ലോകകപ്പില്‍ സെമിയില്‍ പരാജയപ്പെട്ടതിന് ശേഷം ഇന്ത്യ തങ്ങളുടെ ന്യൂസിലാന്‍ഡിന് പര്യടനത്തിലാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലുള്ളത്. ടി-20യില്‍ ഹര്‍ദിക് പാണ്ഡ്യയുടെയും ഏകദിനത്തില്‍ ശിഖര്‍ ധവാന്റെയും നേതൃത്വത്തിലാണ് ഇന്ത്യ കെയ്ന്‍ വില്യംസണിന്റെ കിവിപ്പടയെ നേരിടുന്നത്.
ഇന്ത്യന്‍ ബൗളിങ് നിരയുടെ വീക്ക്‌നെസ് തുറന്നുകാണിച്ച ലോകകപ്പിലെ മോശം പ്രകടനം മറക്കാന്‍ ഈ പരമ്പരില്‍ മികച്ച രീതിയില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പന്തെറിയേണ്ടി വരും.
അനുഭവസമ്പത്തുള്ള ഭുവനേശ്വര്‍ കുമാറിന് തന്നെയായിരിക്കും ഇന്ത്യന്‍ ബൗളിങ് നിരയെ മുമ്പില്‍ നിന്നും നയിക്കാനുള്ള ചുമതലയുണ്ടാവുക. മികച്ച രീതിയില്‍ പന്തെറിഞ്ഞാല്‍ ഇന്ത്യയുടെ വിജയം മാത്രമല്ല, ഒരു ലോകറെക്കോഡും ഉറപ്പിക്കാന്‍ ഭുവനേശ്വറിന് സാധിക്കും.
ടി-20 ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന റെക്കോഡാണ് താരത്തെ കാത്തിരിക്കുന്നത്.
നിലവില്‍ അയര്‍ലന്‍ഡ് താരം ജോഷ്വാ ലിറ്റിലിന്റെ പേരിലാണ് ഈ റെക്കോഡ്. 2022 ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ സൂപ്പര്‍ 12 മത്സരത്തിലാണ് ജോഷ്വാ ഈ നേട്ടം സ്വന്തമാക്കിയത്.
ബ്ലാക് ക്യാപ്‌സ് നായകന്‍ കെയ്ന്‍ വില്യംസണെ പുറത്താക്കിക്കൊണ്ടായിരുന്നു ലിറ്റില്‍ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ താരം ഹാട്രിക്കും നേടിയിരുന്നു.
26 മത്സരത്തില്‍ നിന്നും 39 വിക്കറ്റുകളാണ് ലിറ്റിലിന്റെ പേരിലുള്ളത്. 7.58 എക്കോണമിയിലാണ് താരത്തിന്റെ വിക്കറ്റ് വേട്ട.
അതേസമയം, 30 മത്സരത്തില്‍ നിന്നും 36 വിക്കറ്റുകളാണ് ഭുവിയുടെ പേരിലുള്ളത്. വരുന്ന ടി-20 പരമ്പരയില്‍ നാല് വിക്കറ്റ് സ്വന്തമാക്കിയാല്‍ ലിറ്റിലിനെ മറികടന്ന് റെക്കോഡ് സ്വന്തമാക്കാനും ഭുവനേശ്വറിന് സാധിക്കും.