വാഷിംഗ്ടണ്‍: ബൈഡന്‍ സര്‍ക്കാര്‍ ലോകത്തിലെ ഏറ്റവും വിവാദവും രഹസ്യാത്മകവുമായ ഗ്വാണ്ടാണിമോ ജയില്‍ അടച്ചുപൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് ഗ്വാണ്ടാണിമോ ജയില്‍ അടച്ചുപൂട്ടുന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും അത് സംഭവിക്കുമെന്നും പറഞ്ഞത്.
2008ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമ തന്റെ പ്രചരണ സമയത്ത് ഗ്വാണ്ടാണിമോ ജയില്‍ അടച്ചുപൂട്ടുമെന്ന വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ ഒബാമ സര്‍ക്കാരിന് ഈ വാഗ്ദാനം നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് കൂടുതല്‍ തടവുകാരെ ഗ്വാണ്ടാണിമോ ജയിലേക്ക് അയക്കുകയും ചെയ്തിരുന്നു. യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഗ്വാണ്ടാണിമോ തടവറ അടച്ചുപൂട്ടണമെന്ന അഭിപ്രായക്കാരനാണ്.
സെപ്തംബര്‍ പതിനൊന്ന് ആക്രമണത്തിന് ശേഷമാണ് അന്നത്തെ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷ് യുദ്ധതടവുകാരെയും ഭീകരവാദികളെയും പാര്‍പ്പിക്കാന്‍ ഗ്വാണ്ടാണിമോ ജയില്‍ തുറക്കുന്നത്.
അതീവ രഹസ്യ സ്വഭാവം നിലനിര്‍ത്തുന്ന ഈ തടവറയില്‍ എത്തിപ്പെടാനും വലിയ പ്രയാസമാണ്. ഒരു തുരുത്തിനകത്ത് ഒറ്റപ്പെട്ട സ്ഥലത്താണ് തടവറ ഉണ്ടാക്കിയിരിക്കുന്നത്.
വിചാരണ പോലുമില്ലാതെ തടവുകാരെ വര്‍ഷങ്ങളോളം ഗ്വാണ്ടാണിമോ ജയിലില്‍ പാര്‍പ്പിച്ചിരുന്നത് വലിയ വിവാദമായിരുന്നു. തടവുകാര്‍ കടുത്ത മനുഷ്യാവകാശലംഘനമാണ് ഇവിടെ നേരിടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
2003 ജൂണില്‍ ഏകദേശം 684 പേര്‍ ഗ്വാണ്ടാണിമോയില്‍ തടവുകാരായി ഉണ്ടായിരുന്നു. ഒബാമ ഭരണമേറ്റെടുത്തതിന് ശേഷം ഇത് 242 ആയി കുറഞ്ഞിരുന്നു. പാകിസ്താന്‍ സ്വാദേശിയായ പതിനാല് വയസുള്ള ബാലനായിരുന്നു ഗ്വാണ്ടാണിമോയിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരന്‍. പിന്നീട് ഈ ബാലനെ വിട്ടയക്കുകയും ചെയ്തിരുന്നു.
49 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ ഗ്വാണ്ടാണിമോ ജയില്‍ പാര്‍പ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എസ് -അഫ്ഗാന്‍ യുദ്ധതടവുകാരും ഇവിടെയുണ്ട്. പക്ഷേ ഇവരില്‍ പലരും സാധാരണ പൗരന്മാരാണ് എന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തിരുന്നു.