| Monday, 21st February 2022, 7:58 pm

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ; ചൂഷണവിമുക്ത ലോകത്തിനൊരു വഴികാട്ടി

ബിബിത്ത് കോഴിക്കളത്തില്‍

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരണത്തിന്റെ നൂറ്റിയെഴുപത്തിനാല് വര്‍ഷങ്ങള്‍ തികയുന്ന ദിവസമാണ് ഇന്ന്. മനുഷ്യചരിത്രത്തേയും അതിന്റെ ചിന്താപദ്ധതികളേയും ചിന്താരീതികളേയും ഈ കൃതി കീഴ്‌മേല്‍മറിക്കുകയുണ്ടായി. ചുരുക്കത്തില്‍ മാനിഫെസ്റ്റോയ്ക്കുശേഷം ലോകം ഒരിക്കലും മുമ്പത്തേത് പോലെയായിരുന്നിട്ടില്ല.

കേവലമൊരു വായനാദിനമെന്നതിലുപരി മാനിഫെസ്റ്റോയിലെ ആശയങ്ങളെന്നത്, ഒരു പ്രവര്‍ത്തനപദ്ധതികൂടിയാണ്. അതല്ലാതുള്ള എല്ലാ ആഘോഷങ്ങളും വ്യര്‍ഥമാണെന്നു ആദ്യമേതന്നെ പറയേണ്ടതുണ്ട്.

‘മാനിഫെസ്റ്റോയിലെ ആശയങ്ങളുടെ അന്തിമ വിജയത്തിന് മാര്‍ക്‌സ് പൂര്‍ണ്ണമായും ആശ്രയിച്ചത് കൂട്ടായ പ്രവര്‍ത്തനത്തിന്റേയും ചര്‍ച്ചകളുടേയും ഫലമായി തൊഴിലാളിവര്‍ഗത്തിനു അവശ്യം കൈവന്നിരിക്കേണ്ട ബുദ്ധിപരമായ വികാസത്തെയാണ്,”

എംഗല്‍സ് മാനിഫെസ്റ്റോയുടെ പോളിഷ് പതിപ്പിനെഴുതിയ ആമുഖത്തില്‍ പറയുന്ന ഈ കാര്യം തൊഴിലാളിവര്‍ഗ വിമോചനത്തെ സംബന്ധിച്ചും ബോധപൂര്‍വമായ പ്രവര്‍ത്തനത്തെ സംബന്ധിച്ചും സുപ്രധാനമാണ്. കമ്യൂണിസ്റ്റുകളെ സംബന്ധിച്ചുള്ള മുഖ്യമായ കടമ ഈ ലോകത്തെ മാറ്റുകയെന്നതാണ്.

മാറുമ്പോള്‍ മാറിക്കോട്ടെയെന്നല്ല, ബോധപൂര്‍വം ഇടപെട്ട് മാറ്റം വരുത്തുകയെന്നതുതന്നെയാണ്. ‘തത്വചിന്തകര്‍ ലോകത്തെ പലതരത്തില്‍ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാല്‍ അതിനെ മാറ്റുകയെന്നതാണ് കാര്യം.” എന്നും ‘യഥാര്‍ഥത്തിലും പ്രായോഗിക ഭൗതികവാദിയെ, അതായത് കമ്യൂണിസ്റ്റുകാരനെ സംബന്ധിച്ചിടത്തോളവും നിലവിലുള്ള ലോകത്തെ വിപ്ലവകരമായി മാറ്റുകയെന്നതാണ് പ്രശ്‌നം,  നിലവിലുള്ള സ്ഥിതിഗതികളെ പ്രയോഗികമായി എതിര്‍ക്കുകയും അവയില്‍ മാറ്റം വരുത്തുകയും ചെയ്യുകയെന്നതാണ് പ്രശ്‌നം” എന്നും ഫൊയര്‍ബാഹിനെക്കുറിച്ചുള്ള തീസിസുകളില്‍ മാര്‍ക്‌സ് പറയാന്‍ ശ്രമിക്കുന്നത് ഇതാണ്.

നിലവിലുള്ള സ്ഥിതിഗതികളെ ആകെ മാറ്റിമറിക്കുന്ന പ്രക്രിയക്ക് ബോധംപൂര്‍വം ശ്രമിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍ എന്ന് മറ്റൊരവസരത്തിലും മാര്‍ക്‌സ് പറയുന്നുണ്ട്.

‘ദര്‍ശനം അതിന്റെ ഭൗതികമായ ഉപകരണത്തെ കണ്ടെത്തുന്നത് തൊഴിലാളിവര്‍ഗത്തിലാണ് എന്നതുപോലെതന്നെ തൊഴിലാളിവര്‍ഗം അതിന്റെ ബുദ്ധിപരമായ ഉപകരണത്തെ കണ്ടെത്തുന്നത് ദര്‍ശനത്തിലാണ്.’ കേവലം സ്വതന്ത്രമായ നിലനില്‍പല്ല അതിനുള്ളതെന്ന തരത്തിലുള്ള വിശദീകരണങ്ങള്‍ നിരവധി സ്ഥലങ്ങളില്‍ മാര്‍ക്‌സും എംഗല്‍സും മാത്രമല്ല ലെനിനും ആവര്‍ത്തിക്കുന്നുണ്ട്. പഠിക്കുക പഠിക്കുക പഠിക്കുക.
സിദ്ധാന്തവും പ്രയോഗവും ഇവിടെ പരസ്പര പൂരകമാണ്.

യഥാര്‍ഥത്തില്‍ എന്താണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ?

മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും നേതൃത്വത്തില്‍ 1847ല്‍ സ്ഥാപിച്ച ആദ്യത്തെ തൊഴിലാളിവര്‍ഗ സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് സംഘടനയായ കമ്യൂണിസ്റ്റ് ലീഗിന് വേണ്ടി (അന്നത് ഒരു രഹസ്യസംഘടനയായിരുന്നു) മാനിഫെസ്റ്റോ എഴുതി തയ്യാറാക്കുമ്പോള്‍ മാര്‍ക്‌സിന് മുപ്പതും എംഗല്‍സിന് 28ഉം വയസ്സായിരുന്നു പ്രായം.

