| Friday, 26th November 2021, 7:31 am

ബിച്ചു തിരുമല അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്നു.

400ലേറെ സിനിമകളില്‍ നിന്നുമായി അയ്യായിരത്തോളം മനോഹരഗാനങ്ങളായിരുന്നു അരനൂറ്റാണ്ട് കാലത്തെ കാവ്യജീവിതത്തിനിടെ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത്.

1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി.ജെ. ഭാസ്‌ക്കരന്‍ നായരുടെയും മൂത്ത മകനായിട്ടായിരുന്നു ബിച്ചു തിരുമലയുടെ ജനനം. യഥാര്‍ത്ഥ പേര് ബി. ശിവശങ്കരന്‍നായര്‍ എന്നായിരുന്നു.

1972ല്‍ പുറത്തിറങ്ങിയ ‘ഭജഗോവിന്ദം’എന്ന ചിത്രത്തിലൂടെയായിരുന്നു ബിച്ചു തിരുമല ചലച്ചിത്ര ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ചിത്രം പുറത്തിറങ്ങിയില്ല. അക്കല്‍ദാമ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ഗാനങ്ങളുമായി പുറത്തിറങ്ങിയ ആദ്യ ചിത്രം.

ശ്യാം, എം.ടി. ഉമ്മര്‍, ജി. ദേവരാജന്‍ ഇളയരാജ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് നിരവധി ഹിറ്റുകളാണ് ബിച്ചു മലയാളിക്ക് സമ്മാനിച്ചത്. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

പ്രസന്നയാണ് ഭാര്യ, മകന്‍ സുമന്‍. പ്രശസ്ത പിന്നണിഗായിക സുശീല ദേവിയും സംഗീതസംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bichu Thirumala passed away

We use cookies to give you the best possible experience. Learn more