്‍ ഫത്താഹ് എല്‍ സിസിയെ മെക്‌സിക്കോയുടെ പ്രസിഡന്റ് എന്ന് തെറ്റായി വാര്‍ത്താ സമ്മേളനത്തില്‍ പരാമര്‍ശിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘നിങ്ങള്‍ക്കറിയാവുന്നതുപോലെ, മെക്സിക്കോയുടെ പ്രസിഡന്റ് എല്‍ സിസി, മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കവാടം തുറക്കാന്‍ തയ്യാറായില്ല. ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. കവാടം തുറക്കേണ്ടതിന്റെ ആവശ്യകത ഞാന്‍ സിസിയെ ബോധ്യപ്പെടുത്തി,’ ബൈഡന്‍ ഗസാ വിഷയത്തില്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.
അതേസമയം ബൈഡന്റെ വാര്‍ത്താ സമ്മേളനം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. പിന്നാലെ അമേരിക്കന്‍ പ്രസിഡന്റിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നു.
അമേരിക്കന്‍ പ്രസിഡന്റിന് സ്വന്തം പേര് പോലും അറിയില്ലെന്നും പിന്നെയല്ലേ മെക്‌സിക്കോയുടെ പ്രസിഡന്റിനെ എന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ ബൈഡനെതിരെ ആരോപണങ്ങള്‍ ഉയരുന്നത്.
എന്നാല്‍ വ്യാഴാഴ്ച പുറത്തിറക്കിയ യു.എസിലെ പ്രത്യേക കൗണ്‍സിലര്‍ റോബര്‍ട്ട് ഹറിന്റെ റിപ്പോര്‍ട്ടില്‍ മസ്തിഷ്‌ക ക്യാന്‍സര്‍ ബാധിച്ച് ഏത് വര്‍ഷമാണ് തന്റെ മകന്‍ ബ്യൂ ബൈഡന്‍ മരിച്ചത് എന്ന് പ്രസിഡന്റിന് ഓര്‍മയില്ലെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ റിപ്പോര്‍ട്ട് നിലവില്‍ ബൈഡന് ഒരു രാഷ്ട്രീയ വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൂടാതെ യു.എസ് പ്രസിഡന്റ് ജോ ബൈഡന് അല്‍ഷിമേഴ്സ് രോഗമാണെന്ന് എക്‌സില്‍ മകന്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍ മാപ്പ് പറഞ്ഞിരുന്നു.
ബൈഡന് മറവിരോഗമായ അല്‍ഷിമേഴ്‌സുണ്ടെന്നും അത് ഒരു വ്യക്തിയുടെ താളം തെറ്റിക്കുമെന്നുമായിരുന്നു ബെന്‍ ഗ്വിറിന്റെ മകന്‍ ഷുവേല്‍ ബെന്‍ ഗ്വിര്‍ പോസ്റ്റ് ചെയ്തത്.
Content Highlight: Biden again under the shadow of the accusation that he has Alzheimer’s