ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മൂന്നാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ രണ്ട് റണ്‍സിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്.
മഹാരാജ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിനെ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.
മത്സരത്തില്‍ ഹൈദരാബാദ് ബൗളിങ്ങില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് ഭുവേശ്വര്‍ കുമാര്‍ നടത്തിയത്. പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍, പ്രഭ്‌സിമ്രാന്‍ സിങ് എന്നിവരെയാണ് ഭുവനേശ്വര്‍ പുറത്താക്കിയത്.
പ്രഭ്‌സിമ്രാന്‍ ആറു പന്തില്‍ നാല് റണ്‍സുമായി നിതീഷ് കുമാറിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. 16 പന്തില്‍ 14 റണ്‍സ് നേടിയ ശിഖര്‍ ധവാനെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ഹേന്റിച്ച് ക്ലാസന്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടമാണ് ഭുവനേശ്വര്‍ കുമാര്‍ സ്വന്തമാക്കിയത്.
ഐ.പി.എല്‍ ചരിത്രത്തില്‍ രണ്ടു താരങ്ങളെ സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്ന ആദ്യ പേസര്‍ എന്ന നേട്ടമാണ് ഭുവനേശ്വര്‍ സ്വന്തമാക്കിയത്. ഇതിനുമുമ്പും 2013ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ മണ്‍വീന്തര്‍ ബിസ്ലയെയാണ് ഭുവനേശ്വര്‍ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയത്.
ഭുവനേശ്വറിനു പുറമേ നായകന്‍ പാറ്റ് കമ്മിന്‍സ്, നടരാജന്‍, ജയ്‌ദേവ് ഉനത്ഖട്ട് നിതീഷ് കുമാര്‍ റെഡ്ഢി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഓറഞ്ച് ആര്‍മിക്ക് വേണ്ടി അര്‍ധസെഞ്ച്വറി നേടിയ നിതീഷ് കുമാര്‍ റെഡ്ഢിയുടെ കരുത്തിലാണ് ഹൈദരാബാദ് മികച്ച ടോട്ടല്‍ നേടിയത്. 37 പന്തില്‍ 64 നേടികൊണ്ടായിരുന്നു നിതീഷിന്റെ തകര്‍പ്പന്‍ പ്രകടനം. നാല് ഫോറുകളും അഞ്ച് സിക്‌സുകളുമാണ് താരം അടിച്ചെടുത്തത്. 172.97 സ്‌ട്രൈക്ക് റേറ്റിലാണ് നിതീഷ് കുമാര്‍ ബാറ്റ് വീശിയത്.
പഞ്ചാബ് ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ് നാല് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍, സാം കറന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
പഞ്ചാബ് നിരയില്‍ ശശാങ്ക് സിങ് 25 പന്തില്‍ പുറത്താവാതെ 46 റണ്‍സും അശുതോഷ് ശര്‍മ 15 പന്തില്‍ പുറത്താവാതെ 33 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും രണ്ട് റണ്‍സകലെ പഞ്ചാബിന് വിജയം നഷ്ടമാവുകയായിരുന്നു.
Content Highlight: Bhuvneshwar Kumar create a new record in IPL