|

നജ്മുന്നീസയുടെ ചെരിപ്പ് ഇനി ഉയരുക നമ്മുടെ ചെകിട്ടത്തേക്കാണ്

ശ്രീജിത്ത് പൊയില്‍ക്കാവ്

നജ്മുന്നിസ… ഫരീദ ബീഗം… ആയിഷ (പേര് സാങ്കല്‍പ്പികം) ഈ പേരുകള്‍ മലയാളി സാംസ്‌കാരിക മുതലാളികളും സംസ്‌കാരത്തിന്റെ മൊത്തക്കച്ചവടക്കാരും കേട്ടിട്ടുണ്ടോ? കേട്ടാലും മുഖം തിരിക്കുന്നതാണ് മലയാളി സാംസ്‌കാരിക പ്രവര്‍ത്തകരുടെ പൊതുബോധം. ഈ മൂന്ന് പേരുകള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തും മുന്‍പേ ഒരു വര്‍ഷം മുന്‍പേ കേരളത്തില്‍ നടന്ന മറ്റൊരു സംഭവം ഓര്‍ക്കട്ടെ…!!

റഫീക്ക് മംഗലശേരി എന്നൊരു നാടകക്കാരനുണ്ട്. സ്‌കൂള്‍ നാടകങ്ങള്‍ ചെയ്ത് ജീവിക്കുന്ന നാടകം ജീവിതമാക്കിയ ഒരു നാടകക്കാരന്‍. അദ്ദേഹം മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘ കിത്താബ്’ എന്നൊരു നാടകം ചെയ്തിരുന്നു. വടകരയില്‍ അവതരണം നടന്ന ദിവസം മുസ്‌ലീം സംഘടനകള്‍ കൊലവിളിയുമായി ആ നാടകത്തിനെതിരെ എത്തി. റഫീക്ക് ആദ്യം വിളിച്ചത് ഇത് എഴുതുന്നവനെ ആയിരുന്നു. ഇടപെടണം, അപേക്ഷയാണ് എന്നായിരുന്നു ആവശ്യം.

ഈയുള്ളവനന്ന് നാടക പ്രവര്‍ത്തകരുടെ സംസ്ഥാന സംഘടനയായ ‘നാടക്’ ന്റെ കോഴിക്കോട് ജില്ലാ ജോയിന്‍ സെക്രട്ടറിയായിരുന്നു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി ജെ. ശൈലജയെ വിഷയം അവതരിപ്പിച്ചു. ‘ വര്‍ഗീയമാണ് വിഷയം, ആലോചിക്കണം മാത്രമല്ല റഫീക്ക് നമ്മുടെ സംഘടനയില്‍ അംഗവും അല്ലല്ലോ’ എന്നായിരുന്നു മറുപടി.

പി.ടി മനോജ് എന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി ‘ഇതൊക്കെ പബ്ലിസിറ്റി സ്റ്റണ്ടാണ്’ എന്നാണ് വിശേഷിപ്പിച്ചത്. നാടകിന്റെ മുഖ്യ രക്ഷാധികാരി രാജു നരിപ്പറ്റ ‘ ഇത്തരം വര്‍ഗീയ വിഷയത്തില്‍ നീ ഇടപെടരുത്’ എന്നായിരുന്നു നിര്‍ദേശം നല്‍കിയത്.

ഇത് തന്നെയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പേ ‘ ഇജ്ജ് നല്ല മനിശ്ശനാവാന്‍ നോക്ക്’ എന്ന നാടകത്തിനെ പൊതു സമൂഹം വിമര്‍ശിച്ചപ്പോഴും ‘ ഇത് ഭൂമിയാണ്’ എന്ന നാടകം വിമര്‍ശിക്കപ്പെട്ടപ്പോഴും കേരളത്തിലെ പൊതുസമൂഹത്തില്‍പ്പെട്ട നാടക പ്രവര്‍ത്തകരുടെ നിലപാടുകള്‍. മുസ്‌ലീമായ ഒരു നാടക പ്രവര്‍ത്തകന്‍ അതേ സമൂഹത്തെ വിമര്‍ശിക്കുമ്പോള്‍ അത് വര്‍ഗീയവും നമ്പൂതിരിയായ വി.ടി ഭട്ടതിരിപ്പാട് ആ സമൂഹത്തെ വിമര്‍ശിക്കുമ്പോള്‍ അത് സാമൂഹ്യ നവോത്ഥാനവും ആവുന്നതിലും ഒരു ഇസ്‌ലാമോഫോബിയ ഉണ്ട്.

നമ്പൂതിരിമാര്‍ ശാന്തസ്വഭാവക്കാരും മുസ്‌ലീങ്ങള്‍ തീവ്രവാദികളും എന്ന ഇസ്‌ലാമോഫോബിക്ക് ആയ മനസാക്ഷിക്ക് കേരളത്തില്‍ നൂറ്റാണ്ടുകളുടെ പഴക്കവും ഉണ്ട്. ഈ ഇസ്‌ലാം ഭയത്തിന്റെ തുടര്‍ച്ചയാണ് നജ്മുന്നിസയേയും ഫരീദ ബീഗത്തേയും ആയിഷയേയും കേരളത്തിന്റെ സാംസ്‌കാരിക മേഖല കാണാതെ പോകുന്നത്.

