| Wednesday, 4th May 2022, 7:19 pm

എന്തുകൊണ്ട് ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം വേറിട്ടുനില്‍ക്കുന്നു

ബിബിത്ത് കോഴിക്കളത്തില്‍

പലരും പലപ്പോഴായി ചോദിച്ച ചോദ്യമാണ്. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് മാത്രമെന്തേ ഇത്ര പ്രത്യേകതയെന്ന്. പലവട്ടം അത് വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാ ജീവനുകളും ഒരുപോലെയാണ്. എല്ലാ രക്തസാക്ഷിത്വവും ഒരുപോലെയാണ്. വാച്യാര്‍ഥത്തില്‍ ഇതെല്ലാം ശരിയാണ്. പ്രയോഗത്തില്‍ അത് അങ്ങനെയല്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നിരിക്കെ ഇതൊക്കെ ഇങ്ങനെ വെറുതെ പറഞ്ഞുകൊണ്ടിരിക്കുകയാണ്.

എല്ലാ രക്തസാക്ഷിത്വങ്ങളും എല്ലാ ജീവനും ഒരുപോലെയാണെങ്കില്‍ എന്തിനാണ് ചെഗുവരെയുടെ മാത്രം ചിത്രം പതിച്ച പതാകകള്‍ പുതിയ ഫാഷനായി കൊണ്ടുനടക്കുന്നത്? അമേരിക്കന്‍ സാമ്രാജ്യത്വം കൊന്ന ലക്ഷക്കണക്കായ ആളുകളുണ്ടല്ലോ കമ്യൂണിസ്റ്റുകാരും അല്ലാത്തവരുമായി. അവരെയാരേയും ലോകം അറിയുന്നില്ലല്ലോ.

അപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഇത് സഖാവ് ടി. പി. ചന്ദ്രശേഖരനും ബാധകമാണ്. കേരളത്തിലെയോ ഇന്ത്യയിലെയോ മറ്റു രക്തസാക്ഷിത്വങ്ങളെപ്പോലെയല്ല ചന്ദ്രശേഖരന്റേത്.

ഒന്ന് കേരളത്തിലെ മിക്ക രാഷ്ട്രീയ കൊലപാതകങ്ങളും മുമ്പ് നടന്ന സംഘര്‍ഷത്തിന്റെയോ സംഘട്ടനങ്ങളുടെയോ മറ്റേതെങ്കിലും തര്‍ക്കത്തിന്റെ പേരിലോ ആയിരിക്കും. കേരളത്തില്‍ സി.പി.ഐ.എമ്മും ആര്‍.എസ്.എസ്സും നടത്തുന്ന ഇത്തരം കലാപങ്ങളില്‍ ഇത് നമുക്ക് വ്യക്തമാണ്. പലപ്പോഴും യഥാര്‍ഥ പ്രതികളായിരിക്കില്ല കൊല്ലപ്പെടുക. പകരത്തിനുപകരമെന്ന നിലയില്‍ത്തന്നെയായിരിക്കും ഇത് നടക്കുന്നത്. കുടിപ്പക. കുലംകുത്തികളെ കൊല്ലല്‍. ഗോത്രീയത.

ഇങ്ങനെ നടന്ന കൊലപാതകങ്ങളിലൊന്നും കേരളത്തിന്റെ ഏതെങ്കിലും പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കൊല്ലപ്പെട്ടതായി നമുക്ക് അറിയില്ല. ഇന്ത്യയില്‍ത്തന്നെ ഏതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടതായി അറിയില്ല. കൊലപാതകം പലപ്പോഴും താഴെത്തലങ്ങളില്‍ നടത്തി അവസാനിക്കുകയാണ് പതിവ്.

