ഹൈദരാബാദ്: ഐ.പി.എല്‍ ഈ സീസണിലെ മികച്ച ബൗളിംഗ് നിരയെന്ന് അവകാശപ്പെടാവുന്ന ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കുറഞ്ഞ ടോട്ടല്‍ നിരവധി തവണയാണ് ഈ സീസണില്‍ വില്യംസണും സംഘവും പ്രതിരോധിച്ചത്.
ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബൗളിംഗ് നിരയില്‍ പര്‍പ്പിള്‍ ക്യാപ്പിനായി മത്സരിക്കുന്ന റാഷിദ് ഖാനും ബംഗ്ലാദേശിന്റെ വിശ്വസ്തനായ ഷാകിബ് അല്‍ ഹസനുമൊക്കെയുണ്ട്.
ഇന്നലെ ബാംഗ്ലൂരിനെതിരായ മത്സരത്തിലും ബൗളര്‍മാരുടെ മികവാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്. പന്തെടുത്തവരെല്ലാം വിക്കറ്റെടുത്തപ്പോള്‍ അവസാനപന്തിലാണ് ഹൈദരാബാദ് വിജയം ഉറപ്പിച്ചത്.
അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. നിലയുറപ്പിച്ച് 18 റണ്‍സുമായി മന്‍ദീപും 31 റണ്‍സുമായി ഗ്രാന്‍ഡ്‌ഹോമുമായിരുന്നു ക്രീസില്‍. ബാംഗ്ലൂര്‍ വിജയം സ്വപ്‌നം കണ്ട നിമിഷങ്ങള്‍.
വില്യംസണ്‍ പന്തേല്‍പ്പിച്ചത് ഭുവിയെ. ആദ്യ പന്തില്‍ തന്നെ യോര്‍ക്കറിലൂടെ ബാറ്റ്‌സ്മാനെ വെല്ലുവിളിച്ച ഭുവി വിട്ടുകൊടുത്തത് ഒരു റണ്‍സ്. അടുത്ത പന്തില്‍ ഡബിള്‍. മൂന്നാം പന്തിലും നാലാം പന്തിലും സിംഗിള്‍. അഞ്ചാം പന്തില്‍ മന്‍ദീപ് കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും സിംഗിള്‍ നേടാനെ കഴിഞ്ഞൊള്ളൂ. അവസാന പന്തില്‍ ആറു റണ്‍സ് എന്ന നിലയിലേക്ക്. കളി ആവേശത്തിലായി.
28 പന്തില്‍ 33 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോം ഭുവിയെ നേരിടാന്‍ തയ്യാറെടുത്തു. കൃത്യമായ പദചലനത്തോടെ അവസാന പന്തെറിഞ്ഞ ഭുവിയുടെ യോര്‍ക്കര്‍ വിക്കറ്റിലേക്ക് അടിച്ചിട്ട് ഗ്രാന്‍ഡ്‌ഹോം തോല്‍വി സമ്മതിച്ചു. ഒപ്പം ബാംഗ്ലൂരും.
നിര്‍ണായക മത്സരത്തിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അഞ്ച് റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റത്.
ഹൈദരാബാദിന്റെ സ്‌കോറായ 146 റണ്‍സ് പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടാനേ സാധിച്ചുള്ളു. ജയിക്കാന്‍ അവസാന ഓവറില്‍ 12 റണ്‍സാണ് ബാംഗ്ലൂരിന് നേടേണ്ടിയിരുന്നത്.
ALSO READ: ബൗളിംഗ് കരുത്തില്‍ വീണ്ടും ഹൈദരാബാദ്; ബാംഗ്ലൂര്‍ പുറത്തേക്ക്
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ മികച്ച് ടോട്ടല്‍ പടുത്തുയര്‍ത്താനായില്ല. വമ്പനടിക്കാരായ അലക്‌സ് ഹെയ്ല്‍സിനെയും(5), ശിഖര്‍ ധവാനെയും (13) പവര്‍പ്ലേ ഓവറുകളില്‍ത്തന്നെ നഷ്ടമായതോടെ ഹൈദരാബാദ് തുടക്കത്തിലേ പരുങ്ങലിലായി. ഒന്‍പതാം ഓവറില്‍ അഞ്ചു റണ്‍സോടെ മനീഷ് പാണ്ഡെയും മടങ്ങുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ ബോര്‍ഡില്‍ 48 റണ്‍സേ എത്തിയിരുന്നുള്ളു.
നാലാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വില്യംസണും (56) ഷാക്കിബുമാണ് (35) ഹൈദരാബാദിന്റെ പ്രധാന സ്‌കോറര്‍മാര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന്റെ ശക്തമായ ബാറ്റിംഗ് നിരയെ ഹൈദരാബാദ് മികച്ച് ബൗളിംഗിലൂടെ പിടിച്ചുകെട്ടുകയായിരുന്നു. കോഹ്‌ലി 39 റണ്‍സെടുത്തു.
ജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചു. തോല്‍വിയോടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. 10 കളികളില്‍ മൂന്ന് ജയം മാത്രമുള്ള ബാംഗ്ലൂര്‍ ആറാം സ്ഥാനത്താണ്.
WATCH THIS VIDEO: