| Friday, 20th January 2012, 2:36 pm

കെ.ജി.ബാലകൃഷ്ണനെതിരെ പ്രശാന്ത് ഭൂഷന്‍ ഹരജി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ കെ.ജി.ബാലകൃഷ്ണനെതിരെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി.

ജസ്റ്റീസ് ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും ഇത്തരം ആരോപണം നേരിടുന്ന ആള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ പദവിയില്‍ ഇരിക്കുന്നത് ശരിയല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് ആയിരിക്കുമ്പോള്‍ കെ.ജി.ബാലകൃഷ്ണന്‍ പുറപ്പെടുവിച്ചിട്ടുള്ള കോര്‍പ്പറേറ്റ് വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കോടതി വിധികള്‍ പുനഃപരിശോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കെ.ജി ബാലകൃഷ്ണനെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുന്ന സര്‍ക്കാര്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് ഹരജിയില്‍ വാദിക്കുന്നുണ്ട്. കെ.ജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീനിജന്‍, സഹോദരന്‍ ഭാസ്‌കരന്‍ എന്നിവരുടെ സ്വത്തിനെക്കുറിച്ചുള്ള രേഖകളും ഇതേസംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ഹരജിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

Malayalam News
Kerala News in English

We use cookies to give you the best possible experience. Learn more