മാനിഫെസ്റ്റോ ആദ്യമായി പുറത്തിറക്കിയത് ജര്‍മന്‍ ഭാഷയിലായിരുന്നു. 1850ല്‍ അതിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തുവന്നു. ‘ജീവശാസ്ത്രത്തില്‍ ഡാര്‍വിന്റെ സിദ്ധാന്തം ഏതൊരു പങ്കാണോ നിര്‍വ്വഹിച്ചിട്ടുള്ളത് ആ പങ്ക് ചരിത്രത്തെ സംബന്ധിച്ചിടത്തോളം നിറവേറ്റാന്‍ പരികല്പിതമാണ് ഈ പ്രമേയം എന്നാണ് എന്റെ അഭിപ്രായം.’ എന്ന് എംഗല്‍സ് ഇതിന്റെ ചരിത്രപ്രാധാന്യത്തെ അടയാളപ്പെടുത്തുന്നുണ്ട്.

പ്രസിദ്ധീകരണങ്ങളുടേയും ലേഖനങ്ങളുടേയും പുസ്തകങ്ങളുടേയും പേരില്‍ ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്ക് നിരന്തരം നാടുകടത്തപ്പെട്ടയാള്‍ കൂടിയായിരുന്നു കാറല്‍ മാര്‍ക്‌സ്. നിരന്തരമായ പലായനത്തിന്റെയും പ്രവാസത്തിന്റേയും മറ്റൊരു ഇതിഹാസമാണ് മാര്‍ക്‌സിന്റെ ജീവിതം തന്നെ. മാനിഫെസ്റ്റോയുടെ പല പതിപ്പുകളിലും മാര്‍ക്‌സിന്റെ പേരുവയ്ക്കാന്‍ തയാറായിരുന്നില്ല പ്രസാധകര്‍. പരിഭാഷകര്‍ പോലും സ്വന്തം പേരുകള്‍വെച്ചിരുന്നില്ല. എല്ലായിടത്തും ആ പുസ്തകം നിരോധിക്കപ്പെട്ടു.

പലരും കരുതുന്നതുപോലെ അത് കമ്യൂണിസത്തെക്കുറിച്ചു മാത്രമുള്ള പുസ്തകമേയല്ല. കുറച്ചുകൂടി കൃത്യമായിപ്പറഞ്ഞാല്‍ അത് മുതലാളിത്തത്തെക്കുറിച്ചുള്ള പ്രകീര്‍ത്തനമാണ്.

മുതലാളിത്തത്തെക്കുറിച്ച് ഇത്രയേറെ പ്രകീര്‍ത്തിച്ച വേറൊരു പുസ്തകമുണ്ടോയെന്നു സംശയമാണ്.

ഉത്പാദന ബന്ധങ്ങള്‍ സമൂഹത്തിന്റെ വികാസഗതിയ്ക്ക് തടസ്സമായതുകൊണ്ട് അതിനെ തട്ടിമാറ്റി പുതിയൊരു സമൂഹം ഉയര്‍ന്നുവരുന്നു. അത് ആ സമൂഹത്തിലെ നിയമങ്ങളും സംവിധാനങ്ങളും പുതിയൊരു സമൂഹത്തിന്റെയും ഉത്പാദന ബന്ധങ്ങള്‍ക്കും തടസ്സമാകുമ്പോള്‍ അതും തട്ടിമാറ്റപ്പെടുന്നു. ഫ്യൂഡല്‍ സമൂഹത്തെ തട്ടിമാറ്റി മുതലാളിത്തം ഉയര്‍ന്നുവന്നതു പോലെ അതിന്റെ ഗര്‍ഭപാത്രത്തിലെ തൊഴിലാളിവര്‍ഗം മുതലാളിത്ത വ്യവസ്ഥയെ തകര്‍ത്തു മുന്നോട്ടുപോകുന്നു. ഇതാണ് ഏതാണ്ട് എണ്‍പത് പേജുള്ള (മുപ്പത്തിയെട്ട് പുറം) മാനിഫെസ്റ്റോ പറയാന്‍ ശ്രമിക്കുന്നത്.

വിവിധ വര്‍ഗങ്ങള്‍ തമ്മില്‍ ഒളിഞ്ഞും ചിലപ്പോള്‍ തെളിഞ്ഞും ഉള്ള ഇടതടവില്ലാത്ത പോരാട്ടമാണ് സമൂഹത്തിന്റെയാകെ വിപ്ലവകരമായ പുനഃസംഘടനയിലോ മത്സരിക്കുന്ന വര്‍ഗങ്ങളുടെ പൊതുനാശത്തിലോ കലാശിക്കുന്നതു എന്ന് സൂചിപ്പിച്ചു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരംഭിക്കുന്നത് തന്നെ.

വളര്‍ന്നുകഴിഞ്ഞ ഉത്പാദനശക്തികളുമായി പൊരുത്തപ്പെടാത്ത ഫ്യൂഡല്‍ സ്വത്തുടമബന്ധങ്ങള്‍, നിലനില്‍ക്കുന്ന സമൂഹത്തിന്റെ വളര്‍ച്ചക്ക് ചങ്ങലക്കെട്ടുകളായി മാറിയപ്പോഴാണ് ബൂര്‍ഷ്വാസിക്ക് അത് ഭേദിക്കേണ്ടി വന്നത്. ബൂര്‍ഷ്വാസി ഇത് ചെയ്തത് സമാധാനപരമായല്ല.

ഫ്യൂഡലിസത്തിന്റെ സ്ഥാനത്തേക്കു സ്വതന്ത്രമത്സരത്തോടെ ബൂര്‍ഷ്വാസി കടന്നു വരികയും അവര്‍ക്കു അനുകൂലമായ ഒരു രാഷ്ട്രീയ സാമ്പത്തിക സംവിധാനം ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ഇതിനെയാണ് മാനിഫെസ്‌റോയില്‍ ‘ആധുനിക ജനാധിപത്യ സംവിധാനത്തിന്റെ രൂപത്തില്‍ അവര്‍ അധികാരം കൈക്കലാക്കി.’ എന്ന് വിശേഷിപ്പിച്ചത്.