ഇവിടെ സഖാവ് ടി. പി. ചന്ദ്രശേഖരനെ കൊല്ലുന്നതിന് മുമ്പ് ഒഞ്ചിയത്ത് സി.പി.ഐ.എം. നിരന്തരം ആക്രമണം നടത്തുന്നുണ്ടായിരുന്നു. സി.പി.ഐ.എമ്മില്‍ നിന്നുവിട്ടശേഷം ആര്‍.എം.പിയിലെ തന്നെ മൂന്നുപേരെ മാരകമായും മറ്റനവധിപേരെ അല്ലാതേയും വാടക ഗുണ്ടകള്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

തുടര്‍ച്ചയായ ആ ആക്രമണങ്ങളില്‍ ബോംബേറും വെട്ടുമേറ്റ് വെന്റിലേറ്ററില്‍ കിടന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയവര്‍ ഒഞ്ചിയത്ത് ഇപ്പോഴും മരിച്ചു ജീവിക്കുന്നുണ്ട്. അതിലൊരാള്‍ എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്ന കെ. കെ. ജയനാണ്. മാരകമായി വെട്ടി കൊല്ലപ്പെട്ടുവെന്നു കരുതിയാണ് കൊലപാതകികള്‍ ഇട്ടേച്ചുപോയത്. പ്ലീഹയ്ക്ക് വെട്ടേറ്റ ജയന്‍ ഇന്നും അതിന്റെ ദുരിതങ്ങള്‍ അനുഭവിച്ചാണ് ജീവിക്കുന്നത്.

ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റായ ജയരാജനേയും പതിനാറുവെട്ടുകള്‍വെട്ടി ജീവച്ഛവമാക്കി. അഴിയൂരിലെ ഇബ്രാഹിം എന്ന ആര്‍.എം.പി. അനുഭാവിക്ക് നേരെയായിരുന്നു ആദ്യത്തെ വധശ്രമം.

കടന്നുപോയ പോരാളികള്‍ക്ക് ഒരുപിടി പൂക്കള്‍ മതിയാവും.
നിലനില്ക്കുന്ന രക്തസാക്ഷികള്‍ക്ക് നിലനില്ക്കാന്‍ നമ്മളെന്തു നല്‍കും?
വീണുപോയ വിജേതാക്കള്‍ക്ക് ഒരു വിലാപഗീതം മതിയാവും
കനല്‍ കായ്ക്കുന്ന കൊടിമരങ്ങള്‍ക്കു കത്തിനില്ക്കാന്‍ പക്ഷെ, നമ്മളെന്തു നല്‍കും?
ചോരയിലവസാനിച്ച ധീരന്മാക്ക് ഒരു സ്മാരകമന്ദിരം മതിയാവും.
കൊലയറകള്‍ ചെറുത്തുനില്ക്കും ഹൃദയങ്ങള്‍ക്ക് മിടിച്ചു നില്ക്കാന്‍ പക്ഷെ, നമ്മളെന്തു നല്‍കും?’  – ‘സൈമണ്‍ ബ്രിട്ടോ‘ എന്ന കവിതയില്‍ കുഞ്ഞപ്പ പട്ടാനൂര്‍ പാടുന്നപോലെയാണ് പലരുടേയും കാര്യം.

കണ്ണൂരിന്റെ അതിര്‍ത്തിയിലായിരുന്ന ഈ ഗ്രാമം അക്രമകാരികള്‍ക്ക് എളുപ്പത്തില്‍ വരാനും കൃത്യം നിര്‍വഹിച്ചുപോകാനുമുതകുന്ന തരത്തിലുള്ള ഊടുവഴികളുള്ള പ്രദേശമാണ്. സി.പി.ഐ.എം നടത്തിയ ആക്രമണങ്ങളെ അതേനിലയില്‍ തിരിച്ചടിക്കാന്‍ ചന്ദ്രശേഖരന്‍ ശ്രമിച്ചിരുന്നില്ല. അയാള്‍ ആളുകളെ അണിനിരത്തി സി.പി.ഐ.എമ്മിനെതിരായ പോരാട്ടം പുറത്തും തുടര്‍ന്നു.

