| Sunday, 6th November 2022, 6:16 pm

ഒരു ടൂര്‍ണമെന്റ് കളിക്കാതിരുന്നപ്പോഴേക്കും ആ റെക്കോഡും കൈവിട്ടുപോയോ? ബുംറയുടെ തകര്‍പ്പന്‍ റെക്കോഡ് തൂക്കി ഭുവനേശ്വര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 12 മത്സരത്തിന് ശേഷം ആധികാരികമായി ഇന്ത്യ സെമി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സിംബാബ്‌വേയെ 71 റണ്‍സിന് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് കെ.എല്‍. രാഹുലും വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മികച്ച ടോട്ടല്‍ സമ്മാനിച്ചിരുന്നു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.

കെ.എല്‍. രാഹുല്‍ 35 പന്തില്‍ നിന്നും മൂന്ന് വീതം ഫോറും സിക്‌സറുമായി 51 റണ്‍സ് നേടിയപ്പോള്‍ 25 പന്തില്‍ നിന്നും പുറത്താകാതെ 61 റണ്‍സാണ് സൂര്യകുമാര്‍ യാദവ് സ്വന്തമാക്കിയത്.

ബാറ്റിങ്ങില്‍ ഇരുവരും ചേര്‍ന്ന് സിംബാബ്‌വേയെ പഞ്ഞിക്കിട്ടപ്പോള്‍ ബൗളര്‍മാരും ഒട്ടും മോശമാക്കിയില്ല. ഷെവ്‌റോണ്‍സിനെ ഒന്നൊഴിയാതെ എറിഞ്ഞിട്ടാണ് ഇന്ത്യ വിജയം കൈപ്പിടിയലൊതുക്കിയത്.

17.2 ഓവറില്‍ 115 റണ്‍സിന് പത്ത് സിംബാബ്‌വേ വിക്കറ്റുകളും ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുതെടുത്തിരുന്നു.

നാല് ഓവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും ഹര്‍ദിക് പാണ്ഡ്യയുമാണ് സിംബാബ്‌വേയെ എറിഞ്ഞുവീഴ്ത്തിയത്. ഇവര്‍ക്ക് പുറമെ അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മത്സരത്തില്‍ ഒറ്റ വിക്കറ്റ് മാത്രമാണ്‌സ്വന്തമാക്കിയതെങ്കിലും സ്റ്റാര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിന്റെ സ്‌പെല്‍ കൂട്ടത്തില്‍ മികച്ചുനിന്നു. മൂന്ന് ഓവറില്‍ ഒരു മെയ്ഡനടക്കം 11 റണ്‍സ് വഴങ്ങിയാണ് താരം വിക്കറ്റ് വീഴ്ത്തിയത്.

സിംബാബ്‌വേക്കെതിരായ മെയ്ഡന്‍ ഓവറിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ഭുവിയെ തേടിയെത്തിയിരിക്കുകയാണ്. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം മെയ്ഡന്‍ ഓവറുകളെറിയുന്ന താരം എന്ന റെക്കോഡാണ് ഭുവനേശ്വര്‍ നേടിയത്. പത്ത് മെയ്ഡനാണ് താരം ഇതുവരെയെറിഞ്ഞത്.

ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ റെക്കോഡാണ് ഭുവി തകര്‍ത്തത്. ഇതുവരെ ഒമ്പത് മെയ്ഡനാണ് ബുംറ ടി-20യില്‍ എറിഞ്ഞത്.

മത്സരത്തിലെ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിയില്‍ കടന്നിരുന്നു. സെമി ഫൈനല്‍ മത്സരത്തില്‍ ഗ്രൂപ്പ് വണ്ണിലെ രണ്ടാം സ്ഥാനക്കാരെയാണ് ഇന്ത്യക്ക് നേരിടേണ്ടി വരിക. നവംബര്‍ പത്തിന് അഡ്‌ലെയ്ഡില്‍ വെച്ചാണ് മത്സരം.

Content highlight: Bhuvaneswar Kumar brakes Jasprit Bumrah record for most maidens in T20 cricket

We use cookies to give you the best possible experience. Learn more