തുടര്‍ന്ന് ഇങ്ങനെ വിശദീകരിക്കുന്നു:
‘ഫ്യൂഡലിസത്തെ വെട്ടിവീഴ്ത്താന്‍ ബൂര്‍ഷ്വാസി ഉപയോഗിച്ച അതേ ആയുധങ്ങള്‍ തന്നെ ഇന്ന് ബൂര്‍ഷ്വാസിയുടെ നേര്‍ക്ക് തിരിഞ്ഞിരിക്കുന്നു. എന്നാല്‍ സ്വന്തം മരണത്തെ വിളിച്ചുവരുത്താനുള്ള ആയുധങ്ങള്‍ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബൂര്‍ഷ്വാസി ചെയ്തിരിക്കുന്നത്; ഈ ആയുധങ്ങളെടുത്ത് പ്രയോഗിക്കാനുള്ള ആളുകളെക്കൂടി, ആധുനിക തൊഴിലാളി വര്‍ഗത്തെ അത് സൃഷ്ടിച്ചിട്ടുണ്ട്.’ അതാണ് തൊഴിലാളിവര്‍ഗം.

”ചരിത്രപരമായി നോക്കുമ്പോള്‍ ബൂര്‍ഷ്വാസി ഏറ്റവും വിപ്ലവകരമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ”മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കു എന്തെല്ലാം നേടാനാകുമെന്ന് ആദ്യമായി കാണിച്ചത് ബൂര്‍ഷ്വാസിയാണ്.

ഈജിപ്തുകാരുടെ പിരമിഡുകളേയും, റോമാക്കാരുടെ ജലസംഭരണ വിതരണപദ്ധതികളേയും ഗോത്തിക്ക് ദേവാലയങ്ങളേയും വളരെയേറെ അതിശയിക്കുന്ന മഹാത്ഭുതങ്ങള്‍ അതു സാധിച്ചിട്ടുണ്ട്. പണ്ടത്തെ കുരിശുയുദ്ധങ്ങളേയും ദേശീയജനതകളുടെ കൂട്ടപ്പലായനങ്ങളേയും നിഷ്പ്രഭമാക്കുന്ന സാഹസികസംരംഭങ്ങള്‍ അതു നടത്തിയിട്ടുണ്ട്.”

”എല്ലാ ഉത്പാദനോപകരണങ്ങളേയും അതിവേഗം മെച്ചപ്പെടുത്തിക്കൊണ്ടും ഗതാഗതമാര്‍ഗങ്ങള്‍ അങ്ങേയറ്റം സുഗമമാക്കിക്കൊണ്ടും, ബൂര്‍ഷ്വാസി എല്ലാ രാഷ്ട്രങ്ങളേയും, ഏറ്റവും അപരിഷ്‌കൃതങ്ങളായവയെപ്പോലും, നാഗരികതിലേയ്ക്കു കൊണ്ടുവരുന്നു.

എല്ലാ ചൈനീസ് മതിലുകളേയും ഇടിച്ചു നിരപ്പാക്കുന്നതിനും, വിദേശീയരോട് അപരിഷ്‌കൃതജനങ്ങള്‍ക്കുള്ള വിടാപ്പിടിയായ വെറുപ്പിനെ കീഴടങ്ങാന്‍ നിര്‍ബന്ധിക്കുന്നതിനും ബൂര്‍ഷ്വാസി പ്രയോഗിക്കുന്ന കനത്ത പീരങ്കി സ്വന്തം ചരക്കുകളുടെ കുറഞ്ഞ വിലയാണ്.

ബൂര്‍ഷ്വാ ഉത്പാദനരീതി സ്വീകരിക്കാന്‍ അത് എല്ലാ രാഷ്ട്രങ്ങളേയും നിര്‍ബന്ധിക്കുന്നു. അല്ലെങ്കില്‍ അവയ്ക്ക് സ്വയം നശിക്കുകയേ ഗതിയുള്ളു. നാഗരികതയെന്ന് അതു വിളിക്കുന്നതിനെ തങ്ങള്‍ക്കിടയിലും നടപ്പാക്കാന്‍. അഥവാ സ്വയം ബൂര്‍ഷ്വായാവാന്‍ എല്ലാ രാഷ്ട്രങ്ങളേയും ബൂര്‍ഷ്വാസി നിര്‍ബ്ബന്ധിക്കുന്നു. ഒറ്റ വാക്കില്‍ പറഞ്ഞാല്‍, അത് സ്വന്തം പ്രതിച്ഛായയിലുള്ള ഒരു ലോകം സൃഷ്ടിക്കുന്നു,”

എത്രമാത്രം കാവ്യാത്മകമായ ഭാഷയിലാണ് അതിനെ വിവരിക്കുന്നതെന്നു നോക്കൂ.

”ബൂര്‍ഷ്വാസി അതിന് പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാം തന്നെ, എല്ലാ ഫ്യൂഡല്‍, പിതൃതന്ത്രാത്മക, അകൃത്രിമഗ്രാമീണബന്ധങ്ങള്‍ക്കും അറുതിവരുത്തി. മനുഷ്യനെ അവന്റെ ‘സ്വാഭാവിക മേലാളന്മാരുമായി’ കൂട്ടിക്കെട്ടിയിരുന്ന നാടുവാഴിത്തച്ചരടുകളുടെ നൂലാമാലയെ അത് നിഷ്‌കരുണം കീറിപ്പറിച്ചു.

മനുഷ്യനും മനുഷ്യനും തമ്മില്‍, നഗ്‌നമായ സ്വര്‍ത്ഥമൊഴികെ, ഹൃദയശൂന്യമായ ‘രൊക്കം പൈസ’യൊഴികെ, മറ്റൊരു ബന്ധവും അതു ബാക്കിവെച്ചില്ല. മതത്തിന്റെ പേരിലുള്ള ആവേശത്തിന്റേയും നിസ്വാര്‍ത്ഥമായ വീരശൂരപരാക്രമങ്ങളുടേയും, ഫിലിസ്‌റ്റൈനുകളുടെ വികാരപരതയുടേയും ഏറ്റവും ദിവ്യമായ ആനന്ദനിര്‍വൃതികളെ അതു സ്വാര്‍ത്ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി.

