| Thursday, 16th September 2021, 5:33 pm

അക്കാര്യം എന്നോട് ആദ്യമായി പറഞ്ഞത് ഫഹദാണ്; ആദ്യ ചിത്രത്തിന്റെ വിശേഷങ്ങളുമായി ബിബിന്‍ ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങി ഒരുപാട് ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച എഴുത്തുകാരനാണ് ബിബിന്‍ ജോര്‍ജ്. മികച്ച നടന്‍ എന്ന നിലയിലും പ്രശംസകളേറ്റുവാങ്ങിയാണ് ബിബിന്‍ മലയാളികള്‍ക്ക് പ്രിയങ്കരനായത്.

താന്‍ ആദ്യമായി അഭിനയിച്ച സിനിമയെ കുറിച്ചും ആ സിനിമയിലെ നായകന്‍ ഫഹദുമായുള്ള രസകരമായ വിശേഷങ്ങളും പങ്കുവെക്കുകയാണ് ബിബിന്‍ ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറക്കുന്നത്

‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. ഞാനാണെങ്കില്‍ അഭിനയിക്കാനുള്ള ത്വരയില്‍ ഇങ്ങനെ നില്‍ക്കുകയാണ്. വിഷ്ണു ഓള്‍റെഡി കട്ടപ്പനയില്‍ അഭിനയിച്ചു,അവന്‍ ഹീറോ ആയി. അവന്റെ അംബീഷന്‍ പൂര്‍ത്തിയാക്കി.

ഇനി എനിക്കാണ് അഭിനയിക്കാനുള്ളത് എന്ന് പറഞ്ഞ് നില്‍ക്കുന്ന സമയത്താണ് റോള്‍ മോഡല്‍സില്‍ അഭിനയിക്കാന്‍ ചെല്ലുന്നത്,’ ബിബിന്‍ പറയുന്നു.

തനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു എന്നും എന്നാല്‍ അതേസമയം അഭിനയത്തിന്റെ കാര്യത്തില്‍ തീരെ കോണ്‍ഫിഡന്‍സ് ഇല്ലാത്തൊരാളായിരുന്നു താനെന്നും ബിബിന്‍ പറയുന്നു.

റോള്‍ മോഡല്‍സിലേക്ക് ചെല്ലുമ്പോള്‍ ഏതൊരു ആര്‍ട്ടിസ്റ്റിനേയും പോലെ എല്ലാവരും തന്റെ മുഖം ഒന്ന് തിരിച്ചറിയണം എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ബിബിന്‍ പറയുന്നത്. എന്നാല്‍ ആ സമയത്താണ് തനിക്ക് അവര്‍ മുള്‍ക്കിരീടം പോലെ ഒരു വിഗ് വെച്ചു തന്നത് എന്നും താരം പറഞ്ഞു.

സിനിമയിലെത്തിയാല്‍ എല്ലാവരും തിരിച്ചറിയണം എന്നേ ഉണ്ടായിരുന്നുള്ളൂ എന്നും എന്നാല്‍ ആ ഗെറ്റപ്പില്‍ തന്റെ പെറ്റമ്മ പോലും തിരിച്ചറിയില്ലെന്നും ബിബിന്‍ പറയുന്നു.

‘ആദ്യം ഫൈറ്റ് സീനായിരുന്നു. 3 ദിവസത്തോളം ഫൈറ്റ് സീക്വന്‍സ് മാത്രം ഷൂട്ട് ചെയ്തു. ഒരു പഴയ കപ്പലിലായിരുന്നു ഷൂട്ടിംഗ്. ആ സമയത്ത് വീഴുകയൊക്കെ ചെയ്ത് കൈയ്ക്ക് ടി.ടി ഒക്കെ എടുത്തു,’ താരം പറഞ്ഞു.

‘ഷൂട്ടിംഗിന് ശേഷം ഫഹദ് എന്റെ അടുത്തു വന്ന് ഇയാള് നല്ലൊരു നടനാണ് എന്ന് പറഞ്ഞു. എന്നെ സംബന്ധിച്ച് അത് ഏറ്റവും വലിയ അംഗീകാരമായിരുന്നു. ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുന്നു, ഫഹദിനെ പോലെ ഒരു നടന്‍ അടുത്തു വന്ന് അഭിനയം നന്നായി എന്ന് പറയുന്നു. എന്തുകൊണ്ടും മികച്ച അനുഭവമായിരുന്നു,’ ബിബിന്‍ പറയുന്നു.

താന്‍ പുതുതായി ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്നും ആ സിനിമ മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആയിരിക്കുമെന്നും സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പിന്നാലെ വരുമെന്നും താരം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bibin George About His First movie Experience and Fahad Fazil

We use cookies to give you the best possible experience. Learn more