അറബ് ലോകത്ത് യു.എസ് വിരുദ്ധ വികാരം; വൈറ്റ് ഹൗസിന് യു.എസ് നയതന്ത്രജ്ഞർ നൽകിയ മുന്നറിയിപ്പ് പുറത്ത്
World News
അറബ് ലോകത്ത് യു.എസ് വിരുദ്ധ വികാരം; വൈറ്റ് ഹൗസിന് യു.എസ് നയതന്ത്രജ്ഞർ നൽകിയ മുന്നറിയിപ്പ് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th November 2023, 5:25 pm

വാഷിങ്ടൺ: അറബ് ലോകത്ത് യു.എസിനെതിരെ രോഷം ഉയരുന്നതായി അമേരിക്കൻ പ്രസിഡന്റ്‌ ബൈഡന് മുന്നറിയിപ്പ് നൽകി അറേബ്യൻ രാജ്യങ്ങളിലെ യു.എസ് നയതന്ത്രജ്ഞർ.

ഗസയിലെ ഇസ്രഈലിന്റെ ആക്രമണങ്ങൾക്ക് അമേരിക്ക നൽകുന്ന ശക്തമായ പിന്തുണയെ തുടർന്നാണ് അമേരിക്കക്കെതിരെയുള്ള രോഷം ശക്തമാകുന്നതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.

അറബ് ജനങ്ങളെ തങ്ങൾക്ക് നഷ്ടപ്പെടുന്നതായി സി.എൻ.എന്നിന് ലഭിച്ച നയതന്ത്ര കേബിളിൽ പറയുന്നു.

വിശ്വസ്ഥരായ ആളുകളുടെ കോൺടാക്റ്റുകൾ നഷ്ടപ്പെടുന്നതായി ഒമാനിലെ യു.എസ് എംബസിയിൽ നിന്ന് ലഭിച്ച കേബിളിൽ പറയുന്നു.

ഇസ്രഈൽ നടപടികളിലെ അമേരിക്കൻ പിന്തുണയെ ഭൗതികവും ധാർമികവുമായ യുദ്ധക്കുറ്റമായി കാണുന്നു എന്നും കേബിളിൽ പറയുന്നുണ്ട്.

ഒമാനിലെ രണ്ടാമത്തെ ഉയർന്ന യു.എസ് ഉദ്യോഗസ്ഥൻ വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിലിനും സി.ഐ.എക്കും എഫ്.ബി.ഐക്കും അയച്ച സന്ദേശമാണ് പുറത്തുവന്നത്.

ഒരു പ്രാദേശിക എംബസിയിൽ നിന്ന് വന്ന സന്ദേശമാണെങ്കിലും പശ്ചിമേഷ്യയിൽ ഉയർന്നുവരുന്ന യു.എസ് വിരുദ്ധ വികാരം വ്യക്തമാക്കുന്നതാണ് ഈ സ്വകാര്യ സന്ദേശമെന്ന് സി.എൻ.എൻ പറയുന്നു.

ഇതുവരെ ഉണ്ടായിരുന്ന എല്ലാ അമേരിക്കൻ പ്രസിഡന്റുമാരെക്കാളും അപ്പുറമാണ് ബൈഡൻ ഫലസ്തീനികളോട് കാണിച്ച ക്രൂരതയും നിന്ദ്യയും എന്ന ഈജിപ്‌ത്യൻ പത്രത്തിന്റെ പരാമർശം ഈജിപ്തിലെ അമേരിക്കൻ എംബസി അമേരിക്കക്ക് അയച്ച കേബിളിൽ പറയുന്നതായും സി.എൻ.എൻ കണ്ടെത്തി.

കഴിഞ്ഞ വാരം ജോർദാൻ വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉച്ചകോടിയിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പങ്കെടുത്തിരുന്നു. ഈജിപ്ത്, യു.എ.ഇ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും പങ്കെടുത്ത ഉച്ചകോടിയിൽ അറബ് നേതാക്കൾ ഗസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇതിനെ എതിർക്കുന്ന യു.എസ് നിലപാട് ആവർത്തിച്ച ബ്ലിങ്കൻ, വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഇസ്രഈലിനെതിരെ ആക്രമണം നടത്താൻ ഹമാസിന് കൂടുതൽ സമയം ലഭിക്കുമെന്നും പറഞ്ഞു.

Content highlight: Biden administration privately warned by American diplomats of growing fury against US in Arab world