വാഷിംഗ്ടണ്‍: സൗദി അറേബ്യയ്ക്കും, യു.എ.ഇക്കും ആയുധം വില്‍ക്കുന്ന തീരുമാനം പുനഃപരിശോധിക്കാന്‍ ബൈഡന്‍ സര്‍ക്കാര്‍. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയ ആയുധ വ്യാപാരം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കണ്‍ പറഞ്ഞു.
അമേരിക്കയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും അമേരിക്കയുടെ വിദേശനയത്തെ മുന്നോട്ട് നയിക്കുന്നതുമാണോ കരാര്‍ എന്നു പരിശോധിക്കുമെന്ന് ബുധനാഴ്ച നടത്തിയ ആദ്യ പത്രസമ്മേളനത്തില്‍ ബ്ലിങ്കണ്‍ കൂട്ടച്ചേര്‍ത്തു.
യു.എ.ഇ, സൗദി എന്നീ രാഷ്ട്രങ്ങളുമായി അമേരിക്ക ഏര്‍പ്പെട്ട കോടിക്കണക്കിന് ഡോളറിന്റെ ആയുധ വില്‍പ്പനയ്ക്ക് ബൈഡന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സൗദിയുമായുള്ള അമേരിക്കയുടെ ബന്ധം വീണ്ടും വിലയിരുത്തുമെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. ട്രംപിന്റെ കാലത്ത് അമേരിക്ക യു.എ.ഇയുമായും സൗദിയുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.
സൗദി അറേബ്യയ്ക്ക് 290 മില്ല്യണ്‍ ഡോളറിന്റെ ബോംബുകള്‍ വില്‍ക്കാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്‍കിയിരുന്നു.
സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചര്‍ച്ചയാകുന്ന സമയത്ത് സൈനിക പിന്തുണ നല്‍കുന്ന അമേരിക്കയുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ചെറിയ വ്യാസമുള്ള ജി.ബി.യു 39 ബോംബുകളും ഉപകരണങ്ങളും സൗദി അറേബ്യയ്ക്ക് വില്‍ക്കാന്‍ ട്രംപ് ഭരണത്തില്‍ സംസ്ഥാന വകുപ്പിന്റെ പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സിയാണ് അനുമതി നല്‍കിയിരുന്നത്.
എച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കുവൈത്തിനു വില്‍ക്കാനും യു.എസ് അനുമതി നല്‍കിയിരുന്നു. ഈജിപ്തിനും അമേരിക്ക സൈനിക ഉപകരണങ്ങള്‍ കൈമാറുമെന്നായിരുന്നു റിപ്പോര്‍ട്ട്
സൗദി യെമനില്‍ ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് എടുത്തത്. ഇതേ സൗദിക്ക് ആയുധം വില്‍ക്കുന്നത് തടയാന്‍ കോണ്‍ഗ്രസിന് കഴിയാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.