'ശാസ്ത്രം മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനാണ്, നിര്‍ഭാഗ്യവശാല്‍ ചൈന അതുപയോഗിക്കുന്നത് ഉയിഗര്‍ മുസ്‌ലിം വേട്ടക്ക്'; ചൈനക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക
World News
'ശാസ്ത്രം മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനാണ്, നിര്‍ഭാഗ്യവശാല്‍ ചൈന അതുപയോഗിക്കുന്നത് ഉയിഗര്‍ മുസ്‌ലിം വേട്ടക്ക്'; ചൈനക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th December 2021, 10:38 pm

വാഷിംഗ്ടണ്‍: ഉയിഗര്‍ മുസ്‌ലിങ്ങളെ ചൂഷണം ചെയ്യുന്ന, വേട്ടയാടുന്ന ചൈനീസ് നടപടികള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക.

ഉയിഗര്‍ വിരുദ്ധ നിലപാടെടുക്കുന്ന ചൈനയിലെ വിവിധ ബയോടെക്, സര്‍വൈലന്‍സ് കമ്പനികള്‍ക്കെതിരെ പുതിയ വിലക്കുകള്‍ ഏര്‍പ്പെടുത്തുമെന്ന് വ്യാഴാഴ്ച ബൈഡന്‍ ഭരണകൂടം അറിയിച്ചു.

ചൈനയിലെ ഷിന്‍ചിയാങ് പ്രവിശ്യയില്‍ ഉയിഗര്‍ മുസ്‌ലിങ്ങളെ വേട്ടയാടുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ക്കുമെതിരെയും നടപടിയുണ്ടാകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.

ഉയിഗര്‍ വേട്ടയ്ക്ക് ചൈനീസ് പട്ടാളത്തെ സഹായിക്കുന്ന തരത്തില്‍ രാജ്യത്തെ അക്കാദമി ഓഫ് മിലിറ്ററി മെഡിക്കല്‍ സയന്‍സസും 11 അനുബന്ധ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് യു.എസിന്റെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. പട്ടാളത്തെ ബയോടെക്‌നോളജി വിദ്യകളുപയോഗിച്ച് സഹായിക്കുന്നതില്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നാണ് ആരോപണം.

അമേരിക്കയുടെ പുതിയ വിലക്ക്-നിരോധന നടപടികള്‍ നിലവില്‍ വരുന്നതോടെ ചൈനയിലെ ഇത്തരം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും കമ്പനികള്‍ക്കും അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കാന്‍ അമേരിക്കയിലെ കമ്പനികള്‍ക്ക് അനുമതി നിഷേധിക്കപ്പെടും.

”മെഡിക്കല്‍ സയന്‍സിനും ബയോടെക്‌നോളജിക്കും നൂതന സാങ്കേതികവിദ്യക്കും മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനാകും. നിര്‍ഭാഗ്യവശാല്‍ പീപ്പിള്‍സ് റിപബ്ലിക് ഓഫ് ചൈന ഈ ടെക്‌നോളജികള്‍ ഉപയോഗിച്ച് അവരുടെ ജനങ്ങളെ നിയന്ത്രിക്കുകയും മത-വംശീയ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയുമാണ് ചെയ്യുന്നത്.

മെഡിക്കല്‍ സയന്‍സിനേയും ബയോടെക്‌നിക്കല്‍ നവീകരണത്തേയും ലക്ഷ്യം വെച്ചുള്ള അമേരിക്കന്‍ നിര്‍മിത ഉല്‍പന്നങ്ങളും സാങ്കേതികവിദ്യയും സോഫ്റ്റ്‌വെയറുകളും അമേരിക്കയുടെ ദേശീയ സുരക്ഷക്ക് വിരുദ്ധമായ രീതിയില്‍ വഴിമാറി ഉപയോഗിക്കാന്‍ അനുവദിക്കില്ല,” കൊമേഴ്‌സ് വിഭാഗം സെക്രട്ടറി ജിന റെയ്‌മൊന്‍ഡൊ പ്രസ്താവനയില്‍ പറഞ്ഞു.

ഉയിഗറുകളെ അടിച്ചമര്‍ത്താന്‍ ലക്ഷ്യമിട്ട് ഷിന്‍ചിയാങ് പ്രവിശ്യയില്‍ ഹൈടെക് സര്‍വൈലന്‍സ് സിസ്റ്റമാണ് ചൈന സ്ഥാപിച്ചിരിക്കുന്നതെന്നും ബയോമെട്രിക് ഫേഷ്യല്‍ റെകഗ്നിഷന്‍ ഉപയോഗിച്ചും പ്രദേശത്തെ ജനങ്ങളില്‍ 12 മുതല്‍ 65 വയസുവരെ പ്രായമുള്ളവരുടെ ഡി.എന്‍.എ കളക്ട് ചെയ്തുമാണ് ഇത് ചെയ്യുന്നതെന്നും കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

ചൈനയില്‍ നടക്കാനിരിക്കുന്ന വിന്റര്‍ ഒളിംപിക്‌സില്‍ നിന്നും നയതന്ത്രപരമായി പിന്‍മാറുകയാണെന്നും നേരത്തെ യു.എസ് അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Biden administration said it is imposing new sanctions on China for their actions against Uyghur Muslims