ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ വൈറ്റ് ബോള്‍ പരമ്പരകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരയാണ് ആദ്യം നടക്കുന്നത്.
റോസ് ബൗളില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 50 റണ്‍സിന് ഇംഗ്ലണ്ടിനെ നിലംപരിശാക്കി വിജയിച്ചിരുന്നു. ഇന്ത്യയുടെ ബാറ്റര്‍മാരും ബൗളര്‍മാരും ഒന്നൊഴിയാതെ കത്തിക്കയറിയപ്പോള്‍ ഇന്ത്യ അനായാസ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ടീമന് അടിതെറ്റിയിരുന്നു. ടി-20 സ്‌പെഷലിസ്റ്റും ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റനുമായി ജോസ് ബട്‌ലര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു. ഭുവനേശ്വര്‍ കുമാറായിരുന്നു വിക്കറ്റ് വീഴ്ത്തിയത്.
ഭുവിയുടെ തകര്‍പ്പന്‍ ഇന്‍സ്വിങ്ങറിന് മുമ്പില്‍ മറുപടിയില്ലാതെ ബട്‌ലര്‍ പുറത്താവുകയായിരുന്നു. കാറ്റിനെ അതിശയിപ്പിച്ച വേഗതയിലെത്തിയ പന്ത് തന്റെ കുറ്റി തെറിപ്പിക്കുന്നത് നോക്കി നില്‍ക്കാനെ താരത്തിനായുള്ളൂ.
മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ് 10 റണ്‍സ് മാത്രം വിട്ടു നല്‍കി ഒരു വിക്കറ്റാണ് ഭുവി നേടിയത്.
രണ്ടാം മത്സരത്തിലും സമാനമായ ഫോമാണ് താരം പുറത്തെടുക്കുന്നത്. ഇംഗ്ലണ്ട് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ജേസണ്‍ റോയ്‌യെ ഗോള്‍ഡന്‍ ഡക്കാക്കിയാണ് താരം വെടിക്കെട്ട് തുടങ്ങിയത്.
ഭുവിയുടെ തൊട്ടടുത്ത ഓവറില്‍ അടുത്ത ഓപ്പണറും വീണിരുന്നു. അഞ്ച് പന്തില്‍ നിന്നും നാല് റണ്‍സുമായി ക്യാപ്റ്റന്‍ ജോസ് ബട്‌ലറിനെയായിരുന്നു താരം മടക്കിയത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 170 റണ്‍സായിരുന്നു എടുത്തത്. ഓപ്പണര്‍മാര്‍ നല്‍കിയ അടിത്തറയില്‍ നിന്നായിരുന്നു ഇന്ത്യ കുതിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 31ഉം റിഷബ് പന്ത് 26ഉം റണ്‍സെടുത്തു.
എന്നാല്‍, ടീമിലേക്ക് തിരിച്ചെത്തിയ കോഹ്‌ലി വീണ്ടും പരാജയമായി. മൂന്ന് പന്ത് നേരിട്ട് ഒറ്റ റണ്‍സുമായാണ് താരം മടങ്ങിയത്.
അതേസമയം, ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജയുടെ ആറാട്ടിനായിരുന്നു എഡ്ജ്ബാസ്റ്റണ്‍ സാക്ഷ്യം വഹിച്ചത്. 29 പന്തില്‍ നിന്നും 46 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ആദ്യ മത്സരം ജയിച്ച് തുടങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം മത്സരവും ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം.
Content highlight: Bhuvaneshwar Kumar’s incredible bowling, Dismiss Jason Roy for a Golden Duck