| Sunday, 10th July 2022, 4:08 pm

നിന്നെ പേടിച്ചാണ് രോഹിത് ഭായ് റിവ്യൂ എടുത്തത്; അയ്ശരി ഇപ്പോ അങ്ങനെ ആയോ ? വൈറലായി സംഭാഷണം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടി-20 മത്സരവും പരമ്പരയും കൈപ്പിടിയിലൊതുക്കിയിരുന്നു. ഇന്ത്യയുടെ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ്, വിക്കറ്റ് കീപ്പിങ് തുടങ്ങി എല്ലാ താരങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചപ്പോള്‍ ഇംഗ്ലണ്ടിന് തോറ്റുകൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.

ഇന്ത്യയുടെ വിജയത്തില്‍ പ്രധാനപങ്ക് വഹിച്ചത് സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറായിരുന്നു. മൂന്നോവറില്‍ ഒരു മെയ്ഡനടക്കം 15 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ഓപ്പണര്‍മാരില്‍ ഒരുവനെ ഗോള്‍ഡന്‍ ഡക്കാക്കുന്ന ശീലം താരം രണ്ടാം മത്സരത്തിലും ആവര്‍ത്തിച്ചു. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ സ്റ്റാര്‍ ബാറ്റര്‍ ജേസണ്‍ റോയ്‌യെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചാണ് ഭുവി തുടങ്ങിയത്. തന്റെ രണ്ടാം ഓവറില്‍ ബട്‌ലറിനെയും താരം പുറത്താക്കിയിരുന്നു.

ജോസ് ബട്‌ലറിനെ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന്റെ കൈകളിലെത്തിച്ചായിരുന്നു ഭുവി പുറത്താക്കിയത്.

ആദ്യ ഘട്ടത്തില്‍ വിക്കറ്റ് നല്‍കാന്‍ അമ്പയര്‍ തയ്യാറാവാതിരിക്കുകയായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ഭുവനേശ്വര്‍ റിവ്യൂ ആവശ്യപ്പെടുകയും അള്‍ട്രാ എഡ്ജില്‍ ടച്ച് ഉള്ളതായി കണ്ടെത്തുകയും ബട്‌ലര്‍ പുറത്താവുകയുമായിരുന്നു.

ഇപ്പോഴിതാ, ആ റിവ്യൂ എടുത്തപ്പോഴുണ്ടായ രസകരമായ സംഭവങ്ങള്‍ പറയുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും സൂപ്പര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലും. ബി.സി.സി.ഐയുടെ സ്‌പെഷ്യല്‍ ടോക് ഷോയായ ചഹല്‍ ടി.വിയിലായിരുന്നു ഇരുവരും സംസാരിച്ചത്.

അടുത്ത ഓവര്‍ എറിയേണ്ടിയിരുന്നത് ചഹല്‍ ആയിരുന്നതിനാല്‍ രോഹിത് ശര്‍മ പേടിയോടെയാണ് ആ റിവ്യൂ എടുത്തതെന്നായിരുന്നു ഭുവനേശ്വര്‍ പറഞ്ഞത്. എന്നാല്‍ അതിന് കുറിക്കുകൊള്ളുന്ന മറുപടി തന്നെയാണ് ചഹല്‍ പറയുന്നത്.

അവരുടെ സംഭാഷണമിതാ;

ചഹല്‍: മിഡ് ഓണില്‍ നിന്നും അത് കേട്ടതിനാല്‍ ഞാനാണ് ആദ്യം അക്കാര്യം പറഞ്ഞ് മുന്നോട്ടുവന്നത്.

ഭുവനേശ്വര്‍: ഏത് ക്യാച്ചോ? പന്ത് ഒഴികെ എല്ലാവരും അത് കേട്ടിരുന്നു.

ചഹല്‍: അങ്ങനെയെങ്കില്‍ നിങ്ങളത് കേട്ടുവെന്ന് വ്യക്തമായി പറയണമായിരുന്നു.

ഭുവനേശ്വര്‍: ഒരുപക്ഷേ, അവന്‍ പുറത്തായില്ലെങ്കില്‍, അടുത്ത ബൗളര്‍ നിങ്ങളായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അഥവാ ബട്‌ലര്‍ പുറത്തായില്ലെങ്കില്‍ അടുത്ത ഓവറില്‍ നിന്നെ പഞ്ഞിക്കിട്ടേനേ എന്ന പേടികൊണ്ടാണ് രോഹിത് റിവ്യൂ എടുത്തത്.

ചിരിയോടെയാണ് ചഹല്‍ താരത്തിന്റെ വാക്കുകള്‍ സ്വീകരിച്ചത്.

പരമ്പരയിലെ രണ്ട് മത്സരത്തിലും ബട്‌ലറിലെ പുറത്താക്കിയത് ഭുവനേശ്വര്‍ തന്നെയായിരുന്നു.

പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ട്രന്റ് ബ്രിഡ്ജില്‍ നടക്കും.

Content Highlight: Bhuvaneshwar Kumar trolls Yuzvendra Chahal

We use cookies to give you the best possible experience. Learn more