| Friday, 26th April 2024, 4:23 pm

എന്തേ ഒന്നിലൊതുക്കിയത്? ഈ ദിവസം അവൻ ഒരിക്കലും മറക്കില്ല; ഭുവിയുടെ ക്രിക്കറ്റ് കരിയറിൽ ഇതാദ്യം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 35 റണ്‍സിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്.

ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓറഞ്ച് ആര്‍മിക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനാണ് സാധിച്ചത്.

മത്സരത്തില്‍ ഹൈദരാബാദിന്റെ ബൗളിങ്ങില്‍ ഒരു ഓവര്‍ മാത്രമാണ് ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞത്. ആ ഓവറില്‍ 14 റണ്‍സാണ് താരം വിട്ടുനല്‍കിയത്. ഇതിനു പിന്നാലെ ഒരു രസകരമായ വസ്തുതയാണ് പിറവികൊണ്ടത്. ടി-20 ഫോര്‍മാറ്റില്‍ ഇത് ആദ്യമായാണ് ഭുവനേശ്വര്‍ കുമാര്‍ ഒരു മത്സരത്തില്‍ ഒരു ഓവര്‍ മാത്രം ബൗള്‍ ചെയ്യുന്നത്.

ഹൈദരാബാദ് ബൗളിങ്ങില്‍ ജയ്‌ദേവ് ഉനത്കട്ട് മൂന്ന് വിക്കറ്റും നടരാജന്‍ രണ്ട് വിക്കറ്റും നായകന്‍ പാറ്റ് കമ്മിന്‍സ്, മായങ്ക് മാര്‍ക്കന്‍ഡെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിനു വേണ്ടി വിരാട് കോഹ്‌ലി 43 പന്തില്‍ 51 റണ്‍സും രജിത് പടിതാര്‍ 20 പന്തില്‍ 50 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. അവസാന ഓവറുകളില്‍ ഇറങ്ങി 20 പന്തില്‍ പുറത്താവാതെ 37 റണ്‍സ് നേടി തങ്കത്തടിച്ച കാമറൂണ്‍ ഗ്രീനും നിര്‍ണായകമായി.

ബെംഗളൂരു ബൗളിങ്ങില്‍ കാമറൂണ്‍ ഗ്രീന്‍, സ്വപ്നില്‍ സിങ്, കരണ്‍ ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റും വില്‍ ജാക്ക്, യാശ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

ഹൈദരാബാദ് വെറ്റിങ്ങില്‍ 37 പന്തില്‍ പുറത്താവാതെ 40 റണ്‍സും നായകന്‍ പാറ്റ് കമ്മിന്‍സ് 15 പന്തില്‍ 31 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

Content Highlight: Bhuvneshwar Kumar has bowled first time just only 1 over in a innings in T20

We use cookies to give you the best possible experience. Learn more