ഇതിനൊടുവിലാണ് ഇത്തരത്തിലുള്ള മാരകമായ ആക്രമണത്തിന് സി.പി.ഐ.എം മുതിരുന്നത്. ഗൂഢാലോചന നടത്തിയെന്നും പലതവണ പരാജയപ്പെട്ടതിന് ശേഷമാണ് അത് വിജയിച്ചതെന്നും കുറ്റവാളികള്‍ നല്‍കിയ മൊഴികളുടെ പകര്‍പ്പുകള്‍ വീഡിയോയായും മറ്റും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

നേരത്തേ രണ്ടുതവണ ആസൂത്രണം ചെയ്യപ്പെട്ട കൊലപാതകത്തില്‍ നിന്നും രക്ഷപ്പെട്ടവനായിരുന്നു ചന്ദ്രശേഖരന്‍. 2009-ല്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായപ്പോഴായിരുന്നു ആദ്യത്തേത്. പ്രചരണജാഥ മാഹിപാലം കടന്ന് മുന്നോട്ടുനീങ്ങിയപ്പോഴാണ് ആക്രമിച്ചത്. പരിപാടി ഉപേക്ഷിച്ചു മടങ്ങേണ്ട അവസ്ഥയായി. കണ്ണൂരിലെ പലസ്ഥലത്തും സ്ഥാനാര്‍ഥിക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാക്കി.

മറ്റൊരിക്കല്‍ ഒരു കല്യാണവീട്ടില്‍ ചെന്നപ്പോള്‍, എല്‍.ഡി.എഫ് ഭരണത്തിലെ പൊലീസ് സൂപ്രണ്ടുതന്നെയായിരുന്നു ചന്ദ്രശേഖരനെ രക്ഷിച്ചത്. പിന്നീടും പൊലീസ് ഇന്റലിജന്റ്സിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചുതന്നെയാണ് സഖാവ് ചന്ദ്രശേഖരന്‍ തനിയെ യാത്രചെയ്തത്. ബൈക്കിന്റെ പിറകില്‍ പോലും ആരേയും കയറ്റാതെയുള്ള യാത്ര.

ഇതുസംബന്ധിച്ച മുന്നറിയിപ്പുകളെ തന്റെ സ്വതസിദ്ധമായ ചിരിയോടെ നിസ്സാരവല്‍ക്കരിച്ചു. ഇന്ദിരാഗാന്ധിയെ സെക്യൂരിറ്റി രക്ഷിച്ചില്ലല്ലോ. സി.പി.ഐ.എം കൊല്ലാന്‍ തീരുമാനിച്ചാല്‍ വൈകിയാണെങ്കിലും നടപ്പാക്കുമെന്നയാള്‍ക്കറിയാമായിരുന്നു. പലതവണ കൊലപാതകം ആസൂത്രണം ചെയ്യപ്പെട്ടെന്നും എന്നും ആളുകള്‍ക്ക് നടുവിലായതുകൊണ്ട് അത് പരാജയപ്പെട്ടതാണെന്നും ചോദ്യവേളയില്‍ കുറ്റവാളികള്‍ സമ്മതിക്കുകയുണ്ടായി.

കേരളത്തിലോ ഇന്ത്യയിലോ ആദ്യമായല്ല ഒരാള്‍ പാര്‍ട്ടിമാറുന്നതും പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതും. ഇന്ത്യയില്‍ ഇന്നതൊരു ദൈനംദിന സംഭവമാണ്. ചന്ദ്രശേഖരനേക്കാള്‍ കമ്മറ്റിയില്‍ ഉയര്‍ന്നതലത്തില്‍ നില്‍ക്കുന്നവരായിരുന്നു അബ്ദുള്ളക്കുട്ടിയും ശ്യാംസുന്ദറുമുള്‍പ്പെടെയുള്ളവര്‍. അവര്‍ക്കെതിരെ ഒന്നുമുണ്ടായില്ലല്ലോ. കണ്ണൂരില്‍ തന്നെ അബ്ദുള്ളക്കുട്ടി സൈ്വര്യവിഹാരം നടത്തുന്നുണ്ടല്ലോ. ഈയിടെ സി.പി.ഐ.എമ്മിലേക്കുവന്ന അനേകം കോണ്‍ഗ്രസുകാരും സംഘപരിവാറുകാരും ജീവനോടെയിരിപ്പുണ്ട്.

