| Sunday, 3rd October 2021, 7:30 pm

എം.എന്‍. വിജയന്‍ പറഞ്ഞുവെച്ചത്

ബിബിത്ത് കോഴിക്കളത്തില്‍

‘വില്‍ക്കുകയോ പണയപ്പെടുത്തുകയോ ചെയ്യാത്തതായി മഹാഭാരതത്തില്‍ എന്താണ് ബാക്കിയുണ്ടാവുക” എന്ന് എം.എന്‍.വിജയന്‍ ചോദിച്ചത് 2001ല്‍ ആണ്.

വിജയന്‍ മാഷ് വിട്ടുപിരിഞ്ഞിട്ടും അദ്ദേഹം ഇട്ടേച്ചുപോയ ആശയങ്ങള്‍ മുന്‍പെന്നത്തേക്കാളും തെളിവോടെ മിഴിവോടെ ഉയര്‍ന്നുവരികയാണ്. അതാണ് ചിതയിലെ വെളിച്ചം. മടപ്പള്ളികോളേജിലെ പഠനകാലത്ത്, മാഗസിന്‍ എഡിറ്ററായ വേളയിലാണ് വിജയന്‍മാസ്റ്റരെ പ്രകാശനത്തിനു വിളിക്കാന്‍ ധര്‍മ്മടത്തെ കൊച്ചുവീട്ടില്‍ ചെല്ലുന്നത്.

തുടര്‍ന്ന് എസ്.എഫ്.ഐയുടേയും ഡി.വൈ.എഫ്.ഐയുടേയും അനേകം പഠന ക്യാമ്പുകളില്‍ വിദ്യാര്‍ത്ഥിയായി ഇരുന്നിട്ടുമുണ്ട്. അതിലേറെ പറഞ്ഞുവെച്ച കാര്യങ്ങള്‍ പുസ്തകങ്ങളായി ഇറക്കിയത് സ്വന്തമാക്കിയിട്ടുമുണ്ട്.

നിരന്തരം ഫാസിസ്റ്റുവല്‍ക്കരിക്കപ്പെടുന്നൊരു സമൂഹനിര്‍മ്മിതിയുടെ കാലത്ത് വിജയന്‍മാഷെ വായിക്കുകയെന്നതാണ് രാഷ്ട്രീയം. ‘നമ്മുടെ നാട്ടില്‍, ഫാസിസം, ലോകത്തിന്റെ മറ്റു ചരിത്ര ഘടകങ്ങളെപ്പോലെ ഒരു ബഹുജനപ്രസ്ഥാനമാണ് എന്ന ഉണര്‍വ് നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുപോലും ഉണ്ടോയെന്നു സംശയമാണ്.’

എം.എന്‍.വിജയന്‍

ഇന്ത്യന്‍ ഫാസിസത്തെക്കുറിച്ച് ഇത്രമാത്രം എഴുതിയൊരാള്‍ വേറെയുണ്ടോയെന്നു ആലോചിക്കാവുന്നതാണ്.

മാര്‍ക്‌സ്യന്‍ വിശകലനരീതിയും ഗ്രാംഷിയന്‍ ചിന്താധാരയും ആ എഴുത്തുകളില്‍ മൂര്‍ത്തരൂപം കൈക്കൊള്ളുന്നുണ്ട്. സൂക്ഷമമായ ഇടങ്ങളെപ്പോലും രാഷ്ട്രീയവല്‍ക്കരിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചുതന്നെയാണ് എം.എന്‍.വിജയന്‍ പറഞ്ഞുപോകുന്നത്.
വ്യാമോഹങ്ങളില്‍ മുക്തരായൊരു തലമുറയെ സൃഷ്ടിക്കുന്ന മുതലാളിത്തത്തെക്കുറിച്ച് ഇത്രയേറെ ഉറക്കെച്ചിന്തിച്ച മറ്റൊരാളുണ്ടാകില്ല.

