ടി-20 ക്രിക്കറ്റില്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനുമില്ലാത്ത നേട്ടം കൈപ്പിടിയിലൊതുക്കി സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ ഓവറുകളില്‍ മെയ്ഡിന്‍ നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് ഭുവി സ്വന്തമാക്കിയത്.
ടി-20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലായിരുന്നു ഭുവിയുടെ തകര്‍പ്പന്‍ നേട്ടം പിറന്നത്. മികച്ച സ്‌പെല്ലുമായി നെതര്‍ലന്‍ഡ്‌സ് നിരയെ വരിഞ്ഞുമുറുക്കിയ ഭുവനേശ്വര്‍ തന്നെയായിരുന്നു ഇന്ത്യയുടെ ബൗളിങ് ഹീറോ. ആകെ മൂന്ന് ഓവര്‍ പന്തെറിഞ്ഞ ഭുവി ഒമ്പത് റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റും പിഴുതു.
തന്റെ സ്‌പെല്ലിലെ ആദ്യ രണ്ട് ഓവറില്‍ നിന്നുമായിരുന്നു ഇതുവരെ ഒരു ഇന്ത്യന്‍ ബൗളര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത നേട്ടത്തിലേക്ക് ഭുവി കാലെടുത്തുവെച്ചത്. നെതര്‍ലന്‍ഡ്‌സ് ഇന്നിങ്‌സിലെ ഒന്ന്, മൂന്ന് ഓവറുകള്‍ മെയ്ഡിനാക്കിക്കൊണ്ടായിരുന്നു ഭുവനേശ്വര്‍ റെക്കോഡ് കൈപ്പിടിയിലൊതുക്കിയത്.
ഭുവിയുടെ ആദ്യ ഓവര്‍ നെതര്‍ലന്‍ഡ്‌സ് ഓപ്പണര്‍ വിക്രംജിത് സിങ്ങിനെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. ആദ്യ ഓവറില്‍ ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ ഇന്നിങ്‌സിലെ മൂന്നാം ഓവറും ഭുവിയുടെ സ്‌പെല്ലിലെ രണ്ടാം ഓവറും നേരിടാനിറങ്ങിയ വിക്രംജിത്തിന് പിഴച്ചു.
മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ താരത്തെ ക്ലീന്‍ ബൗള്‍ഡാക്കി പവലിയനിലേക്ക് മടക്കിയയക്കുമ്പോള്‍ ഒമ്പത് പന്തില്‍ നിന്നും ഒറ്റ റണ്‍സ് മാത്രമായിരുന്നു വിക്രംജിത്തിന്റെ സമ്പാദ്യം. ഓവറിലെ മറ്റ് നാല് പന്തും വണ്‍ ഡൗണ്‍ ബാറ്റര്‍ ബാസ് ഡി ലീഡിനെ പരീക്ഷിച്ചപ്പോള്‍ നെതര്‍ലന്‍ഡ്‌സ് ഇന്നിങ്‌സിലെ രണ്ടാം മെയ്ഡിനും ഭുവനേശ്വറിന്റെ പേരില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും പിറന്നു.
വിക്രംജിത്തിന് പുറമെ നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സ്‌കോട്ട് എഡ്വാര്‍ഡ്‌സിനെയും ഭുവി മടക്കിയിരുന്നു. എട്ട് പന്തില്‍ അഞ്ച് വിക്കറ്റ് മാത്രം നേടി നില്‍ക്കവെ ദീപക് ഹൂഡക്ക് ക്യാച്ച് നല്‍കിയാണ് എഡ്വാര്‍ഡ്‌സ് മടങ്ങിയത്.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്‌ലി, സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് എന്നിവരുടെ പ്രകടനത്തിന്റെ മികവില്‍ 179 റണ്‍സ് സ്വന്തമാക്കിയിരുന്നു.
180 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ നെതര്‍ലന്‍ഡ്‌സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ഒക്ടോബര്‍ 30, ഞായറാഴ്ച, ഒപ്റ്റസ് സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യയുടെ അടുത്ത മത്സരം. സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.