| Friday, 12th January 2024, 5:44 pm

ആറ് വര്‍ഷത്തിന് ശേഷം ആദ്യ മത്സരം കളിക്കുന്നവന്റെ തകര്‍പ്പന്‍ ഫോം 🔥🔥 ബംഗാളിനെ ഒറ്റക്ക് തടുത്തു, അഞ്ചില്‍ അഞ്ച് വിക്കറ്റും

സ്പോര്‍ട്സ് ഡെസ്‌ക്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ഭുവനേശ്വര്‍ കുമാര്‍. രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ നടന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശിനായി അഞ്ച് വിക്കറ്റ് നേടിയാണ് ഭുവി തിളങ്ങിയത്.

ആറ് വര്‍ഷത്തിന് ശേഷം ആഭ്യന്തര റെഡ് ബോള്‍ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തിയ ഭുവനേശ്വര്‍ കരിയറിലെ 13ാം ഫസ്റ്റ് ക്ലാസ് ഫൈഫറാണ് പൂര്‍ത്തിയാക്കിയത്.

സൗരവ് പോള്‍, സുദീപ് കുമാര്‍ ഘരാമി, അനുഷ്ടുപ് മജുംദാര്‍, ക്യാപ്റ്റന്‍ മനോജ് തിവാരി, അഭിഷേക് പോരല്‍ എന്നിവരുടെ വിക്കറ്റാണ് ഭുവി ആദ്യ ദിനം തന്നെ കൊയ്‌തെറിഞ്ഞത്.

മൂന്ന് മെയ്ഡന്‍ അടക്കം 13 ഓവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഭുവി അഞ്ച് വിക്കറ്റും നേടിയത്.

സൗരവ് പോളിനെയും ക്യാപ്റ്റന്‍ മനോജ് തിവാരിയെയും ആര്യന്‍ ജുയാലിന്റെ കൈകളിലെത്തിച്ച് മടക്കിയ ഭുവി സുദീപ് കുമാര്‍ ഘരാമിയെയും അഭിഷേക് പോരലിനെയും വിക്കറ്റിന് മുമ്പില്‍ കുടുക്കിയും പറഞ്ഞയച്ചു. ക്ലീന്‍ ബൗള്‍ഡായാണ് മജുംദാറിന്റെ മടക്കം.

ആദ്യ ദിനം അവസാനിക്കുമ്പോള്‍ 95ന് അഞ്ച് എന്ന നിലയിലാണ് ബംഗാള്‍ കളിയവനാസിപ്പിച്ചത്. 35 റണ്‍സിന്റെ ലീഡ് ഇതിനോടകം തന്നെ ബംഗാള്‍ സ്വന്തമാക്കിയിട്ടുണ്ട്.

നേരത്തെ, മത്സരത്തില്‍ ടോസ് നേടി ഉത്തര്‍പ്രദേശിനെ ബാറ്റിങ്ങിനയച്ച ബംഗാള്‍ എതിരാളികളെ വെറും 60 റണ്‍സിന് ഓള്‍ ഔട്ടാക്കിയിരുന്നു.

സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനോ മികച്ച രീതിയില്‍ പാര്‍ട്ണര്‍ഷിപ്പ് ഉയര്‍ത്താനോ അനുവദിക്കാതെ ബംഗാള്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റും വീണതോടെയാണ് യു.പി വെറും 20.5 ഓവറില്‍ തകര്‍ന്നടിഞ്ഞത്.

മൂന്ന് താരങ്ങള്‍ മാത്രമാണ് യു.പി നിരയില്‍ ഇരട്ടയക്കം കണ്ടത്. 41 പന്തില്‍ 13 റണ്‍സ് നേടിയ സമര്‍ത്ഥ് സിങ്ങാണ് ആദ്യ ഇന്നിങ്സില്‍ ഉത്തര്‍പ്രദേശിന്റെ ടോപ് സ്‌കോറര്‍. 11 പന്തില്‍ 11 റണ്‍സ് നേടിയ ഓപ്പണര്‍ ആര്യന്‍ ജുയാലും 18 പന്തില്‍ 11 റണ്‍സടിച്ച ക്യാപ്റ്റന്‍ നിതീഷ് റാണയുമാണ് ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

14 ഓവര്‍ മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ മുഹമ്മദ് കൈഫാണ് ഉത്തര്‍പ്രദേശിനെ എറിഞ്ഞിട്ടത്. സൂരജ് സിന്ധു ജെയ്സ്വാള്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഇഷാന്‍ പോറല്‍ രണ്ട് യു.പി വിക്കറ്റുകളും പിഴുതെറിഞ്ഞു.

Content h9ighlight: Bhuvneshwar Kumar picks 5 wickets against Bengal

We use cookies to give you the best possible experience. Learn more