Cricket
ഒരു നോബോള്‍ എങ്കിലും എറിയെടാ; കരിയറില്‍ ഒരു നോബോള്‍ പോലും ചെയ്യാതെ പത്ത് വര്‍ഷം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Aug 06, 02:42 am
Saturday, 6th August 2022, 8:12 am

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്വിങ് ബൗളര്‍മാരില്‍ ഒരാളാണ് ഭുവനേശ്വര്‍ കുമാര്‍. തന്റെ സ്വിങ് കൊണ്ട് എതിരെ നില്‍ക്കുന്ന ബാറ്റര്‍മാരെ വട്ടം കറക്കാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. ഇന്നിങ്‌സിന്റെ തുടക്കത്തിലും ഡെത്ത് ഓവറുകളിലും ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്.

പേസിനേക്കാളുപരി സ്ഥിരതയോടെ എറിയുന്ന സ്വിങ് ബോളുകള്‍ തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന ആയുധം. 2012ല്‍ കരിയര്‍ ആരംഭിച്ച് ഇതുവരെ തന്റെ ട്വന്റി-20 കരിയറില്‍ നോബോളുകള്‍ എറിഞ്ഞിട്ടില്ല. ഭുവി ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയതിന് ശേഷം അദ്ദേഹത്തിന്റെ അത്രയും സ്ഥിരതയുള്ള മറ്റൊരു ബൗളര്‍ ഇന്ത്യക്കുണ്ടായിട്ടില്ല.

ട്വന്റി-20 അരങ്ങേറ്റത്തില്‍ തന്നെ പാകിസ്ഥാനെതിരെ മൂന്ന് വിക്കറ്റുമായാണ് ഭുവി തുടങ്ങിയത്. കരിയറില്‍ ഇതുവരെ 1,463 പന്തുകള്‍ എറിഞ്ഞ ഭുവി ഒരു നോബോള്‍ പോലും എറിഞ്ഞിട്ടില്ല എന്നത് അദ്ദേഹത്തിന്റെ സ്ഥിരത സൂചിപ്പിക്കുന്നു. 1000 പന്തോ അതിന് മുകളിലോ എറിഞ്ഞവരുടെ ലിസ്റ്റില്‍ ഒരു നോബോള്‍ പോലും ചെയ്യാത്ത ഒരേ ഒരു പേസറും ഭുവി തന്നെയാണ്.

ട്വിന്റി-20 കരിയറില്‍ 71 മത്സരത്തില്‍ നിന്നും 73 വിക്കറ്റാണ് അദ്ദേഹം നേടിയത്. 243.5 ഓവര്‍ എറിഞ്ഞ ഭുവിയുടെ എക്കോണമി റേറ്റ് 6.93 റണ്‍സാണ്. നോബോള്‍ എറിയാന്‍ പിശുക്കുള്ളത് പോലെതന്നെ റണ്‍സ് വിട്ടുനല്‍കാനും അദ്ദേഹം പിശുക്കനാണ് എന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കും. കരിയറില്‍ രണ്ട് തവണ നാല് വിക്കറ്റ് നേട്ടവും ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടവും ഭുവി നടത്തിയിട്ടുണ്ട്.

നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഭുവി വരുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന വജ്രായുധമാണ്. ലോകകപ്പില്‍ ബുംറയോടൊപ്പം ഇന്ത്യന്‍ ബൗളിങ് നിരയെ നയിക്കാന്‍ ഭുവിയുമുണ്ടാകും.

Content Highlights: Bhuvaneshwar Kumar Never Bowled A No Ball in his T-20 career