വ്യക്തിയോഗ്യതയെ അതു വിനിമയമൂല്യമാക്കി മാറ്റി. അനുവദിച്ചുകിട്ടിയതും നേടിയെടുത്തതുമായ അസംഖ്യം സ്വാതന്ത്ര്യങ്ങളുടെ സ്ഥാനത്ത് അത്, മനസ്സാക്ഷിക്ക് നിരക്കാത്ത ഒരൊറ്റ സ്വാതന്ത്ര്യത്തെ / സ്വതന്ത്രവ്യാപാരത്തെ പ്രതിഷ്ഠിച്ചു.

ഒറ്റവാക്കില്‍ പറഞ്ഞാല്‍, മതപരവും രാഷ്ട്രീയവുമായ വ്യാമോഹങ്ങളുടെ മൂടുപടമിട്ട ചൂഷണത്തിനു പകരം നഗ്‌നവും നിര്‍ലജ്ജവും പ്രത്യക്ഷവും മൃഗീയവുമായ ചൂഷണം അതു നടപ്പാക്കി.

കഷ്ടിച്ച് ഒരു നൂറ്റാണ്ടുകാലത്തെ വാഴ്ചയ്ക്കിടയില്‍ ബൂര്‍ഷ്വാസി സൃഷ്ടിച്ചിട്ടുള്ള ഉത്പാദനശക്തികള്‍ കഴിഞ്ഞുപോയ എല്ലാ തലമുറകളും ചേര്‍ന്ന് സൃഷ്ടിച്ചിട്ടുള്ളതിനേക്കാള്‍ എത്രയോ വമ്പിച്ചതാണ്, ഭീമമാണ്.

പ്രകൃതിയുടെ ശക്തികളെ മനുഷ്യനു കീഴ്പ്പെടുത്തല്‍, യന്ത്രസാമഗ്രികള്‍, വ്യവസായത്തിലും കൃഷിയിലും രസതന്ത്രത്തിന്റെ ഉപയോഗം, ആവിക്കപ്പലും തീവണ്ടിയും കമ്പിത്തപാലും, ഭൂഖണ്ഡങ്ങളെയാകെ കൃഷിക്കുവേണ്ടി വെട്ടിത്തെളിക്കല്‍, നദികളെ ചാലു കീറി ഉപയോഗയോഗ്യമാക്കല്‍, ഇന്ദ്രജാല പ്രയോഗത്താലെന്നപോലെ വലിയ ജനസഞ്ചയങ്ങളെ മണ്ണിനടിയില്‍ നിന്ന് ഉണര്‍ത്തിക്കൊണ്ടുവരല്‍ സാമൂഹ്യാധ്വാനത്തിന്റെ മടിത്തട്ടില്‍ ഇത്തരം ഉത്പാദനശക്തികള്‍ ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് മുമ്പേതൊരു നൂറ്റാണ്ടിനാണ് ഒരു സംശയമെങ്കിലുമുണ്ടായിട്ടുള്ളത്?

വിസ്തരഭയത്താല്‍ നീട്ടുന്നില്ല. ഇത്തരത്തിലുള്ള വികാസം ഒരു ഘട്ടത്തില്‍ അതിന്റെതന്നെ പരിമിതികളില്‍ പ്രതിസന്ധികളില്‍പ്പെട്ട് തകരുകയും പുതിയതും ഇതിനേക്കാള്‍ മനോഹരവുമായൊരു വ്യവസ്ഥയ്ക്ക് വഴിമാറിക്കൊടുക്കേണ്ടിവരുമെന്ന് തന്നെയാണ് മാനിഫെസ്റ്റോ പറയുന്നത്.

മാനിഫെസ്റ്റോയിലെ ആശയങ്ങളുടെ വിപുലീകരണമാണ് ഒരുവിധത്തില്‍ പറഞ്ഞാല്‍ മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും ലെനിന്റെതുമുള്‍പ്പെടെയുള്ള എല്ലാ സൈദ്ധാന്തിക അന്വേഷണങ്ങളെന്നു പറയാം.

ശാസ്ത്രീയം എന്നു പൊതുവില്‍പറയുന്ന തരത്തിലുള്ള ശാസ്ത്രീയതയുള്ളതല്ല ഈ കൃതി. പലപ്പോഴും ഇത് തെറ്റായി അങ്ങനെ പറയപ്പെടുന്നുണ്ട്. കാരണം രാസവസ്തുക്കളെ പോലെയുള്ളവയല്ല ഇതിലെ അസംസ്‌കൃതവസ്തുക്കള്‍. അത്യന്തം സങ്കീര്‍ണമായ മനുഷ്യരാണ്.

അവരാകട്ടെ അവരവരുടെ തലത്തില്‍ വ്യത്യസ്തരുമാണ്. അവര്‍ക്ക് ചുറ്റും നടക്കുന്ന ഉത്പാദനവ്യവസ്ഥകള്‍ ആ വ്യവസ്ഥയുടെ സാമ്പത്തികമായ അടിത്തറയിലും ആ അടിത്തറയ്ക്ക് മുകളില്‍ പടുത്തുടര്‍ത്തപ്പെട്ട സംസ്‌കാരമടക്കമുള്ള കാര്യങ്ങള്‍ ഓരോരുത്തരിലും ചെലുത്തുന്ന സ്വാധീനം വ്യത്യസ്തമായിരിക്കും.

