ഒരു സൈക്കിള്‍ കള്ളന്‍ മുതല്‍ പൊലീസുകാരന്‍ വരെ; ജിസ് ജോയ് ചിത്രങ്ങളുടെ തലവന്‍
Cinema
ഒരു സൈക്കിള്‍ കള്ളന്‍ മുതല്‍ പൊലീസുകാരന്‍ വരെ; ജിസ് ജോയ് ചിത്രങ്ങളുടെ തലവന്‍
വി. ജസ്‌ന
Sunday, 26th May 2024, 3:39 pm

വളരെ ചുരുങ്ങിയ കാലം കൊണ്ട് കുറഞ്ഞ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായ സംവിധായകനാണ് ജിസ് ജോയ്. ഇന്ന് മലയാള സിനിമയിലെ മുന്‍നിര സംവിധായകരില്‍ ഒരാളാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

സംവിധായകന്‍ എന്നതിലുപരി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന് മലയാളത്തില്‍ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയില്‍ സ്വീകാര്യത നേടാന്‍ ജിസ് ജോയ്ക്ക് സാധിച്ചിട്ടുണ്ട്. ബൈസിക്കിള്‍ തീവ്സ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധായകനാകുന്നത്.

ആറ് സിനിമകളാണ് ഇതുവരെ ജിസ് ജോയ്യുടെ സംവിധാനത്തില്‍ എത്തിയിട്ടുള്ളത്. ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, മോഹന്‍ കുമാര്‍ ഫാന്‍സ്, ഇന്നലെ വരെ, തലവന്‍ എന്നിവയാണ് ആ സിനിമകള്‍. അതില്‍ മോഹന്‍ കുമാര്‍ ഫാന്‍സ് ഒഴികെയുള്ള സിനിമകളിലെല്ലാം നായകനായത് ആസിഫ് അലിയായിരുന്നു.

എങ്കിലും കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രമായ മോഹന്‍ കുമാര്‍ ഫാന്‍സില്‍ ആസിഫ് കാമിയോ റോളില്‍ എത്തിയിരുന്നു. പലപ്പോഴും താരത്തിന് വലിയ വിജയങ്ങളൊന്നും ഇല്ലാത്ത സമയത്താണ് ജിസ് ജോയ്‌യുടെ പടത്തില്‍ നായകനായി എത്താറുള്ളത്. ആ പടങ്ങള്‍ വലിയ വിജയമാകാറുമുണ്ട്.

2013ല്‍ ജിസ് ജോയ് രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ് ബൈസിക്കിള്‍ തീവ്‌സ്. അപര്‍ണ ഗോപിനാഥ് – ആസിഫ് അലി എന്നിവര്‍ ഒന്നിച്ച ചിത്രം കോമഡി ത്രില്ലര്‍ ഴോണറില്‍ ഉള്ളതായിരുന്നു. ചാക്കോ എന്ന കള്ളന്റെ കഥാപാത്രമായാണ് ബൈസിക്കിള്‍ തീവ്‌സില്‍ ആസിഫെത്തിയത്.

ജിസ് ജോയ്‌യുടേതായി 2017ല്‍ പുറത്തുവന്ന റൊമാന്റിക് കോമഡി സിനിമയാണ് സണ്‍ഡേ ഹോളിഡേ. ആസിഫ് അലിയുടെയും ജിസിന്റെയും ജനപ്രിയ ചിത്രങ്ങളില്‍ ഒന്നാണ് ഇത്. സണ്‍ഡേ ഹോളിഡേയില്‍ ആസിഫ് അവതരിപ്പിച്ച അമല്‍ ഇന്നും പലരുടെയും പ്രിയ കഥാപാത്രങ്ങളില്‍ ഒന്നാണ്.

ജിസ് ജോയ് രചനയും സംവിധാനവും നിര്‍വഹിച്ച് 2019ലെത്തിയ റൊമാന്റിക് കോമഡി സിനിമയാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ ചിത്രത്തില്‍ ആസിഫ് അലി തന്നെയായിരുന്നു നായകന്‍. കേരള ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയ സിനിമയില്‍ വിജയ് എന്ന കഥാപാത്രമായാണ് ആസിഫ് എത്തിയത്.

കുഞ്ചാക്കോ ബോബനെ നായകനാക്കി 2021ല്‍ പുറത്തിറങ്ങിയ ജിസ് ജോയ് ചിത്രമായിരുന്നു മോഹന്‍ കുമാര്‍ ഫാന്‍സ്. കോമഡി – ഡ്രാമ ഴോണറിലെത്തിയ ചിത്രത്തില്‍ ആസിഫ് അലി എത്തിയത് ഒരു കാമിയോ റോളിലായിരുന്നു. അതില്‍ സിനിമാ താരമായി സ്വന്തം പേരില്‍ തന്നെയാണ് ആസിഫ് അഭിനയിച്ചത്.

ജിസ് ജോയ് – ആസിഫ് അലി കൂട്ടുക്കെട്ടിലെത്തിയ അടുത്ത ചിത്രമായിരുന്നു ഇന്നലെ വരെ. 2022ല്‍ ഒ.ടി.ടി പ്ലാറ്റ്ഫോമായ സോണിലിവില്‍ നേരിട്ട് ഈ സിനിമ റിലീസ് ചെയ്യുകയായിരുന്നു. നിമിഷ സജയന്‍ നായികയായി എത്തിയ ചിത്രത്തില്‍ ആദിശങ്കറായാണ് ആസിഫ് എത്തിയത്. ഒപ്പം ഒരു പ്രധാനവേഷത്തില്‍ ആന്റണി വര്‍ഗീസും ഉണ്ടായിരുന്നു.

ഇവയില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ മറ്റൊരു ജിസ് ജോയ് ചിത്രമാണ് തലവന്‍. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി എത്തിയ ചിത്രത്തില്‍ കാര്‍ത്തിക് എന്ന പൊലീസുക്കാരനായാണ് ആസിഫ് എത്തുന്നത്. താരം സംവിധായകനൊപ്പം ഇതുവരെ ചെയ്തിട്ടുള്ള സിനിമകളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു തലവനില്‍.

ബിജു മേനോനൊപ്പം കട്ടക്ക് നില്‍ക്കുന്ന വളരെ ടഫ് ആയിട്ടുള്ള കഥാപാത്രമാണ് ആസിഫിന്റേത്. മികച്ച വിജയ ചിത്രങ്ങള്‍ മാത്രം ആസിഫിന് നല്‍കിയിട്ടുള്ള ജിസ് ജോയ് തലവനിലൂടെ താരത്തിന്റെ കരിയറിലെ ശക്തമായ കഥാപാത്രം തന്നെയാണ് നല്‍കിയിരിക്കുന്നത്.


Content Highlight: Bicycle Thieves To Thalavan; Asif Ali In Jis Joy Movies

വി. ജസ്‌ന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