| Friday, 6th March 2020, 10:27 am

പൗരത്വ ഭേദഗതിക്കെതിരെ ബെംഗളുരിലെ സ്‌കൂളില്‍ നടന്ന നാടകത്തില്‍ രാജ്യദ്രോഹ പരാമര്‍ശം ഇല്ല; കുറ്റാരോപിതര്‍ക്ക് ജാമ്യം നല്‍കി ബിദാര്‍ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ ബിദാറില്‍ പൗരത്വ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകം സമൂഹത്തില്‍ അനൈക്യം ഉണ്ടാക്കിയിട്ടില്ലെന്ന് ബിദാര്‍ ജില്ലാകോടതി. കുറ്റാരോപിതരായ ഷഹീന്‍ പ്രൈമറി സ്‌കൂളിലെ അഞ്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

” രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അവര്‍ക്ക് രാജ്യത്ത് നിന്ന് പോകേണ്ടിവരും എന്നുമാത്രമാണ് ആ കുട്ടികള്‍ നാടകത്തിലൂടെ അവതരിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മാത്രമുള്ളതൊന്നും അവര്‍ ചെയ്തിട്ടില്ല,” ജില്ലാ കോടതി ജഡ്ജ് നിരീക്ഷിച്ചു.

ഷഹീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രസിഡന്റ് അബ്ദുല്‍ ഖദീര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അലാവുദ്ദീന്‍, സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയിലെ മൂന്ന് അംഗങ്ങള്‍ എന്നിവര്‍ക്ക് രണ്ട് ലക്ഷം രൂപ യുടെ വ്യക്തിഗത ജാമ്യത്തുകയിലാണ് ജാമ്യം അനുവദിച്ചത്.

സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ നാടകം സംപ്രേഷണംചെയ്ത മാധ്യമപ്രവര്‍ത്തകനായ യൂസഫ് റഹീമിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” രേഖകള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുമ്പോള്‍ പ്രധാനമന്ത്രി മോദിക്കെതിരെ കലാകരാന്‍ അപകീര്‍ത്തികരമായ വാക്കുകള്‍ കളിയായി ഉപയോഗിച്ചതായി കാണുന്നുണ്ട്. പക്ഷേ ഉള്ളടക്കം പരിശോധിക്കുമ്പോള്‍ നാടകത്തിലൂടെ കുട്ടികള്‍ സി.എ.എക്കെതിരേയും എന്‍.ആര്‍.സി ക്കെതിരേയും സ്‌കൂളിലെ പരിപാടിയില്‍ അവതരിപ്പിച്ചതാണ്,”ജില്ലാജഡ്ജി പ്രേമാവതി പറഞ്ഞു.

ചിലഭാഗങ്ങള്‍ മാത്രം എടുത്തുകാട്ടിയാണ് പ്രോസിക്യൂഷന്‍ രാജ്യദ്രോഹം ആരോപിക്കുന്നതെന്നും നാടകം പൂര്‍ണ രൂപത്തില്‍ നോക്കിയാല്‍ നാടകത്തില്‍ എവിടെയും രാജ്യദ്രോഹംകാണാന്‍ സാക്കില്ലെന്നും അവര്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ചതിന് കര്‍ണാടകയിലെ ബിദാറിലെ ഷഹീന്‍ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരായ മോശം പരാമര്‍ശങ്ങളുടെ പേരിലാണ് നടപടിയെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. സ്‌കൂള്‍ മാനേജര്‍ക്കെതിരെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞാണ് കേസെടുത്തിരുന്നത്.  ജനുവരി 21നാണ് സംഭവം നടന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more