”ഇന്ദ്രിയങ്ങളെ നിഷ്ഫലമായി ഇത്തേജിപ്പിച്ചുകൊണ്ടിരിക്കുകയും സമയത്തെ ഇടവേളയില്ലാതെ നിറച്ചുകൊണ്ടിരിക്കുകയും ചെയ്യുക അരാഷ്ട്രീയ നിര്‍മ്മാണത്തിന്റെ ശൈലിയാണ്. പൊതുയോഗത്തിനുള്ള സ്ഥലവും പൊതുപ്രവര്‍ത്തനത്തിനുള്ള സമയവും ദേവസ്വവും ബ്രഹ്മസ്വവും കയ്യടക്കുന്നു. അപ്പോള്‍ രാഷ്ട്രീയം തനിയെ ഇല്ലാതാകും.” എന്നാണ് വിജയന്‍മാഷ് പറഞ്ഞുകൊണ്ടിരുന്നത്.

”പ്രധാനമന്ത്രിയായ നെഹ്റു കൊച്ചിയില്‍ വന്നപ്പോള്‍ തനിക്കായി ഒരുക്കിയ രാജസിംഹാസനം തട്ടിമാറ്റി കസേരയില്‍ ഇരുന്ന കാര്യം എം.എന്‍.വിജയന്‍ സൂചിപ്പിക്കുന്നത്, നമ്മുടെ പലമന്ത്രിമാരും അധികാരത്തില്‍ നിന്നിറങ്ങി ജനങ്ങളിലേക്ക് നടന്നുപോയവരായിരുന്നു എന്നുപറയാന്‍ വേണ്ടിയാണ്. വിശേഷിച്ചും കമ്യൂണിസ്റ്റുകാര്‍.

”വാഹനപ്പടയോടെ പോകുമ്പോള്‍ ചിലര്‍ ഇത് മറന്നുവെന്നുവരാം.” എന്നു തുടര്‍ന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട് വിജയന്‍.
”ഉല്‍പ്പാദനോപകരണങ്ങളുടെ ഉടമാവകാശം അധികാരത്തിന്റെ കേന്ദ്രീകരണമായി ത്തീരുകയും ജനങ്ങളുടെ ദുരിതമായിത്തീരുകയും ചെയ്യുന്നുവെന്നതാണ് വളരെചുരുക്കത്തില്‍ മാര്‍ക്സ്യന്‍ ദര്‍ശനമെന്ന് നാം അറിയുന്നു. ഇതൊരു പഴയ കഥ മാത്രമല്ല. തുടര്‍ന്നുകൊണ്ടിരിക്കുന്ന കഥ കൂടിയാണ്.”

”വംശീയതയിലേക്ക് മാറുമ്പോള്‍ നിങ്ങള്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്നാണ് അര്‍ത്ഥം. ജാതീയതയിലേക്ക് മാറുമ്പോള്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്നതിന്റെ അര്‍ത്ഥം രാഷ്ട്രീയം ഉപേക്ഷിക്കാന്‍ രാഷ്ട്രീയത്തെപ്പിടിച്ച് ഉപേക്ഷിക്കുകയല്ല മറിച്ച് ജാതീയതയിലേക്ക് വംശീയതയിലേക്ക് പ്രാദേശികതയിലേക്ക് മാറ്റിനിര്‍ത്തുക എന്നതാണ്.”

വര്‍ഗരാഷ്ട്രീയത്തിനെതിരെ അത്യന്തം അപകടകരമായ തരത്തില്‍ സ്വത്വരാഷ്ട്രീയവും വിവിധ സ്വത്വബോധങ്ങളും വളര്‍ന്നുവരുമ്പോള്‍ ആത്യന്തികമായി തകര്‍ന്നുവീഴുന്നത് തൊഴിലാളിവര്‍ഗരാഷ്ട്രീയവും രക്ഷപ്പെടുന്നത് ചൂഷണവ്യവസ്ഥയുമാണെന്ന നിരന്തരം ഓര്‍മ്മപ്പെടുത്തലുകള്‍ …

