വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ക്വാഡ് സഖ്യവുമായി മുന്നോട്ട് പോകുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍. അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ നാലു രാജ്യമാണ് ഇന്തോ പെസഫിക് സഖ്യത്തിലുള്ളത്. ഏഷ്യന്‍ നാറ്റോ എന്നുകൂടി ഈ സഖ്യത്തെ വിളിക്കാറുണ്ട്.
വിദേശനയത്തിലെ മുന്‍ഗണനാ വിഷയമായി ചതുര്‍രാഷ്ട്ര സഖ്യമായ ക്വാഡിനെ മാറ്റിയത് ട്രംപിന്റെ കാലത്താണ്. ചൈനയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ചതുര്‍രാഷ്ട്ര സഖ്യത്തിന് വലിയ പ്രാധാന്യം നല്‍കിയത്.
ക്വാഡിലൂടെയാണ് ഇന്തോ-പെസഫിക് മേഖലയിലെ അമേരിക്കന്‍ നയം രൂപപ്പെടുത്തുകയെന്നാണ് സള്ളിവന്‍ പറഞ്ഞത്. യു.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സംഘടിപ്പിച്ച വെബ്കാസ്റ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സള്ളിവന്‍.
ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചകൂടി മുന്നില്‍കണ്ടാണ് ക്വാഡ് സഖ്യത്തിന് ബൈഡന്‍ പ്രാധാന്യം നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ-യു.എസ് ഉഭയകക്ഷി ബന്ധം പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് മെച്ചപ്പെടുമെന്ന് നേരത്തെ പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യ-യു.എസ് ബന്ധം മെച്ചപ്പെടുമെന്ന് പെന്റഗണ്‍ അറിയിച്ചത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കഴിഞ്ഞ വര്‍ഷങ്ങളില്‍ ശക്തിപ്പെട്ടിരുന്നു. അമരിക്കയുടെ മുഖ്യ പ്രതിരോധ പങ്കാളികളില്‍ ഒന്നായി ട്രംപിന്റെ കാലത്ത് ഇന്ത്യയെ അംഗീകരിച്ചിരുന്നു
ബൈഡന്‍ അധികാരത്തിലെത്തിയതിന് ശേഷം മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് സ്വീകരിച്ചിരുന്ന നയങ്ങളില്‍ വലിയ മാറ്റം വരുത്തിയിരുന്നു. ആദ്യദിനം തന്നെ ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളില്‍ ബൈഡന്‍ ഒപ്പിട്ടു.
വിസ നിയമങ്ങളിലും അഭയാര്‍ത്ഥി പ്രശ്നത്തിലും കൂടുതല്‍ ഉദാരമായ നടപടികളും ബൈഡന്‍ സ്വീകരിച്ചിരുന്നു. ബൈഡന്‍ ചൈനയുമായുള്ള ബന്ധം എങ്ങിനെയായിരിക്കും മുന്നോട്ട് കൊണ്ടു പോകുക എന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവമാകുന്ന ഘട്ടത്തിലാണ് ക്വാഡ് സഖ്യത്തിന് അദ്ദേഹം പ്രാധാന്യം നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.