| Saturday, 17th August 2024, 5:34 pm

അദ്ദേഹത്തിന്റെ റീ എന്‍ട്രിയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍: ബിബിന്‍ ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഷ്ണു ഉണ്ണിക്കൃഷ്ണന്റെയും ബിബിന്‍ ജോര്‍ജിന്റെയും തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്ത് 2016ല്‍ റിലീസിനെത്തിയ ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍, പ്രയാഗാ മാര്‍ട്ടിന്‍, ലിജോമോള്‍ ജോസ്, സലിം കുമാര്‍, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മലയാള സിനിമയിലെ മികച്ച അഭിനേതാക്കളില്‍ മുന്‍നിരയിലുള്ള ആളാണ് സലിം കുമാര്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട്ടിലെ നായകകഥാപാത്രവും ആദാമിന്റെ മകന്‍ അബുവിലെ പ്രകടനവുമെല്ലാം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സലിം കുമാറിന്റെ തിരിച്ചുവരവ് ചിത്രം ആണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍.

കട്ടപ്പനയിലെ ഋത്വിക് റോഷനിലെ ചന്ദ്രന്‍ എന്ന കഥാപാത്രം സലിം കുമാറിനെ മാത്രം കണ്ടുകൊണ്ട് എഴുതിയതാണെന്ന് പറയുകയാണ് തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്. സലിം കുമാറിന്റെ പല രംഗങ്ങളും തിയേറ്ററില്‍ വന്‍ കയ്യടികള്‍ നേടിയെന്നും ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ ബിബിന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

‘സലിം കുമാറിന്റെ റീ എന്‍ട്രി ആയിരുന്നു കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ഇടക്ക് അദ്ദേഹത്തിന് ചെറിയ ചില അസുഖങ്ങളെല്ലാം വന്നിരുന്നു. അതെല്ലാം മാറി പൂര്‍വാധികം ഉര്‍ജ്ജസ്വലനായി, ആരോഗ്യവാനായി അദ്ദേഹം ചെയ്ത സിനിമ കൂടിയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍.

ആ സിനിമയിലെ ചന്ദ്രന്‍ എന്ന കഥാപാത്രം സലീമേട്ടനെ മാത്രം ഉദ്ദേശിച്ച് എഴുതിയതാണ്. അദ്ദേഹമല്ലാതെ വേറൊരു ഓപ്ഷന്‍ ആ കഥാപാത്രത്തിനില്ലായിരുന്നു. ചിത്രത്തിലെ സലീമേട്ടന്റെ പല രംഗങ്ങള്‍ക്കും തിയേറ്ററില്‍ വന്‍ കയ്യടിയായിരുന്നു.

ചില സീനുകളൊക്കെ ഞങ്ങള്‍ എഴുതിയതിനേക്കാള്‍ മുകളിലുള്ള പെര്‍ഫോമന്‍സ് ആയിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. സ്വാതന്ത്ര്യദിനമൊക്കെ ആയാല്‍ എല്ലാവരും സ്റ്റാറ്റസ് ഇടുന്ന ഭാരത് മാതാ കീ ജയ് എന്ന സീനൊക്കെ അത്രെയും ഹിറ്റ് ആയത് അദ്ദേഹത്തിന്റെ കോണ്‍ട്രിബ്യുഷന്‍ കൂടെ ഉള്ളത് കൊണ്ടാണ്,’ ബിബിന്‍ ജോര്‍ജ് പറയുന്നു.

Content Highlight: Bibin George talks about Salim Kumar’s  character in Kattappanayile Rithwik Roshan 

We use cookies to give you the best possible experience. Learn more