”ജനങ്ങള്‍ മര്‍ദ്ദിതരെന്നും മര്‍ദ്ദിക്കുന്നവരെന്നും രണ്ടു വിഭാഗമുണ്ടെന്നു പറയുന്നതിന് പകരം ജനങ്ങളെ കുട്ടനാട്ടുകാരെന്നും പൊന്നാനിക്കാരെന്നും മറ്റും അവതരിപ്പിക്കുന്നത് രാഷ്ട്രീയത്തെ നശിപ്പിക്കുന്നതിനുള്ള കൃത്യമായ പ്രസ്ഥാനമാണ്. വര്‍കേഴ്സ് ഓഫ് ആള്‍ കണ്‍ട്രീസ് യുണൈറ്റ് എന്നാണ് മാര്‍ക്സ് പറഞ്ഞത്. അല്ലാതെ വര്‍ക്കേഴ്സ് ഓഫ് കേരള യുണൈറ്റ് എന്നല്ല. തൊഴിലാളികളോട് സംഘടിക്കണം അവര്‍ക്ക് പുതിയൊരുലോകം ലഭിക്കാനുണ്ടെന്നും മാര്‍ക്സ് പറഞ്ഞിടത്തുനിന്ന് നിങ്ങള്‍ തൊഴിലാളികളല്ല എന്നും തൊഴിലാളികള്‍ ആവശ്യമില്ലെന്നും നിങ്ങള്‍ ഒരു നാട്ടുകാരനാണെന്നും നിങ്ങള്‍ ജാതിയിലോ മതത്തിലോ പിറന്നവരാണ് എന്നും ബോധ്യപ്പെടുത്തിയിട്ട് നിങ്ങളെ ചുരുക്കി ചുരുക്കി ഒരു നാട്ടുകാരാക്കി, ഒരു മതക്കാരനാക്കി വീട്ടിലേക്ക് ഓടിച്ചിട്ട് നിങ്ങളുടെ സ്വന്തം ജനിച്ചുവളര്‍ന്ന നാട്ടിലേക്ക് മടക്കിക്കൊണ്ടുവരിക എന്നതാണ് ഇന്നു കണ്ടുവരുന്ന ഒരു ഭൗതിക പ്രവര്‍ത്തനം.’

ഈ വര്‍ത്തമാനത്തില്‍ ഉദാഹരണങ്ങള്‍ എത്രയോ ആണ്. വിപ്ലവവും പുരോഗമനവും പറയുന്നവര്‍ എത്ര പെട്ടെന്നാണ് ഓരോരോ മതക്കാരായും ജാതിക്കാരായും പ്രദേശക്കാരായും മാറുന്നതെന്ന തിരിച്ചറിവ് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ മാര്‍ക്സ്യന്‍ കണ്ണടവഴി തിരിച്ചറിഞ്ഞുവെന്നതാണ് വിജയന്റെ പ്രത്യേകത.

”സ്വന്തം ഇച്ഛകൊണ്ട്, ജനതയുടെ ഇഛകൊണ്ട് കമ്മ്യൂണിസം തിരഞ്ഞെടുത്ത നാടാണിത്. ലോകത്തിലെവിടെയും അങ്ങനെ സംഭവിച്ചിട്ടില്ല. ഒരു നാട്ടിലെ ജനതയുടെ ഭൂരിപക്ഷം സ്വന്തം ഇച്ഛകൊണ്ട് സോഷ്യലിസം തിരഞ്ഞെടുക്കുകയും കമ്മ്യൂണിസം തിരഞ്ഞെടുക്കുകയും അങ്ങനെ മാറ്റപെട്ട ഒരു തലച്ചോറ് നമുക്കുണ്ടായിത്തീരുകയും ചെയ്തു എന്നുള്ളതാണ്. ഇങ്ങനെ മാറ്റപ്പെട്ട തലച്ചോറിനെ എങ്ങനെ പഴയ അവസ്ഥയിലേക്ക് മാറ്റാം എന്നുള്ള അന്വേഷണമാണ് നടക്കുന്നത്”

എന്നു ഹിന്ദുത്വപരീക്ഷണശാലയിലെ രാസത്വരകങ്ങളായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനത്തില്‍ വാക്കിന്റെ അസ്ഥികള്‍ പൂക്കുകതന്നെയാണ്.
”സാധനങ്ങള്‍ മാത്രമല്ല, സാധനങ്ങള്‍ക്ക് വേണ്ടിയുള്ള കൊതിയും സാധനങ്ങള്‍ കൊണ്ടുള്ള സമ്മതവും കൂടി ഉണ്ടാക്കിയെടുക്കുന്നുവെന്നത് ആധുനിക മുതലാളിത്തത്തെ സംബന്ധിച്ച ഒരു പ്രധാന മുദ്രാവാക്യമാണ് They not only produce goods but they also produce the desire to buy the goods.