ജീവിച്ചിരിക്കുക എന്നതാണ് എല്ലാത്തിന്റെയും മുന്നുപാധി എന്ന് മാര്‍ക്‌സ് പറയുന്നുണ്ട്. നിങ്ങള്‍ക്ക് ഒരാളെ വിമര്‍ശിക്കാനാണെങ്കില്‍ പോലും അയാള്‍ ജീവിച്ചിരിക്കേണ്ടതുണ്ട്. ഒരു മനുഷ്യന്റെ ഏറ്റവും മൗലികമായ അവകാശം ജീവിച്ചിരിക്കുക എന്നതാണ്. ആ ജീവിതമാണ് ഇല്ലാതാക്കുന്നത്.

റഷ്യക്ക് പുറമെ ലോകത്ത് ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത് എം. എന്‍. റോയ് ആയിരുന്നു. മെക്‌സിക്കോയില്‍. 1920ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിലും മുന്‍കൈ റോയ്ക്കായിരുന്നു. റോയ് പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും, പിന്നീട് അവിടെയും നില്‍ക്കാതെ ന്യൂ ഹ്യൂമനിസവുമായി മുന്നോട്ടുപോയി. ഒടുവില്‍ ഇന്റര്‍നാഷണലില്‍ നിന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും റോയ് പുറത്താക്കപ്പെടുകയുണ്ടായി. ഹൃദയാഘാതം മൂലമാണ് റോയ് മരിക്കുന്നത്.

എം. എന്‍. റോയ്

റോയ്‌ക്കെതിരെ അന്ന് ശക്തമായ നിലപാടെടുത്ത നേതാവായിരുന്നു എസ്. എ. ഡാങ്കെ. പതിനാറു വര്‍ഷത്തോളം ഡാങ്കെ ജയില്‍വാസം അനുഭവിച്ച ഡാങ്കെയെയും പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കി. അയാളും കോണ്‍ഗ്രസുമായി ചേര്‍ന്നു.

എസ്. എ. ഡാങ്കെ

തന്റെ ഇരുപത്തിയെട്ടാമത്തെ വയസ്സിലാണ് സഖാവ് പി. സി. ജോഷി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാകുന്നത്. ജോഷിയും അഭിപ്രായഭിന്നതകളുടെ പേരില്‍ പുറത്താക്കപ്പെട്ടു.

പി. സി. ജോഷി

ബ്രിട്ടീഷ് ചാരന്‍മാര്‍വരെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായി ചിരകാലം വാണിട്ടുണ്ട്. ഒരുപാട് നേതാക്കളെ കമ്യൂണിസ്റ്റ് പാര്‍ട്ടി നടപടിയെടുത്തു പുറത്താക്കിയിട്ടുണ്ട്. മറ്റ് പാര്‍ട്ടികള്‍ രൂപീകരിച്ചിട്ടുണ്ട്. ചാരു മജുംദാറിനെപ്പോലുള്ളവര്‍ നക്‌സല്‍ ബാരിയിലേക്കു നടന്നുപോയത് പാര്‍ട്ടിയെ പിളര്‍ത്തിത്തന്നെയായിരുന്നു.

