ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നെഴുതി ബി. സി നൗഫല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രത്തില്‍ സംയുക്ത മേനോന്‍, നിഖില വിമല്‍ തുടങ്ങിയവരാണ് നായികമാരായി എത്തിയത്.
ഒരു യമണ്ടന്‍ പ്രേമകഥ തന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ചെയ്ത സിനിമയാണെന്ന് പറയുകയാണ് ബിബിന്‍ ജോര്‍ജ്. ഒരിക്കല്‍ സുധീര്‍ പറവൂരിന്റെ വീട്ടില്‍ പോയപ്പോള്‍ അദ്ദേഹം അവിടെ ഇല്ലായിരുന്നെന്നും ഒരു ശവസംസ്‌കാരത്തിന് പോയിരിക്കുകയായിരുന്നെന്നും ബിബിന്‍ പറയുന്നു. തിരിച്ച് വന്ന അദ്ദേഹത്തിന്റെ കയ്യില്‍ മരിച്ച വീട്ടില്‍ നിന്ന് കൊടുത്ത ചെറിയൊരു കാര്‍ഡ് ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഡിലുള്ള മരിച്ച് പോയ പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ട് തനിക്ക് അവരെ ഇഷ്ടപെട്ടെന്നും അതില്‍ നിന്നാണ് പിന്നീട് യമണ്ടന്‍ പ്രേമ കഥ എന്ന സിനിമ വിഷ്ണു ഉണ്ണിക്കൃഷ്ണനുമായി ഇരുന്ന് ആലോചിച്ച് എഴുതിയതെന്നും ബിബിന്‍ പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘യമണ്ടന്‍ പ്രേമകഥ എന്ന ചിത്രം എന്റെ ജീവിതത്തില്‍ നടന്ന കഥയാണ്. ഞാന്‍ സുധീര്‍ പറവൂര്‍ ചേട്ടന്റെ വീട്ടില്‍ ഒരു ദിവസം പോയപ്പോള്‍ അദ്ദേഹം അവിടെ ഇല്ല. അദ്ദേഹം ആരുടെയോ മരണത്തിന് പോയിരിക്കുകയായിരുന്നു. പോയിട്ട് തിരിച്ചു വരുമ്പോള്‍ സുധീര്‍ ചേട്ടന്റെ കയ്യില്‍ മരിച്ച വീട്ടില്‍ നിന്ന് കൊടുത്ത ചെറിയൊരു കാര്‍ഡ് ഉണ്ടായിരുന്നു.
ഞാന്‍ അത് വാങ്ങി നോക്കിയപ്പോള്‍ ഒരു പെണ്‍കുട്ടിയായിരുന്നു. എനിക്ക് കണ്ടപ്പോള്‍ വളരെ ഇഷ്ടം തോന്നിപോയി ആ പെണ്‍കുട്ടിയോട്. പക്ഷെ എന്ത് ചെയ്യാന്‍ മരിച്ച് പോയൊരാളാണ്. കണ്ട് ഇഷ്ടപ്പെട്ടിട്ട് എന്ത് കാര്യം. അന്ന് രാത്രി ഞാന്‍ ഇങ്ങനെ ഇരുന്ന് ആലോചിച്ചു, ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ, ആള് മരിച്ച് പോയില്ലേ. കുറെ കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള കാര്യമാണ് ഞാന്‍ ഈ പറയുന്നത്.
ഈ സംഭവം നടന്ന് കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു. ആ ഒരു പ്ലോട്ട് എന്റെ മനസ്സില്‍ കിടന്നതായിരുന്നു. അതില്‍ നിന്നാണ് കറങ്ങി തിരിഞ്ഞ് ഞാന്‍ വിഷ്ണുവിനോടും സംസാരിച്ച് ഇത്രയും വലിയ കഥയാക്കി മാറ്റുന്നത്. അങ്ങനെയാണ് ഒരു യമണ്ടന്‍ പ്രേമകഥ സംഭവിക്കുന്നത്,’ ബിബിന്‍ ജോര്‍ജ് പറയുന്നു.
Content highlight: Bibin George Talks about Oru Yamandan Premakadha Movie