എനിക്ക് ഇനിയും ടീമില്‍ കളിക്കണം, ഈ ചോദ്യങ്ങളൊന്നും എന്നോട് വേണ്ട; സൂര്യകുമാറിനെ കുറിച്ചുള്ള ചോദ്യത്തിന് ബുദ്ധിപൂര്‍വം മറുപടിയുമായി ഭുവി
Sports News
എനിക്ക് ഇനിയും ടീമില്‍ കളിക്കണം, ഈ ചോദ്യങ്ങളൊന്നും എന്നോട് വേണ്ട; സൂര്യകുമാറിനെ കുറിച്ചുള്ള ചോദ്യത്തിന് ബുദ്ധിപൂര്‍വം മറുപടിയുമായി ഭുവി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st August 2022, 11:22 pm

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ മാത്രമല്ല ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം സൂര്യകുമാര്‍ യാദവിനെ ഓപ്പണറായി ഇറക്കിയായിരുന്നു ഇന്ത്യ എതിരാളികള്‍ തുടക്കത്തില്‍ തന്നെ ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയത്.

രോഹിത് ശര്‍മ റിഷബ് പന്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് കരുതിയവരെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു മധ്യനിരയിലെ കരുത്തനൊപ്പം ക്യാപ്റ്റന്‍ ക്രീസിലെത്തിയത്.

എന്നാല്‍ പുതിയ പൊസിഷനിലെത്തിയ സൂര്യകുമാര്‍ യാദവും മോശമാക്കിയില്ല. 16 പന്തില്‍ നിന്നും 24 റണ്‍സുമായി ഇന്ത്യന്‍ നിരയിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുമായിട്ടാണ് (250) സ്‌കൈ കളം വിട്ടത്.

ഇപ്പോഴിതാ, സൂര്യകുമാര്‍ യാദവിനെ ഓപ്പണറായി കളിപ്പിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ഭുവനേശ്വര്‍ കുമാര്‍. ഈ നീക്കത്തിന് വ്യക്തമായ ഒരു മറുപടി നല്‍കാതെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.

‘എനിക്കറിയില്ല. ഇതിന് പുറകില്‍ മറ്റെന്തെങ്കിലും ചിന്തകളോ പദ്ധതിയോ ഉണ്ടായിരിക്കും. എനിക്കുറപ്പാണ്, രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും അതില്‍ നിന്നെന്തെങ്കിലും നേടാന്‍ ആഗ്രഹിക്കുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്.

ഇതിന് പിന്നിലുള്ള ചേതോവികാരം എന്താണെന്ന് എനിക്കറിയില്ല, പക്ഷേ ഈ നീക്കം നടത്തുന്നതിന് മുമ്പ് അവര്‍ വളരെയേറെ ചിന്തിച്ചിട്ടുണ്ടാവും,’ ഭുവനേശ്വര്‍ പറയുന്നു.

അതേസമയം, ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ രണ്ടാം മത്സരം വീണ്ടും നീട്ടിവെച്ചിരിക്കുകയാണ്.

ടീമുകളുടെ ലഗേജ് എത്താന്‍ വൈകിയതിനാല്‍ എട്ട് മണിക്ക് നിശ്ചയിച്ചിരുന്ന മത്സരം പത്ത് മണിക്ക് നടക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ 11 മണിക്കാണ് മത്സരം തുടങ്ങുക എന്നാണ് പുതിയ വിവരം.

ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഒരിക്കല്‍ക്കൂടി ഇന്ത്യയെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ്.

ക്യപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം സൂര്യകുമാര്‍ യാദവ് തന്നെയാണ് ഓപ്പണ്‍ ചെയ്യുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദുകി പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

കൈല്‍ മയേഴ്‌സ്, ബ്രാന്‍ഡന്‍ കിങ്, നിക്കോളാസ് പൂരന്‍, ഷിറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവല്‍, ഡെവോണ്‍ തോമസ് (വിക്കറ്റ് കീപ്പര്‍), ജേസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹൊസൈന്‍, ഓഡിയന്‍ സ്മിത്ത്, അല്‍സാരി ജോസഫ്, ഒബെഡ് മക്കോയ്‌

 

Content Highlight: Bhuvaneshwar Kumar about Suryakumar Yadav