| Sunday, 26th May 2024, 3:46 pm

ചരിത്രനേട്ടം കൈപ്പിടിയിലാക്കാൻ വേണ്ടത് വെറും മൂന്ന് വിക്കറ്റ്; അവസാന അങ്കത്തിൽ കൊൽക്കത്തയെ അവസാനിപ്പിക്കാൻ അവനൊരുങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ കലാശക്കൊട്ടിന് ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ പതിനേഴാം ഐ.പിഎല്‍ സീസണിന്റെ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു കൊല്‍ക്കത്ത ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തുകൊണ്ടുമാണ് ഹൈദരാബാദ് ഫൈനലിലേക്ക് മുന്നേറിയത്.

ഫൈനലില്‍ കൊല്‍ക്കത്തക്കെതിരെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഹൈദരാബാദ് സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ കാത്തിരിക്കുന്നത്. കൊല്‍ക്കത്തക്കെതിരെ മൂന്ന് വിക്കറ്റുകള്‍ നേടാന്‍ ഭുവനേശ്വറിന് സാധിച്ചാല്‍ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമായി മാറാന്‍ ഭുവനേശ്വറിന് സാധിക്കും. 173 മത്സരങ്ങളില്‍ നിന്നും 181 വിക്കറ്റുകളാണ് ഭുവനേശ്വര്‍ നേടിയിട്ടുള്ളത്. 26.56 ആവറേജിലും 7.51 എക്കണോമിലുമാണ് താരം പന്തെറിഞ്ഞത്.

ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം 161 മത്സരങ്ങളില്‍ നിന്നും 183 വിക്കറ്റുകള്‍ ആണ് നേടിയത്. മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ ബ്രാവോയെ മറികടന്ന് മുന്നേറാന്‍ ഭുവനേശ്വര്‍ കുമാറിന് സാധിക്കും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളില്‍ ഒന്നാമത് ഉള്ളത് രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യുസ്വെന്ദ്ര ചഹല്‍ ആണ്. 160 മത്സരങ്ങളില്‍ നിന്നും 205 വിക്കറ്റുകളാണ്  താരം നേടിയത്. 192 മത്സരങ്ങളില്‍ നിന്നും 192 വിക്കറ്റുകള്‍ നേടിയ പിയൂഷ് ചൗളയാണ് ഈ നേട്ടത്തില്‍ രണ്ടാമത് ഉള്ളത്.

ഈ സീസണില്‍ ഹൈദരാബാദിന്റെ ബൗളിങ് നിരയിലെ പ്രധാന താരമാണ് ഭുവനേശ്വര്‍. 15 മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ 11 വിക്കറ്റുകളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയിട്ടുള്ളത്. താരത്തിന്റെ ഈ മിന്നും പ്രകടനം കൊല്‍ക്കത്തക്കെതിരെയും ആവര്‍ത്തിക്കും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Bhuvanewser Kumar need three wickets to Create a new Milestone

We use cookies to give you the best possible experience. Learn more