ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പ്രോട്ടീസിനോട് പരാജയപ്പെട്ടിരുന്നു. ഒന്നിന് പിന്നാലെ ഒന്നായി വിജയങ്ങള്‍ സ്വന്തമാക്കി പരാജയമറിയാതെ കുതിക്കുകയായിരുന്ന ഇന്ത്യയുടെ വിജയ ജൈത്രയാത്രയ്ക്ക് തടയിടുകയായിരുന്നു ബെവുമയും സംഘവും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയിട്ടും തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. ഐ.പി.എല്ലില്‍ തിളങ്ങിയ മില്ലറും വമ്പനടി വീരന്‍ റാസി വാന്‍ ഡെര്‍ ഡുസനും ചേര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ നിന്നും വിജയം പിടിച്ചടക്കുകയായിരുന്നു.
അതേസമയം, ഇന്ത്യന്‍ നായകന്‍ റിഷബ് പന്തിന്റെ മോശം തീരുമാനങ്ങളും ഇന്ത്യയ്ക്ക് വിനയായി എന്ന് വിലയിരുത്തുന്നവരുമുണ്ട്. ചഹലിന് മുഴുവന്‍ ഓവര്‍ കൊടുക്കാത്തതും അനാവശ്യമായി റിവ്യൂ നല്‍കിയതുമടക്കം ചൂണ്ടിക്കാണിച്ചായിരുന്നു പന്തിനെതിരെ വിമര്‍ശനമുയര്‍ന്നത്.
ഐ.പി.എല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ മുമ്പനായിട്ടും 2.1 ഓവര്‍ മാത്രമാണ് ചഹല്‍ എറിഞ്ഞത്.
മുന്‍ ഇന്ത്യന്‍ താരങ്ങളും ഇന്ത്യന്‍ പേസ് സെന്‍സേഷനുമായ സഹീര്‍ ഖാനും ആശിഷ് നെഹ്‌റയും പന്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയുന്നു. ചഹലിന് മുഴുവന്‍ ഓവറും നല്‍കാത്തതായിരുന്നു ഇരുവരെയും ചൊടിപ്പിച്ചത്.
എന്നാല്‍, ഇരുവരെയും തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഇരുവരുടെയും വിമര്‍ശനശരങ്ങളില്‍ നിന്നും തന്റെ ക്യാപ്റ്റനെ ന്യായീകരിക്കാനാണ് താരം ശ്രമിക്കുന്നത്.
റിഷബ് പന്ത് ആദ്യമായിട്ടാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരുന്നതെന്നും ബൗളര്‍മാര്‍ കൃത്യമായി പന്തെറിയാത്തതിന് ക്യാപ്റ്റനെ കുറ്റം പറയേണ്ടതില്ല എന്നുമാണ് ഭുവി പറയുന്നത്.
‘റിഷബ് പന്ത് യുവ നായകനാണ്, ഇത് അവന്റെ ആദ്യ മത്സരമാണ്. ഇത് എല്ലാവര്‍ക്കും സംഭവിക്കുന്നത് തന്നെയാണ്. ഞങ്ങള്‍ കൃത്യമായി പന്തെറിയാത്തതിന് എന്തിനാണ് ക്യാപ്റ്റനെ കുറ്റം പറയുന്നത്.
അദ്ദേഹത്തിന്റെ എല്ലാ തീരുമാനങ്ങളും മികച്ചതാണെങ്കില്‍, എല്ലാ തീരുമാനങ്ങളും വിക്കറ്റില്‍ കലാശിക്കുകയാണെങ്കില്‍, എല്ലാവരും അവനെ പുകഴ്ത്തിയേനേ. എന്നാല്‍ ഫലം വിപരീതമാവുമ്പോള്‍ എല്ലാവരും അവനെ കുറ്റപ്പെടുത്തുന്നു,’ ഭുവനേശ്വര്‍ കുമാര്‍ പറയുന്നു.
ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. ഒഡീഷ, കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിലെ പോരായ്മകള്‍ മറികടന്ന് വിജയപാതയിലേക്ക് മടങ്ങിയെത്താനാണ് ഇന്ത്യന്‍ സംഘം ലക്ഷ്യമിടുന്നത്.
Content Highlight: Bhuvaneshwar Kumar Backs Rishabh Pant from Criticism of Former Indian Stars Zaheer Khan and Ashish Nehra