ചാരു മജുംദാർ

സി.പി.ഐയില്‍ നിന്നും സി.പി.ഐ.എമ്മിലേക്ക് വന്നത് 32 പേരാണ്. അതില്‍ വി. എസ്. ഇന്നും ജീവിച്ചിരിക്കുന്നു. സഖാവ് കൃഷ്ണപിള്ള, ഇ.എം.എസ്. എ.കെ.ജി. തുടങ്ങിയവര്‍ എല്ലാം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് കോണ്‍ഗ്രസ്സുകാരായിട്ടായിരുന്നു.

കോണ്‍ഗ്രസ്സിന്റെ സെക്രട്ടറിയായിരുന്നു കൃഷ്ണപിള്ള. തുടര്‍ന്ന് രൂപീകരിച്ച കോണ്‍ഗ്രസ് സോഷ്യലിസ്‌റ് പാര്‍ട്ടിയുടെ സെക്രട്ടറി ആയിരുന്നു ഇ.എം.എസ്. അബ്ദുറഹിമാന്‍ സാഹിബ് ആയിരുന്നു പ്രസിഡന്റ്. എ.കെ.ജിയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന നേതാവായിരുന്നു. ഇവരില്‍പ്പലരും എ.ഐ.സി.സി അംഗങ്ങള്‍ കൂടിയായിരുന്നു.

പിന്നീടാണ് കേരള സോഷ്യലിസ്‌റ് പാര്‍ട്ടി ഒന്നടങ്കം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി പിണറായിയിലെ പാറപ്പുറത്തുവെച്ച് രൂപാന്തരപ്പെടുന്നത്. ഇരുട്ടിനേരം വെളുക്കും മുന്‍പ് പാര്‍ട്ടിയെ ഒന്നടങ്കം മാറ്റുകയായിരുന്നു. കൃഷ്ണപിള്ളയ്ക്ക് കമ്യൂണിസത്തെക്കുറിച്ച് പറഞ്ഞുകൊടുത്ത എന്‍. സി. ശേഖറും ഒരു ഘട്ടത്തില്‍ പുറത്തുപോകുന്നുണ്ട്. കോണ്‍ഗ്രസോ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയോ, പാര്‍ട്ടി വിട്ടതിന്റെ പേരിലോ പുതിയ പാര്‍ട്ടി രൂപീകരിച്ചതിന്റെ പേരിലോ മേല്‍പ്പറഞ്ഞ ആരേയും കൊലചെയ്തില്ല.

കൃഷ്ണപിള്ള, ഇ.എം.എസ്. എ.കെ.ജി തുടങ്ങിയവര്‍ ഈ സമൂഹത്തിനു ഒരുപാട് സംഭാവനകള്‍ നല്‍കി സ്വാഭാവികമായ മരണത്തെ പുല്‍കി. മേല്‍പ്പറഞ്ഞ എല്ലാ പാര്‍ട്ടി നേതാക്കളും സ്ഥിരമായി ഒരു പാര്‍ട്ടിയിലോ ഒരു നിലപാടെടുത്തോ അല്ല മുന്നോട്ടു പോയത്. അങ്ങനെ മുന്നോട്ടു പോകാനും പറ്റില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം തന്നെ അതാണ്. പിരിഞ്ഞു പോയവരെ, അതിന്റെ പേരില്‍ കൊല്ലാന്‍ ആരും ശ്രമിച്ചിട്ടില്ല. കൊന്നിട്ടുമില്ല. അതും ഒരു ജനറല്‍ സെക്രട്ടറിയെ.

ഇവിടെയാണ് ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് പ്രാധാന്യം കൈവരുന്നത്. ചന്ദ്രശേഖരന്‍ കേരളത്തിലെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു.

രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം സി.പി.ഐ.എം ഉള്‍പ്പെടെയുള്ള ചില പാര്‍ട്ടികള്‍ ആചരിക്കുകയുണ്ടായി. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നൂറ് വര്‍ഷത്തെ ചരിത്രത്തില്‍ അനേകം ചരിത്രപ്രസിദ്ധമായ ഗൂഢാലോചനകള്‍ക്കും വിചാരണകള്‍ക്കും പാര്‍ട്ടി വിധേയമായിട്ടുണ്ടായിരുന്നു.