ഇനി സംഭവത്തിലേക്ക്. കര്‍ണാടകയുടെ മലയോര നഗരമായ ബിദാര്‍ അറിയപ്പെടുന്നത് കര്‍ണാടകയുടെ കിരീടം എന്നാണ്. കഴിഞ്ഞ മാസം 26 ന് സ്‌കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായി ഷഹീന്‍ ഉര്‍ദു മീഡിയം യു.പി സ്‌കൂളില്‍ പൗരത്വ ബില്ലിനെതിരെ കുട്ടികള്‍ ചിട്ടപ്പെടുത്തിയ ഒരു റോള്‍ പ്ലേ അവതരിപ്പിച്ചു.

ഞങ്ങളുടെ പൗരത്വത്തെ ചോദ്യം ചെയ്യുന്നവരെ ‘ ചെരുപ്പൂരി അടിക്കും’ എന്ന് കുട്ടികള്‍ ആ നാടകത്തില്‍ പറയുന്നുണ്ടായിരുന്നതിനാല്‍ പൊലീസ് 124 എ വകുപ്പ് ചുമത്തി അറുപതോളംകുട്ടികളെ ചോദ്യം ചെയ്തതിന് ശേഷം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഫരീദാബീഗത്തേയും ആയിഷയുടെ ഉമ്മയായ നജ്മുന്നീസയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. നജ്മുന്നീസയുടെ വീട്ടില്‍ നിന്നും തൊണ്ടിയായി പൊലീസ് ചെരിപ്പും ശേഖരിച്ചു.

നജ്മുന്നീസ ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീയാണ്. മകളോടൊപ്പമാണ് ജീവിക്കുന്നത്. നജ്മുന്നീസയുടെ ഈ അനാഥത്വം തന്നെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് പ്രചോദനമായത്. ഇതെഴുതുന്നവന്‍ നടത്തിയ വസ്തുതാന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന ഭരണകൂട ഭീകരതയാണ് നജ്മുന്നീസയുടെ വീട്ടിലും പതിനൊന്ന് വയസുള്ള മകളിലും നടന്നത്.

ആയിഷ രാത്രി സമയങ്ങളില്‍ ഞെട്ടിയുണര്‍ന്ന് ‘ എനിക്കെന്റെ ഉമ്മയെ കാണണം’ എന്ന് അടുത്ത വീട്ടിലെ സ്ത്രീകളോട് പറയുമേ്രത ”എനിക്ക് പേടിയാണ് ഇത്താ.. അവര്‍ ഉമ്മയെ കൊല്ലും. …എനിക്കാരേയും ചെരുപ്പൂരി അടിക്കണ്ട ഞാന്‍ അവരോട് മാപ്പുപറയാം” എന്നൊക്കെ അവള്‍ രാത്രിയില്‍ പിച്ചും പേയും പറയും…

പതിനൊന്ന് വയസ് മാത്രമുള്ള, ഉമ്മ മാത്രം ആശ്രയമുള്ള ഒരു പെണ്‍കുട്ടിയുടെ മാനസികനില പോലും അവതാളത്തിലാക്കുന്ന ഭരണകൂട ഭീകരത നമ്മുടെ പൊതുസമൂഹം കണ്ടില്ലെന്ന് നടിക്കുന്നത് ഇസ്‌ലാമോഫോബിയയുടെ പേരില്‍ മാത്രമാണ്.

ഇസ്‌ലാം, ഭയപ്പെടേണ്ട എന്തോ ഒന്ന് ആണെന്ന തോന്നല്‍ സാംസ്‌ക്കാരിക മേഖലയിലും വ്യാപകമാണ്. അതുകൊണ്ടാവാം ഓസ്‌ട്രേലിയയില്‍ കാടുകത്തുമ്പോള്‍ പ്രതിഷേധിച്ച കേരളത്തിലെ സാംസ്‌ക്കാരിക മുതലാളിമാര്‍ ഒരു നാടകം കളിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ഫരീദ ബീഗത്തിനും നജ്മുന്നീസക്കും ആയിഷയ്ക്കും വേണ്ടി ഒരക്ഷരം പോലും മിണ്ടാതിരിക്കുന്നത്.

ആയിഷയും മനസിലെ, നാടകം കളിച്ച കുട്ടികളുടെ മനസിലെ ആമസോണ്‍ കാട് കത്തുന്നത് നിങ്ങള്‍ കാണുന്നില്ലെങ്കില്‍ പിന്നെ നിങ്ങള്‍ പറയുന്ന, ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്‌കാരിക ബോധം എന്താണ്? ഇനിയെങ്കിലും മനസിലെ വേലിയും ഭയവും ഇല്ലാതാക്കൂ.. നാളെ നിങ്ങളാകാം അവരുടെ ഇര…

ഉയര്‍ത്തിപ്പിടിച്ച നജ്മുന്നീസയുടെ ചെരിപ്പ് നമ്മുടെ ചെകിടത്തേക്കാവാതിരിക്കാന്‍ നമുക്ക് അവര്‍ക്ക് വേണ്ടി ഒരു ചെറുവിരലെങ്കിലും ഉയര്‍ത്താം… ഒന്ന് ഉറക്കെ പറയാം… ഇത് അനീതിയാണ്.. ഇത് അനീതിയാണ്….

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രീജിത്ത് പൊയില്‍ക്കാവ്

നാടക ചലച്ചിത്ര സംവിധായകന്‍, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്