ഈ വ്യത്യസ്തതയിലേക്കാണ് മനുഷ്യര്‍ പിറന്നുവീഴുന്നത്. അല്ലാതെ അവരിഷ്ടപ്പെട്ട, അവര്‍ തെരഞ്ഞെടുത്ത സമൂഹത്തിലേക്കല്ല. സാമൂഹ്യബന്ധങ്ങളാണ് മനുഷ്യരുടെ ബോധത്തെ നിര്‍ണയിക്കുന്നതെന്ന അത്യന്തം സങ്കീര്‍ണമായ കണ്ടെത്തലാണ് മാര്‍ക്‌സ് നടത്തുന്നത്.

പ്രുദോന്റെ ആശയങ്ങളെ ഖണ്ഡിക്കുന്ന കൂട്ടത്തില്‍ മാര്‍ക്‌സ് പറയുന്നൊരു കാര്യമുണ്ട്, ”മനുഷ്യന് തനിക്കിഷ്ടപ്പെടുന്ന രീതിയിലുള്ള സമൂഹം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടോ? ഒരിക്കലുമില്ല.

ഉത്പാദനശേഷിയുടെ വികസനത്തിന്റെ ഒരു പ്രത്യേക അവസ്ഥ നിങ്ങള്‍ സങ്കല്പിക്കുകയാണെങ്കില്‍ അതിന് നിരക്കുന്ന രൂപത്തിലുള്ള വാണിജ്യവും ഉപഭോഗവും അതോടൊപ്പം നിലനില്‍ക്കുന്നതായി കാണാം.

ഉത്പാദനം, വാണിജ്യം, ഉപഭോഗം എന്നിവയുടെ കാര്യത്തില്‍ പ്രത്യേക ഘട്ടങ്ങള്‍ കണക്കിലെടുത്താല്‍, കുടുംബത്തിന്റെയോ സ്വത്തിന്റെയോ വര്‍ഗങ്ങളുടെയോ കാര്യമാകട്ടെ, ആ ഘട്ടങ്ങള്‍ക്ക് നിരക്കുന്ന വിധത്തിലുള്ള സാമൂഹ്യഘടന അഥവാ വ്യവസ്ഥ ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പൗരസമൂഹം നിലനില്‍ക്കുന്നതായി കാണാന്‍ കഴിയും.

തുടര്‍ന്നു പറയുന്നത് ”തുണിയോ ചണമോ ഒക്കെ ഉത്പാദിപ്പിക്കുന്നതുപോലെ മനുഷ്യന്‍ സാമൂഹ്യബന്ധങ്ങളും സൃഷ്ടിക്കുന്നുണ്ടെന്നതാണ് പ്രുദോന് മനസ്സിലാകാത്തത്. സാമൂഹ്യബന്ധങ്ങള്‍ ഉത്പാദനശക്തികളുമായി വളരെ അടുത്ത് ബന്ധം പുലര്‍ത്തുന്നു.

പുതിയ ഉത്പാദന ശക്തികള്‍ സ്വന്തമാക്കുന്നതോടെ മനുഷ്യന്‍ ഉത്പാദനരീതിയില്‍ മാറ്റം വരുത്തുന്നു; ഉത്പാദനരീതിയില്‍ മാറ്റം വരുന്നതോടെ, അഥവാ ഉപജീവന രീതിയില്‍ മാറ്റം വരുത്തുന്നതോടെ, എല്ലാ സാമൂഹ്യബന്ധങ്ങളിലും മാറ്റം വരുന്നു.

കൈത്തൊഴില്‍ശാലകള്‍ രാജവാഴ്ച പ്രദാനം ചെയ്തു. ആവി യന്ത്രശാലകളാകട്ടെ വ്യവസായ മുതലാളിമാരെ നല്‍കുന്നു. ഭൗതിക ഉത്പാദനം നടത്തുന്ന മനുഷ്യര്‍ ആ ഉത്പാദന രീതിക്ക് നിരക്കും പടിയുള്ള സാമൂഹ്യബന്ധങ്ങള്‍ സൃഷ്ടിക്കുന്നു.

അതോടൊപ്പംതന്നെ ആ സാമൂഹ്യബന്ധങ്ങള്‍ക്ക് നിരക്കുന്ന തത്വങ്ങള്‍ക്കും ആശയങ്ങള്‍ക്കും വര്‍ഗങ്ങള്‍ക്കുമൊക്കെ അവര്‍ ജന്മംനല്‍കുന്നു. ഈ ആശയങ്ങളും വര്‍ഗങ്ങളുമൊന്നും ഈ ബന്ധങ്ങളെ പോലെ തന്നെ ഒട്ടും ശാശ്വതമല്ല. അവയെല്ലാം ചരിത്രബന്ധിതവും മാറിക്കൊണ്ടിരിക്കുന്നതുമായ ഉല്പന്നങ്ങള്‍മാത്രം.”

ഇങ്ങനെയൊക്കെയാണ് സാമൂഹ്യബന്ധങ്ങള്‍ സംബന്ധിച്ച് മാര്‍ക്‌സിസം മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകള്‍.

ഇന്ത്യയും മാനിഫെസ്റ്റോയും

ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് മെന്‍സ് അസോസിയേഷന് വേണ്ടിയാണ് മാര്‍ക്‌സും എംഗല്‍സും കമ്യൂണിസ്റ്റ് മാനിഫെസ്‌ററോ തയാറാക്കുന്നത്. ലോകത്തെ നിരവധി രാജ്യങ്ങളിലെ തൊഴിലാളി നേതാക്കളുമായും സംഘടനകളുമായും അവര്‍ക്ക് നേരില്‍ ബന്ധമുണ്ടായിരുന്നു.

ഓരോ രാജ്യത്തേയും സംഭവവികാസങ്ങള്‍ അവര്‍ എത്രമാത്രം സൂക്ഷ്മതയോടെയാണ് വിലയിരുത്തിയതെന്ന് ഇന്ത്യയെക്കുറിച്ചുള്ള മാര്‍ക്്‌സിന്റേയും എംഗല്‍സിന്റേയും നിരീക്ഷണങ്ങള്‍ വായിച്ചാല്‍ മതി.