അത് പലപ്പോഴും നിലനില്‍ക്കുന്ന അധികാരിവര്‍ഗവുമായുള്ള സംഘട്ടനത്തിലായിരുന്നു. അത്തരം അനേകം ഗൂഢാലോചനാക്കേസുകള്‍കൂടി ഉള്‍പ്പെടുന്നതായിരുന്നു അതിന്റെ ഉജ്ജ്വലചരിത്രമത്രെയും. പാര്‍ട്ടി കേന്ദ്രകമ്മറ്റി പറഞ്ഞുപോലെ ചന്ദ്രശേഖരന്‍ വധം അടിയന്തിരാവസ്ഥയ്ക്ക് ശേഷം നേരിട്ട (സി.പി.ഐ.എം) ഏറ്റവും വലിയ പ്രതിസന്ധിയായി എന്നത് അത്രയും ശരിയാണ്.

നൂറ് വര്‍ഷത്തെ ചരിത്രത്തിലൊരിടത്തും അതിന്റെ കേന്ദ്രകമ്മറ്റികള്‍ക്കോ ഏതെങ്കിലും പ്രാദേശിക കമ്മറ്റികള്‍ക്കോ ഒരു കൊലപാതകത്തില്‍ അന്വേഷണ കമ്മീഷനെ വെക്കേണ്ടിവന്നിട്ടില്ല. എന്നാല്‍ ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മറ്റിക്ക് പേരിനാണെങ്കില്‍പ്പോലും തങ്ങളത് അന്വേഷിക്കുമെന്ന് ലോകത്തോട് വിളിച്ചുപറയേണ്ടിവന്നു.

ആശയപരമായ പോരട്ടങ്ങള്‍ക്ക് വേദിയായ കേന്ദ്രകമ്മറ്റി ചരിത്രത്തിലാദ്യമായി കേരളത്തിലെ രണ്ടു സഖാക്കള്‍ തമ്മിലുള്ള ചേരിപ്പോരിന് സാക്ഷിയാകേണ്ടിവന്നതും ഈ കൊലപാതകത്തെത്തുടര്‍ന്നായിരുന്നു.

പാര്‍ട്ടി വലതുവല്‍ക്കരിക്കപ്പെട്ടുവെന്നും അതിന്റെ ഭാഗായി ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളും അതില്‍ പിടിമുറുക്കിയിരിക്കുന്നുവെന്നും സഖാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞത് പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പൊരു ജൂണ്‍ മാസത്തിലെ സെക്രട്ടറിയറ്റിലായിരുന്നു. ഇന്ന് അതേ കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ പ്രചരണജാഥയും മുദ്രാവക്യം വിളികളുമായി ഡി.വൈ.എഫ്.ഐ നാടുചുറ്റുകയാണ്. ഈ ഗുണ്ടകളില്‍ പലരും ടി. പിയെ വധിക്കുന്നതില്‍ കൂടെനിന്നവരോ കൂട്ടുകാരോ ആണ്.

എല്ലാ രക്തസാക്ഷിത്വങ്ങളും ഒരുപോലെയല്ലെന്നുതന്നെയാണ് പറയാനുള്ളത്.

രക്തസാക്ഷിത്വത്തിന് ഒരു ദശകം തികയുമ്പോ ഇതൊക്കെ വീണ്ടും പറയേണ്ടതുണ്ട്. ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. മറവിക്കെതിരായ ഓര്‍മ്മകളുടെ കലാപമാണ് രാഷ്ട്രീയം. ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റായിരുന്നു. നിലപാടുകളിലും ജീവിതത്തിലും.

Content Highlight: Bibith Kozhikkalathil about TP Chandrasekharan

ബിബിത്ത് കോഴിക്കളത്തില്‍

We use cookies to give you the best possible experience. Learn more