Entertainment news
സലിംകുമാറിന്റെ ചോദ്യങ്ങളില്‍ വിപ്ലവമുണ്ടായിരുന്നു, സിസ്റ്റത്തോടുള്ള എതിര്‍പ്പുണ്ടായിരുന്നു: ബിബിന്‍ ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 16, 10:30 am
Friday, 16th June 2023, 4:00 pm

സലിംകുമാറിന്റെ രാഷ്ട്രീയ നിലപാടുകളും ചിന്തകളുമെല്ലാം മുമ്പേ തന്നെ അദ്ദേഹം സമൂഹത്തിലെത്തിച്ചിട്ടുണ്ടെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന സലിംകുമാറിന്റെ ആദ്യ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബിബിന്‍ ജോര്‍ജ്. സലിംകുമാറിന്റെ സിനിമകളില്‍ കൂടിയും അദ്ദേഹത്തിന്റെ ചിന്തകള്‍ നമ്മളിലേക്ക് എത്തിച്ചിട്ടുണ്ടെന്നും ബിബിന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ചോദ്യങ്ങളില്‍ വിപ്ലവം ഒളിപ്പിച്ചുവെക്കാറുണ്ടെന്നും അതില്‍ സിസ്റ്റത്തോടുള്ള എതിര്‍പ്പുകളുണ്ടായിരുന്നു എന്നും താരം പറഞ്ഞു.

‘സലിംകുമാറിനെ സിനിമകളില്‍ കാണുമ്പോള്‍ ആദ്യം വലിയ ആരാധനയായിരുന്നു. പിന്നീട് അദ്ദേഹത്തെ അനുകരിച്ച് ഒരുപാട് സ്റ്റേജുകളിള്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹത്തിന് വേണ്ടി തിരക്കഥയെഴുതാനും പറ്റിയിട്ടുണ്ട്.

കട്ടപ്പനയില്‍ ഹൃത്വിക് റോഷന്റെ സമയത്താണ് ആദ്യമായി അദ്ദേഹത്തിന് സ്‌ക്രിപ്റ്റ് പറഞ്ഞുകൊടുക്കുന്നത്. അദ്ദേഹത്തിന്റെ ടോണില്‍ തന്നെയാണ് അദ്ദേഹത്തിന് സ്‌ക്രിപ്റ്റ് പറഞ്ഞുകൊടുത്തത്. സ്‌ക്രിപ്റ്റ് പറഞ്ഞു കൊടുക്കുന്നതിനിടയില്‍ എന്തെങ്കിലുമൊരു മാറ്റമൊക്കെ വരുത്തിക്കോട്ടെ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഞാന്‍ പറഞ്ഞു, ചേട്ടനെ ഇഷ്ടമായത് കൊണ്ട് ചേട്ടന്റെ സ്റ്റൈലില്‍ എഴുതിയതാണ്, ചേട്ടന്റെ ശൈലിയില്‍ തന്നെ പറയാമെന്ന്. അന്ന് തുടങ്ങിയ സൗഹൃദമാണ് ഞാനും സലിംകുമാറും തമ്മില്‍. അതിന് ശേഷം ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കാനും എഴുതാനും പറ്റി.

സലിംകുമാര്‍ ഇപ്പോഴാണോ പുസ്തകമെഴുതിയത് എന്ന് പലരും ചോദിക്കുന്നത് കേട്ടു. കാരണം അദ്ദേഹം ഇതിന് മുമ്പ് എന്തോ എഴുതിയത് പോലെയുള്ളൊരു ഫീലുണ്ട്. അദ്ദേഹം ഇതിന് മുമ്പ് തന്നെ പുസ്തകങ്ങളിലൂടെയും പത്രങ്ങളിലുൂടെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും ചിന്തകളും സമൂഹത്തിലേക്ക് എത്തിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അദ്ദേഹം ഇതിന് മുമ്പ് എഴുതിയിട്ടുണ്ടെന്നാണ് നമ്മുടെ വിചാരം. അദ്ദേഹത്തിന്റെ സിനിമകളില്‍ കൂടിയാണെങ്കില്‍ അദ്ദേഹത്തിന്റെ ചിന്ത നമ്മളിലേക്കെത്തിച്ചിട്ടുണ്ട്.

ഈശ്വരാ വഴക്കില്ലല്ലോ എന്നാണ് പുസ്തകത്തിന്റെ പേരും, ചോദ്യവും. കറക്ടറ്റ് ചോദ്യമാണ്. കാരണം ഇനി ഈശ്വരനോട് മാത്രമാണ് അദ്ദേഹം ഈ ചോദ്യം ചോദിക്കാന്‍ ബാക്കിയിലുള്ളത്. ബാക്കി എല്ലാ ആളുകളോടും അദ്ദേഹമിത് ചോദിച്ചു കഴിഞ്ഞതാണ്. അദ്ദേഹത്തിന്റെ ചോദ്യങ്ങളില്‍ എപ്പോഴും വിപ്ലവം ഒളിപ്പിച്ചുവെക്കാറുണ്ടായിരുന്നു. സിസ്റ്റത്തിനോടുള്ള എതിര്‍പ്പ് എല്ലാ കാലത്തും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ പുസ്തകത്തിലൂടെയും അദ്ദേഹമത് പ്രകടമാക്കുന്നുണ്ട്,’ ബിബിന്‍ ജോര്‍ജ് പറഞ്ഞു.

മനോരമ ബുക്‌സാണ് സലിംകുമാറിന്റെ ആദ്യ പുസ്തകമായ ഈശ്വരാ വഴക്കില്ലല്ലോ പ്രസിദ്ധീകരിക്കുന്നത്. സലിംകുമാറിന്റെ ജന്മനാട്ടില്‍ നടന്ന പ്രകാശന ചടങ്ങില്‍ നടന്‍മാരായ കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. പലപ്പോഴായി സലിംകുമാര്‍ മനോരമയില്‍ എഴുതിയിട്ടുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

content highlights; Bibin George about Salim kumar