കലാപകാലത്തും ബ്രിട്ടീഷ് കാലത്തും അത്തരം റിപ്പോര്‍ട്ടുകള്‍ ഇന്ത്യയിലിരുന്ന് തയാറാക്കിയതുപോലെയാണ് നമുക്ക് അത് വായിച്ചാല്‍ അനുഭവപ്പെടുക.

മാര്‍ക്‌സിന്റേയും എംഗല്‍സിന്റേയും കാലത്തും സോവിയറ്റ് യൂണിയന്റെ സ്ഥാപനത്തിനുശേഷം ഒന്നുകൂടി സജീവമായും അത് ലോക തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് ഊര്‍ജ്ജം നല്‍കി. ഇന്റര്‍നാഷണലിന്റെ സ്വാധീനഫലമായിത്തന്നെയാണ് ഇന്ത്യയിലും കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നത്.

1864ല്‍ കാറല്‍ മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും നേതൃത്വത്തില്‍ സ്ഥാപിച്ച ഒന്നാം ഇന്റര്‍നാഷണലിന്, രൂപീകരിച്ച് കൃത്യം ഏഴുവര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയില്‍നിന്നും ഒരു കത്ത് ലഭിക്കുകയുണ്ടായി. ഇന്ത്യയില്‍ ഇന്റര്‍നാഷണലിന്റെ ഒരു ശാഖ ആരംഭിക്കണമെന്നതായിരുന്നു കത്തിലെ ആവശ്യം.

ആരാണ് എഴുതിയതെന്ന് വ്യക്തമല്ലാത്ത ആ കത്ത് കൊല്‍ക്കത്തയില്‍നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചരിത്രപ്രസിദ്ധമായ പാരീസ് കമ്യൂണിന്റെ കാലത്താണ് ഈ കത്ത് ലഭിക്കുന്നത് എന്നതും യാദൃശ്ചികമല്ല.

ലോകത്ത് ആദ്യമായി തൊഴിലാളിവര്‍ഗ സര്‍വാധിപത്യം സ്ഥാപിക്കപ്പെട്ടത് അന്നായിരുന്നു. അത് അറിയാമായിരുന്ന ആരോ ആയിരിക്കണം ഇത്തരത്തിലൊരു കത്തെഴുതിയതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

1871 ആഗസ്ത് 15ന് കാറല്‍ മാര്‍ക്‌സിന്റേയും എംഗല്‍സിന്റേയും സാന്നിധ്യത്തില്‍ ജനറല്‍ കൗണ്‍സില്‍ ഈ കത്ത് ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതു സംബന്ധിച്ച് ബ്രിട്ടീഷ് സോഷ്യലിസ്റ്റ് ജേര്‍ണല്‍ ആയ ‘ഈസ്റ്റേണ്‍ പോസ്റ്റ്’ 1871 ആഗസ്ത് 19ന് ഇപ്രകാരം റിപ്പോര്‍ട്ടു ചെയ്തു.

”ഇന്ത്യയില്‍ ശാഖ സ്ഥാപിക്കുന്നതിന് അപേക്ഷിച്ചുകൊണ്ടുള്ള ഒരു കത്ത് കൊല്‍ക്കത്തയില്‍ നിന്ന് അയച്ചുകിട്ടിയിട്ടുണ്ട്. കത്തെഴുതിയ ആള്‍ പറയുന്നു, ജനങ്ങള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിയാണ്, ബ്രിട്ടീഷ് ഗവണ്‍മെന്റിനെ ജനങ്ങള്‍ പൂര്‍ണമായി വെറുക്കുന്നു.

നികുതികള്‍ അമിതമാണ് ചെലവേറിയ ഉദ്യോഗസ്ഥവൃന്ദത്തെ നിലനിര്‍ത്താന്‍ നികുതിവരുമാനം പൂര്‍ണ്ണമായി വിഴുങ്ങുകയാണ്. മറ്റിടങ്ങളിലെന്നപോലെ ഭരണാധികാരി വര്‍ഗത്തന്റെ ദുഷ്‌ച്ചെലവുകള്‍ തൊഴിലാളികളുടെ പരമദയനീയാവസ്ഥതയുടെ നേര്‍വിപരീതമായിവര്‍ത്തിക്കുന്നു.

സത്യത്തില്‍ ഇങ്ങനെ ദുര്‍വ്യയം ചെയ്യാനുള്ള സമ്പത്ത് സൃഷ്ടിക്കുന്നത് തൊഴിലാളികളാണ്. ഇന്റര്‍നാഷണലിന്റെ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ശാഖ സ്ഥാപിച്ചാല്‍ ബഹുജനങ്ങളെ അതിന്റെ കീഴില്‍ സംഘടിപ്പിക്കാന്‍ കഴിയും.”

1871 സെപ്തംബര്‍ രണ്ടിന് ജേര്‍ണല്‍ ഇതുകൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. ”ആ രാജ്യത്ത് (ഇന്ത്യ) ഇന്റര്‍നാഷണല്‍ സ്ഥാപിക്കുന്നത് ഒരു പുതുയുഗത്തിന് നാന്ദി കുറിക്കുമെന്ന് യോഗത്തില്‍ അഭിപ്രായമുണ്ടായി. അതിന്റെ ഫലമായി ഇന്ത്യയില്‍ ഉണ്ടാവുന്ന വിപ്ലവം മുമ്പുണ്ടായ എല്ലാ വിപ്ലവങ്ങളേയും അധികരിക്കും.

ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ ലക്ഷ്യങ്ങളോടും അഭിലാഷങ്ങളോടും ഇന്റര്‍നാഷണല്‍ യോജിക്കുന്നു.”

1848ല്‍ പുറത്തിറങ്ങിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ വ്യാപനവും വളരുന്ന തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന് കരുത്ത് പകരുകയുണ്ടായി. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ഇന്ത്യന്‍ പത്രങ്ങളും നല്‍കിയിരുന്നു.

ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ  ഉപദേശമനുസരിച്ച് ദ്വാരകാനാഥ് വിദ്യാഭൂഷണ്‍ എഡിറ്റ് ചെയ്ത ‘സോം പ്രകാശ്’ എന്ന ജേര്‍ണല്‍ ഇപ്രകാരം എഴുതുകയുണ്ടായി. ”കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം വര്‍ധിക്കുകയാണ്, ലോകത്തെന്പാടുമുള്ള അടിച്ചമര്‍ത്തപ്പെട്ടവരുടെ മനസ്സിനെ അത് സ്വാധീനിക്കുന്നുവെന്നതാണ് അതിനുള്ള അടിസ്ഥാന കാരണം.

അതിന്റെ ആവശ്യങ്ങള്‍ അതിവിപ്ലവപരമാണ്. നമുക്കത് സ്വീകാര്യമല്ല. ഉദാഹരണമായി വിപ്ലവത്തിലൂടെ സാമൂഹിക പരിവര്‍ത്തനം വരുത്തണമെന്ന ആവശ്യത്തോട് നമുക്ക് യോജിക്കാനാവില്ല” എന്നു വ്യക്തമാക്കിയ ജേര്‍ണല്‍ അതിമഹത്തായ തത്വങ്ങള്‍ക്കുവേണ്ടിയാണ് നിലക്കൊള്ളുന്നതെന്ന കാര്യത്തില്‍ സന്തോഷം രേഖപ്പെടുത്തുകയും സാര്‍വദേശീയത, സ്വകാര്യസ്വത്തിന്റെ നിര്‍മ്മാര്‍ജ്ജനം എന്നീ തത്വങ്ങളോട് യോജിക്കുകയും ചെയ്‌തെന്നു മാത്രമല്ല തേയില നീലം തോട്ടങ്ങളില്‍ നടക്കുന്ന ചൂഷണവും അടിച്ചമര്‍ത്തലും തുറന്നുകാട്ടുകയും എട്ടുമണിക്കൂര്‍ ജോലിയെന്ന ആവശ്യത്തെ പിന്തുണക്കുകയും ചെയ്തു.

‘ആകാശത്തിലെ ജ്യോതിര്‍ഗോളങ്ങളുടേതെന്നു തോന്നിക്കുന്ന ചനലനങ്ങള്‍, അവയുടെ ഇന്ദ്രിയ ഗോചരമല്ലാത്ത യഥാര്‍ത്ഥ ചലനങ്ങള്‍ അറിയാവുന്ന ആളിനു മാത്രമേ മനസ്സിലാവുകയുള്ളൂ.

അതുപോലെ മൂലധനത്തിന്റെ ആന്തരസ്വഭാവത്തെപ്പറ്റി ധാരണയില്ലെങ്കില്‍, കമ്പോള മത്സരത്തിന്റെ ശാസ്ത്രീയാപഗ്രഥനവും സാധ്യമല്ല.” എന്നും ”നിലവിലുള്ള സാമൂഹ്യവ്യവസ്ഥയെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരാള്‍ക്ക് ആ വ്യവസ്ഥയെ മറിച്ചിടാന്‍ നോക്കുന്നപ്രസ്ഥാനത്തേയും ഈ വിപ്ലവപ്രസ്ഥാനത്തിന്റെ സാഹിത്യകൃതികളേയും അത്രപോലും മനസ്സിലാക്കാന്‍ കഴിയില്ല” എന്നും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് സമൂഹത്തെക്കുറിച്ചും അതിന്റെ ചലനനിയമങ്ങളെക്കുറിച്ചും തൊഴിലാളിവര്‍ഗം നിരന്തരം പഠിക്കണമെന്ന മുന്നറിയിപ്പുതന്നെയാണ്.

മാനിഫെസ്റ്റോ തയാറാക്കിയത് ഏംഗല്‍സുമൊത്താണ്. എന്നാല്‍ മാര്‍ക്‌സിസം സംബന്ധിച്ച മൗലികമായ ആശയങ്ങള്‍ മാര്‍ക്‌സിന്റേത് മാത്രമാണെന്ന തുറന്നുപറച്ചില്‍ മാനിഫെസ്റ്റോയില്‍ തന്നെ നല്‍കുന്നുണ്ട് എംഗല്‍സ്.

‘പ്രാചീനമായ പൊതു ഉടമസ്ഥതയുടെ നാശത്തിനു ശേഷമുള്ള ചരിത്രമാകെ സാമൂഹ്യ വികാസത്തിന്റെ വിവിധ ദശകളില്‍ നടന്നിട്ടുള്ള വര്‍ഗസമരങ്ങളുടെ ചരിത്രമാണ്.

ചൂഷകരും ചൂഷിതരും മേലാളരും കീഴാളരുമായവര്‍ഗങ്ങള്‍ തമ്മില്‍ നടന്നിട്ടുള്ള സമരങ്ങളുടെ ചരിത്രമാണ്. എന്നാല്‍ ചൂഷിതരും മര്‍ദ്ദിതരുമായ വര്‍ഗത്തിന് (തൊഴിലാളിവര്‍ഗത്തിന്) ചൂഷണത്തില്‍ നിന്നും മര്‍ദ്ദനത്തില്‍ നിന്നും വര്‍ഗ സമരത്തില്‍ നിന്നും സമൂഹത്തെയാകെ എന്നെന്നേക്കുമായി മോചിപ്പിക്കാതെ ചൂഷകരില്‍ നിന്നും മോചനം നേടാന്‍ കഴിയില്ല എന്നൊരു ഘട്ടത്തില്‍ ഇന്ന് ആ വര്‍ഗസമരം എത്തിച്ചേര്‍ന്നിരിക്കുന്നു.

മാനിഫെസ്റ്റോയില്‍ലുടനീളം പ്രസരിച്ചിട്ടുള്ള ഈ മൗലിക ചിന്താഗതി മാര്‍ക്‌സിന്റെതു മാത്രമാണ് മറ്റാരുടെയുമല്ല.

‘ഞാന്‍ ഇത് പലതവണ പറഞ്ഞിട്ടുള്ളതാണ് എങ്കിലും അതിന് ഇവിടെ മുഖവുരയില്‍ തന്നെ സ്ഥാനം ഉണ്ടാകണമെന്ന് ഇന്ന് ഒരു ആവശ്യമാണ്.’