അങ്ങനെ ആഗ്രഹം ഉണ്ടാക്കുന്ന സമ്മതം ഉണ്ടാക്കുന്ന ഒരു ആധുനിക മുതലാളിത്തം വാസ്തവത്തില്‍ നമുക്ക് പണം തരിക മാത്രമല്ല നമ്മുടെ ഇച്ഛയെ രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്നുള്ളത് ആധുനിക കാലഘട്ടത്തിലെ പ്രധാന തിരിച്ചറിവാണ്. ‘You can do as you will but you cannot will as you will’ എന്നത് ഒരു പഴയ കവിയായ വില്ല്യം ബ്ലേക്കിന്റെ വചനമാണ്. അതെന്റെ ഇഷ്ടമാണെന്ന് പറഞ്ഞാല്‍ ആ ഇഷ്ടമുണ്ടാക്കിയത് ആരാണ് എന്ന് ചോദിക്കാം.” എന്റെ ശരീരം എന്റെ ഇഷ്ടം. എനിക്കിഷ്ടമുള്ളത് ഞാന്‍ ധരിക്കുമെന്നൊക്കെ പറയുമ്പോള്‍ ഇതൊക്കെ ഓര്‍ക്കാവുന്നതാണ്.

‘……..എല്ലായിടത്തും തടയുന്നുണ്ട്. എന്നാല്‍ ആരും തടയപ്പെടുന്നില്ല എന്നതാണ് സ്ഥിതി. ഇത് മനുഷ്യബന്ധങ്ങളില്‍ വന്നു ചേര്‍ന്നിട്ടുള്ള വലിയൊരു മാറ്റമാണ്. അതായത് പണിമുടക്കിയാല്‍ എല്ലാം മുടങ്ങും എന്ന് കരുതിയിരുന്നിടത്തു പണിമുടക്ക് ഒരിടവേളയാണ് എന്ന് വരുത്തിയിരിക്കുന്നു.

സമ്പൂര്‍ണ്ണമായ പണിമുടക്ക് അഥവാ നൂറുശതമാനമുള്ള പണിമുടക്ക് എന്നുള്ളത് നൂറുശതമാനം വിശ്രമത്തിനുള്ള അവസരമാണ് എന്ന ബോധത്തിലേക്ക് നാം എത്തിച്ചേരുകയാണ്. നമ്മുടെ ആയുധങ്ങളെല്ലാം വലിച്ചെറിയപ്പെടുന്നു. പത്ത് ശതമാനം പണിമുടക്കിയിരുന്നപ്പോള്‍ ജയിച്ചിരുന്ന സമരങ്ങള്‍ നൂറുശതമായിട്ടും ജയിക്കാതെ വരുന്നത് പണിമുടക്കം മുതലാളിത്ത വ്യവസ്ഥിതിയുടെ ഒരംഗീകൃത ഭാഗമായിത്തീര്‍ന്നതുകൊണ്ടാണ്. അവരങ്ങനെ പണിമുടക്കും നമ്മളങ്ങനെ പണി നടത്തും എന്ന്. ഇത് ഇന്നത്തെ ഒരു ബൗദ്ധിക വ്യായാമരീതിയാണ്.” എന്നും പറയുന്നത് രാഷ്ട്രീയത്തിലെ ഇടപെടലിനെക്കുറിച്ചുതന്നെയാണ്. കാരണം ”ജനാധിപത്യത്തില്‍ ആര്‍ക്കം രണ്ടു വോട്ടില്ല.”

‘രാഷ്ട്രീയത്തില്‍ നിങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഇടപെടും’ എന്ന് ലെനിന്‍ പറഞ്ഞതിനെത്തന്നെയാണ്, ‘ഒരു ബ്രേക്കിംഗ് പോയിന്റ് വരുമ്പോള്‍ നിങ്ങള്‍ ഉണരുന്നു’ എന്ന വാചകത്തിലൂടെ എം.എന്‍.വിജയനും പറയാന്‍ ശ്രമിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bibith Kozhikkalathil writes about M.N Vijayans view on capitalism and communism

ബിബിത്ത് കോഴിക്കളത്തില്‍

We use cookies to give you the best possible experience. Learn more