ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മികച്ച ജയം കൈക്കലാക്കിയിരുന്നു. ഡേവിഡ് മില്ലറിന്റെയും വാന്‍ ഡെര്‍ ഡുസനിന്റെയും മികച്ച ബാറ്റിങായിരുന്നു ഇന്ത്യയെ തോല്‍പ്പിച്ചത്.
മില്ലറിന്റെ നിലവിലെ ഫോമില്‍ അദ്ദേഹത്തിനെതിരെ ബോള്‍ എറിയാന്‍ കടുത്ത വെല്ലുവിളിയായിരിക്കുമെന്നാണ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പറയുന്നത്. അതുകൊണ്ട് അദ്ദേഹത്തെ ദക്ഷിണാഫ്രിക്ക പുറത്തിരുത്തണം എന്ന ഭുവി തമാശരുപേണേ പറഞ്ഞു.
‘മില്ലറിന് ബൗള്‍ ചെയ്യുന്നത് ബുദ്ധിമുട്ടാണ്, അവന്‍ നല്ല ഫോമിലാണ്. ദക്ഷിണാഫ്രിക്ക അവനെ പുറത്താക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ അങ്ങനെ ചെയ്യില്ല. ഐ.പി.എല്ലില്‍ അദ്ദേഹം നന്നായി ബാറ്റ് ചെയ്തു, അദ്ദേഹത്തിന്റെ കഴിവ് ഞങ്ങള്‍ക്കറിയാം. അവനെതിരെ ബോളിങ് ഒരു വെല്ലുവിളിയായിരിക്കും,’ ഭുവി പറഞ്ഞു.
ഇന്ത്യ നേടിയ 212 റണ്‍ എന്ന കൂറ്റന്‍ സ്‌കോര്‍ ദക്ഷിണാഫ്രിക്ക അവസാന ഓവറില്‍ മറികടക്കുകയായിരുന്നു. 31 പന്തില്‍ 64 റണ്‍ നേടിയ ഡേവിഡ് മില്ലറിന്റെയും 46 പന്തില്‍ 75 റണ്‍ നേടിയ വാന്‍ ഡെര്‍ ഡുസന്റെയും മികച്ച ബാറ്റിങിന് മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അടി പതറി നില്‍ക്കുകയായിരുന്നു.
ആദ്യ മത്സരത്തില്‍ ആവേശ് ഖാനുമായി ന്യൂബോള്‍ പങ്കിട്ട ഭുവി ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ടെംബ ബാവുമയുടെ വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാലും, മില്ലറിന്റെ ആറാട്ടില്‍ 4-0-43-1 എന്ന രീതിയലാണ് ഭുവി തന്റെ സ്‌പെല്‍ അവസാനിപ്പിച്ചത്.
ആദ്യ മത്സരത്തില്‍ താന്‍ ഉള്‍പ്പെടുന്ന ബൗളര്‍മാരുടെ പ്രകടനം മോശമായിരുന്നുവെന്നും എന്നാല്‍ അടുത്ത മത്സരം തൊട്ട് ജയിച്ചുകൊണ്ട് ടീം തിരിച്ചുവരുമെന്നും ഭുവി പറഞ്ഞു.
‘നിങ്ങള്‍ പറഞ്ഞത് പോലെ, ആദ്യ മത്സരത്തില്‍ ബൗളിങ് മികച്ചതായിരുന്നില്ല, അതിനാല്‍ രണ്ടാം ടി20യില്‍ ഞങ്ങള്‍ മികച്ച രീതിയില്‍ ബൗള്‍ ചെയ്യുമെന്നും പരമ്പര സമനിലയിലേക്കെത്തിക്കാന്‍ കഴിയുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ പരമ്പരയില്‍ ഞങ്ങള്‍ക്ക് നാല് മത്സരങ്ങള്‍ ബാക്കിയുണ്ട്, പരമ്പര നേടാനുള്ള അവസരമുണ്ട്. ഞങ്ങള്‍ നന്നായി ബൗള്‍ ചെയ്യണം, മുമ്പത്തെ കളി പോലെ തന്നെ ബാറ്റ് ചെയ്യണം. എന്താണ് തെറ്റ് സംഭവിച്ചതെന്ന് ടീം ചര്‍ച്ച ചെയ്തിട്ടുണ്ട്,’ ഭുവി കൂട്ടിച്ചേര്‍ത്തു.
യുവനിരയുമായി പരമ്പര കളിക്കാനെത്തിയ ഇന്ത്യ അടുത്ത മത്സരത്തില്‍ എന്തൊക്കെ മാറ്റങള്‍ കൊണ്ടുവരുമെന്ന് കണ്ടറിയണം. ബാറ്റിങ് മികച്ചുനിന്നുവെങ്കിലും ബൗളിങ് നിരയായിരുന്നു ഇന്ത്യയെ തോല്‍പ്പിച്ചത്.
ജൂണ്‍ 12, ഞായറാഴ്ച കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാം മത്സരം.