മാര്‍ക്‌സിന്റെ മരണശേഷമിറങ്ങിയ 1883ലെ ജര്‍മ്മന്‍ പതിപ്പിനുള്ള മുഖവുരയില്‍, യുക്തിയുടെ തീപ്പന്തമെന്നു വിശേഷിപ്പിക്കപ്പെട്ട പ്രതിഭയായിരുന്ന എംഗല്‍സ്, അസാമാന്യപ്രതിഭാശാലിയായ തന്റെ പ്രിയപ്പെട്ട മൂറിനെ (മാര്‍ക്‌സിനെ ഏറ്റവുമടുപ്പമുള്ളവര്‍ വിളിക്കുന്നത് അങ്ങനെയാണ്.) ആദരിക്കുന്നത് ഇങ്ങനെയാണ്.

”ഞാന്‍ വിതച്ചത് വ്യാളികളെയാണ് പക്ഷേ കൊയ്തത് ചെള്ളുകളെയാണെ”ന്ന ഹെയ്‌നെയുടെ വാക്കുകള്‍ ഉദ്ധരിക്കുന്നുണ്ട് മാര്‍ക്‌സ്. മാനിഫെസ്റ്റോയുടെ വായന വെറും വായനമാത്രമാകുമ്പോ ഈ ലോകം ചെള്ളുകളെക്കൊണ്ട് നിറയുകതന്നെ ചെയ്യും.

അന്യവല്‍ക്കരിക്കപ്പെട്ട മനുഷ്യരെക്കുറിച്ചാണ് മാര്‍ക്‌സ് ആത്യന്തികമായി ആലോചിച്ചത്. ചരിത്രത്തിലുടനീളമുള്ള മനുഷ്യരെ മനുഷ്യരാകാന്‍ സമ്മതിക്കാത്തതെന്തോ ഉണ്ടെന്ന തിരിച്ചറിവാണ് മാര്‍ക്‌സിനെ മാര്‍ക്‌സിസത്തിലേക്ക് നയിക്കുന്നത്.

ആധുനിക കാലഘട്ടത്തില്‍ അത് ഉത്പാദന ബന്ധങ്ങളും അതു സൃഷ്ടിക്കുന്ന അനേകം കെട്ടുപാടുകളുമാണ്. രണ്ടുമണിക്കൂര്‍ മാത്രം അധ്വാനിച്ച് താന്താങ്ങളുടെ ഇഷ്ടമുള്ള മേഖലകളില്‍ വിഹരിക്കാനുള്ള അവസരം തേടിയുള്ള അന്വേഷണമാണത്.

ആ അന്വേഷണങ്ങള്‍ക്കു നടുവില്‍ നങ്കൂരമിട്ട കപ്പലാണ് മാര്‍ക്‌സിന്റെ മസ്തിഷ്‌ക്കം. ആ അന്വേഷണത്തിനിടയില്‍ അദ്ദേഹം വിശകലനവിധേയമാക്കാത്ത വൈജ്ഞാനിക ശാഖകളില്ല. മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടിയാണാ തലച്ചോറു പ്രവര്‍ത്തിച്ചത്.

തന്റെ പ്രവര്‍ത്തനവും ചിന്തയും മുതലാളിത്തത്തിന് പണയംവെക്കാന്‍ ആ മഹാ മനീഷി തയാറായില്ല. ബുദ്ധിപരമായി വികാസം പ്രാപിച്ച തൊഴിലാളിവര്‍ഗത്തെയാണയാള്‍ സ്വപ്നംകണ്ടത്. മൂലധനം ഏറ്റവുമധികം വായിക്കപ്പെടുകയും വില്‍ക്കപ്പെടുകയും ചെയ്ത റഷ്യയിലാണ് ആദ്യത്തെ വിപ്ലവം നടന്നതെന്നത് ആകസ്മികമല്ല. ചരിത്രത്തിന്റെ ആക്‌സ്മികതയില്‍ അല്ലെങ്കിലും ആ മനുഷ്യന്‍ വിശ്വസിച്ചിരുന്നില്ല.

മനുഷ്യവംശത്തിന്റെ യാതനകള്‍ കണ്ടില്ലെന്നു നടിച്ചിരുന്നുവെങ്കില്‍ താന്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലോ മറ്റോ ഒരു പ്രൊഫസര്‍ ആകുമായിരുന്നു എന്ന് മാര്‍ക്‌സ് ഒരിക്കല്‍ പറയുന്നുണ്ട്. എന്ത് യാതനകള്‍ സഹിച്ചാലും പണമുണ്ടാക്കുന്ന യന്ത്രമാക്കി തന്നെ മാറ്റാന്‍ ഈ വ്യവസ്ഥയെ താന്‍ അനുവദിക്കില്ലെന്നും പറയുന്നുണ്ട്.

‘സ്വാഭിപ്രായങ്ങളേയും ലക്ഷ്യങ്ങളേയും മൂടിവയ്ക്കുന്നതിനെ കമ്മ്യൂണിസ്റ്റുകാര്‍ വെറുക്കുന്നു. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയെയാകെ ബലം പ്രയോഗിച്ച് മറിച്ചിട്ടാല്‍ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനാവൂ എന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.

കമ്യൂണിസ്റ്റ് വിപ്ലവത്തെ ഓര്‍ത്ത് ഭരണാധികാരിവര്‍ഗങ്ങള്‍ കിടിലം കൊള്ളട്ടെ.

തൊഴിലാളികള്‍ക്ക് സ്വന്തം ചങ്ങലക്കെടുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടുവാനില്ല. അവര്‍ക്കു നേടുവാനോ ഒരു ലോകമുണ്ടുതാനും.
സര്‍വ്വരാജ്യതൊഴിലാളികളേ, ഏകോപിക്കുവിന്‍!

എന്നുപറഞ്ഞാണ് മാനിഫെസ്റ്റോ അവസാനിക്കുന്നത്.

ബിബിത്ത് കോഴിക്കളത്തില്‍

We use cookies to give you the best possible experience. Learn more