ന്യൂയോർക്ക്: ഹൂത്തികളെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുവാനുള്ള പദ്ധതി പ്രഖ്യാപിച്ച് യു.എസ്. ചെങ്കടലിൽ ഇസ്രഈൽ ബന്ധമുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂത്തികൾ തുടർച്ചയായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ഹൂത്തികളെ വീണ്ടും തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.
‘ നവംബർ മുതൽ ഹൂത്തികൾ ചെങ്കടലിലെയും ഏദൻ കടലിടുക്കിലെയും അന്താരാഷ്ട്ര കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുകയാണ്. മാണിക്യ കപ്പലുകളുടെ സുരക്ഷയ്ക്കായി നിയോഗിച്ച സൈന്യത്തെയും അവർ ആക്രമിച്ചു.
സംഘടനയുടെ തീവ്രവാദ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ അവരെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നു. ചെങ്കടലിലെയും ഏദൻ കടലിടുക്കിലെയും ആക്രമണങ്ങൾ അവസാനിപ്പിക്കുകയാണെങ്കിൽ പ്രഖ്യാപനം പിൻവലിക്കുന്നത് പരിഗണിക്കും,’ ബ്ലിങ്കൻ പറഞ്ഞു.
പ്രഖ്യാപനം 30 ദിവസങ്ങൾക്കുള്ളിൽ നടപ്പിലാകുമെന്നും യെമനികൾ ആക്രമണങ്ങൾ അവസാനിപ്പിക്കുകയാണെങ്കിൽ അതിനുള്ളിൽ തീരുമാനം പിൻവലിക്കുമെന്നും യു.എസ് അധികൃതർ അറിയിക്കുന്നു.
ട്രംപ് യു.എസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് 2021 ജനുവരിയിലും ഹൂത്തികളെ തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അവരുമായുള്ള ചർച്ചകൾ നിയമവിരുദ്ധമാകുമോ, മാനുഷിക സഹായങ്ങൾ യെമനിൽ എങ്ങനെ എത്തിക്കും തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നു. തുടന്ന്, ഒരു മാസത്തിന് ശേഷം അധികാരത്തിൽ വന്ന ബൈഡൻ ഭരണകൂടം തീവ്രവാദ സംഘടനകളുടെ പട്ടികയിൽ നിന്ന് ഹൂത്തികളെ നീക്കം ചെയ്യുകയായിരുന്നു.
യെമനിലെ 80 ശതമാനത്തിലധികം ജനങ്ങളും ഭക്ഷണമോ കുടിവെള്ളമോ അടിയന്തര വൈദ്യസഹായമോ ലഭിക്കാതെ പ്രയാസപ്പെടുന്നവരാണെന്ന് യു.എൻ അറിയിക്കുന്നു.
ജനുവരി 12ന് യെമനിൽ യു.എസും യു.കെയും വ്യോമാക്രമണം നടത്തിയിരുന്നു. ഇറാൻ, റഷ്യ, തുർക്കി ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
യു.എസിനെയും കൂട്ടാളികളെയും വെറുതെ വിടില്ലെന്ന് ഹൂത്തികളും മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ ചെങ്കടലിൽ യു.എസ് ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകൾക്ക് നേരെയും അക്രമണമുണ്ടായിരുന്നു.
Content Highlight: Biden administration to put Houthis back on global terrorist list