| Wednesday, 9th October 2024, 8:06 am

സോഷ്യല്‍ മീഡിയ റീലുകളാണ് കോമഡി സ്‌ക്രിപ്റ്റെഴുതുന്നവര്‍ നേരിടുന്ന വലിയ പ്രശ്‌നം: ബിബിന്‍ ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പണ്ട് സിനിമയില്‍ സോപ്പുപെട്ടി കഥകള്‍ പോലുള്ളവ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇന്ന് അത് നടക്കില്ലെന്നും ബിബിന്‍ ജോര്‍ജ് പറയുന്നു. തമാശ എഴുതുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സോഷ്യല്‍ മീഡിയയിലൂടെ വരുന്ന റീലുകളാണെന്ന് ബിബിന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഒരു സിനിമ ചെയ്യാന്‍ കുറഞ്ഞത് ഒരു കൊല്ലമെങ്കിലും വേണ്ടിവരുമെന്നും അതിനിടയില്‍ സിനിമയിലെ സ്‌ക്രിപ്റ്റിലുള്ള പല കോമഡികളും റീലുകളായി വരുമെന്നും അദ്ദേഹം പറഞ്ഞു.

അതിന് ശേഷം ആ സിനിമയിറങ്ങിയാല്‍ കോപ്പിയടിച്ചതാണെന്ന് പറയുമെന്നും കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ ഇതുപോലെ ഒരു സീന്‍ വാട്ട്‌സ്ആപ്പ് കോമഡി ആണെന്ന് പലരും പറഞ്ഞെന്നും ബിബിന്‍ പറയുന്നു. ഒരു പരിപാടിക്കിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സോപ്പ്‌പെട്ടി കഥ എന്ന് പറയുന്ന ഒരു സെക്ഷന്‍ പണ്ട് സിനിമയില്‍ ഉണ്ടായിരുന്നു. അതായത് ഒരു ഉത്സവത്തിന് മൂന്നു മക്കളും അച്ഛനും അമ്മയും വരുന്നു. പിന്നീട് ഇവര്‍ വേര്‍പിരിയുന്നു. വേറെ സ്ഥലങ്ങളില്‍ വളരുന്നതിന് ശേഷം പിന്നീട് കാലങ്ങള്‍ കഴിഞ്ഞ് അവര്‍ അച്ഛാ അമ്മെ എന്നൊക്കെ വിളിച്ച് വീണ്ടും കൂടിച്ചേരുന്നു.

പക്ഷെ ഇന്നത്തെകാലത്ത് മൊബൈല്‍ ഫോണ്‍ ഉള്ളതുകൊണ്ട് ആ കഥ നടക്കുമോ, ഇല്ല. മൂന്നു പേരും മൂന്ന് സൈഡില്‍ നിന്ന് ഞാന്‍ ഇവിടെയുണ്ടെന്ന് പറഞ്ഞാല്‍ തീരാവുന്നതല്ലേ ഉള്ളു. ഈ ഒരു മാറ്റം എല്ലാ കാലഘട്ടത്തിലും ഉണ്ട്. പ്രത്യേകിച്ച് ഞാനും വിഷ്ണുവുമെല്ലാം ഞങ്ങള്‍ സംവിധാനം ചെയ്ത സിനിമ ഒഴിച്ചാല്‍ ബാക്കി എഴുതിയ സിനിമകളെല്ലാം തമാശക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിനിമകളായിരുന്നു.

തമാശ എഴുതുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണെന്ന് വെച്ച് കഴിഞ്ഞാല്‍ ഈ പറയുന്ന സോഷ്യല്‍ മീഡിയയിലൂടെ വരുന്ന റീലുകളാണ്. ഒരു സ്‌ക്രിപ്റ്റ് എഴുതി ആര്‍ട്ടിസ്റ്റിന്റെയെല്ലാം പുറകെ നടന്ന് സിനിമയാക്കാന്‍ ഒരു കൊല്ലത്തോളം സമയമെടുക്കും. അതിനിടയില്‍ ഈ പറയുന്ന കണ്ടെന്റുകളില്‍ പലതും റീല്‍സ് ആയിട്ട് വരും. അതിന് ശേഷമാണ് ആ സിനിമയിറങ്ങുന്നതെങ്കില്‍ അവര്‍ റീല്‍സില്‍ നിന്ന് അടിച്ച് മാറ്റിയാതാണെന്ന് പറയും.

എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് വാട്ട്‌സ്ആപ്പ് ഒന്നും ഇല്ലാതിരുന്ന സമയത്താണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍ വരുന്നത്. സിനിമ ഇറങ്ങിയ സമയത്ത് എല്ലാവര്‍ക്കും അത് ഉണ്ടായി. പക്ഷെ പ്രീ പ്രൊഡക്ഷന്‍ സ്റ്റേജിലൊന്നും അതില്ലായിരുന്നു. അതിലെ ഒരു ഡയലോഗ് പിന്നീട് വാട്ട്‌സ്ആപ്പ് കോമഡിയാണെന്ന് ആളുകള്‍ പറയുകയുണ്ടായി. ആ ഒരു അവസ്ഥയാണിപ്പോള്‍. ഞങ്ങള്‍ നേരിടുന്നൊരു വലിയ പ്രശ്‌നം,’ ബിബിന്‍ ജോര്‍ജ് പറയുന്നു.

Content Highlight: Bibin George Talks About Challenges Of Writing Comedy Script

Latest Stories

We use cookies to give you the best possible experience. Learn more