മിമിക്രിരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് ബിബിന്‍ ജോര്‍ജ്. സുഹൃത്തായ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ടാണ് സിനിമാജീവിതം ആരംഭിച്ചത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, റോള്‍ മോഡല്‍സ് എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ബിബിന്‍ ഒരു പഴയ ബോബ് കഥയിലൂടെ നായകനായി അരങ്ങേറി. വെടിക്കെട്ടിലൂടെ സംവിധാനവും വഴങ്ങുമെന്ന് ബിബിന്‍ തെളിയിച്ചു.
തങ്ങളുടെ ആദ്യചിത്രമായ അമര്‍ അക്ബര്‍ അന്തോണിയെക്കുറിച്ച് സംസാരിക്കുകയാണ് ബിബിന്‍ ജോര്‍ജ്. ചിത്രത്തില്‍ അന്തോണി എന്ന കഥാപാത്രമായി ആദ്യം ആലോചിച്ചത് ആസിഫ് അലിയെയായിരുന്നുവെന്നും പിന്നീട് പൃഥ്വിയുടെ നിര്‍ദേശപ്രകാരം ഇന്ദ്രജിത്തിനെ കൊണ്ടുവന്നെന്നുമുളള വാര്‍ത്തയോട് പ്രതികരിക്കുകയാണ് ബിബിന്‍. പൃഥ്വിയുടെ നിര്‍ദേശം ശരിയായി തോന്നിയതുകൊണ്ടാണ് ഇന്ദ്രജിത്തിനെ കാസ്റ്റ് ചെയ്തതെന്നും ആസിഫിന് അത് മനസിലായെന്നും ബിബിന്‍ പറഞ്ഞു.
അതേ സിനിമയില്‍ ചെറിയൊരു വേഷം ചെയ്യാന്‍ വിളിച്ചപ്പോള്‍ ആസിഫ് യാതൊരു മടിയും കൂടാതെ വന്നുവെന്നും നടനെന്ന നിലയില്‍ ആസിഫ് തങ്ങളെ ഞെട്ടിച്ചെന്നും ബിബിന്‍ കൂട്ടിച്ചേര്‍ത്തു. ആസിഫല്ലാതെ വേറെ ഏത് നടനാണെങ്കിലും ആ സമയത്ത് ഈഗോയടിച്ചേനെയെന്നും ആസിഫിനല്ലാതെ വേറെ ആര്‍ക്കും അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നും ബിബിന്‍ പറഞ്ഞു. ഫില്‍മിബീറ്റ് മലയാളത്തിനോട് സംസാരിക്കുകയായിരുന്നു ബിബിന്‍ ജോര്‍ജ്.
‘അമര്‍ അക്ബര്‍ അന്തോണിയെക്കുറിച്ച് ഈയടുത്ത് ഉണ്ടായ വിവാദം ശ്രദ്ധിച്ചിരുന്നു. അത്രക്ക് വിവാദമുണ്ടാക്കേണ്ട കാര്യമൊന്നുമില്ല. ആ പടത്തില്‍ മൂന്നുപേരിലൊരാളായിട്ട് ആദ്യം ആസിഫിനെ പ്ലാന്‍ ചെയ്തിരുന്നു. അന്തോണി എന്ന ക്യാരക്ടറായിരുന്നു ആസിഫിന് കൊടുക്കാനിരുന്നത്. പിന്നീട് പൃഥ്വി ഈ പ്രൊജക്ടിലേക്ക് എത്തിയപ്പോള്‍ പൃഥ്വിക്ക് കുറച്ചുകൂടി കംഫര്‍ട്ടാകാന്‍ വേണ്ടിയാണ് ഇന്ദ്രജിത്തിനെ സജസ്റ്റ് ചെയ്തത്. ക്ലാസ്‌മേറ്റ്‌സ് മുതല്‍ അവര്‍ തമ്മില്‍ നല്ല കെമിസ്ട്രിയാണല്ലോ.
ഈ സിനിമക്ക് അത് ഗുണം ചെയ്യുമെന്ന് മനസിലാക്കിയപ്പോള്‍ ആസിഫ് സ്വയം പിന്‍വാങ്ങി. അതേ സിനിമയില്‍ ചെറിയൊരു വേഷം ചെയ്യാന്‍ പറ്റുമോ എന്ന് ആസിഫിനോട് ചോദിക്കാന്‍ ചെന്നപ്പോള്‍ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ കേട്ടപ്പോള്‍ തന്നെ ആസിഫ് ആ വേഷം ചെയ്യാമെന്ന് സമ്മതിച്ചു. അത് ശരിക്കും ഞങ്ങളെ ഞെട്ടിച്ചു. ആസിഫല്ലാതെ വേറെ ആരാണെങ്കിലും ആ സമയത്ത് ഈഗോയടിച്ച് ചെയ്യില്ല എന്ന് പറഞ്ഞേനെ. അവിടെയാണ് ആസിഫ് വ്യത്യസ്തനാകുന്നത്,’ ബിബിന്‍ ജോര്‍ജ് പറഞ്ഞു.
Content Highlight: Bibin George about Asif Ali’s character in Amar Akbar Anthony movie