വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നും പരാജയപ്പെട്ടിട്ടില്ലെന്നും ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നതിനിടെ അധികാരം കൈമാറുന്നതില്‍ രാഷ്ട്രീയപരമായ തടസ്സങ്ങള്‍ നേരിടുന്നുവെന്ന് തുറന്ന് പറഞ്ഞ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
തെരഞ്ഞടുപ്പ് ഫലങ്ങള്‍ വന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രധാനപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ തനിക്ക് കൈമാറുന്നത് തടസ്സപ്പെടുത്തുകയാണ് എന്നാണ് ബൈഡന്‍ പറഞ്ഞത്.
പ്രസിഡന്റായി വിജയിക്കുന്നയാള്‍ക്ക് അധികാരം കൈമാറുന്നതിന്റെ ഭാഗമായി രാജ്യവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കൈമാറണമെന്നിരിക്കെ ഇത് നല്‍കാത്തത് സ്വാഭാവിക പ്രക്രിയകളെ തടസ്സപ്പെടുത്തുന്നതാണെന്നും ബൈഡന്‍ പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കാത്ത ട്രംപ് നിരവധി വിവാദങ്ങള്‍ക്ക് പിന്നാലെയാണ് അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട പ്രക്രിയകളില്‍ സഹകരിക്കുമെന്ന് ഉറപ്പു നല്‍കിയത്.
ഇതിന് പിന്നാലെ ബൈഡന്‍ വൈറ്റ് ഹൗസ് നേതൃത്വത്തെ പ്രകീര്‍ത്തിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ ട്രംപിന്റെ ഉറപ്പ് വാഗ്ദാനത്തില്‍ മാത്രം ഒതുങ്ങിപ്പോയതിന് പിന്നാലെയാണ് പരസ്യ വിമര്‍ശനവുമായി ബൈഡന്‍ രംഗത്ത് വന്നത്.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിയിലാണ് അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് തടസങ്ങള്‍ നേരിടുന്നുവെന്ന് ബൈഡന്‍ വ്യക്തമാക്കിയത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ഓഫീസ് ഓഫ് മാനേജ്‌മെന്റ് ഓഫ് ബജറ്റില്‍ നിന്നും സഹകരണം ലഭിക്കുന്നില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
” നിലവില്‍ ട്രംപ് ഭരണത്തില്‍ നിന്നും ആവശ്യമായി വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളത്. പ്രത്യേകിച്ചും ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍,” ബൈഡന്‍ പറഞ്ഞു.
അതേസമയം അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബൈഡന്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ തങ്ങള്‍ പരമാവധി വേഗത്തില്‍ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയാണെന്ന് അമേരിക്കയുടെ ആക്ടിങ്ങ് ഡിഫന്‍സ് സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലര്‍ പറഞ്ഞു.
ഇതിനിടെ ട്രംപ് അമേരിക്കയിലെ 741 ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ ബില്ല് അസാധുവാക്കാന്‍ വീറ്റോ അധികാരം പ്രയോഗിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. അധികാരം ഒഴിയാതിരിക്കാന്‍ ട്രംപ് അട്ടിമറി നീക്കങ്ങള്‍ക്ക് പദ്ധതിയിടുന്നതായും അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.