ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റേതിന് സമാന പ്രസ്താവനയുമായി ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കില്ലെന്ന് പറയാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്നായിരുന്നു ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ പരാമര്‍ശം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഒരിക്കല്‍ പാര്‍ലമെന്റ് ഒരു നിയമം പാസാക്കി കഴിഞ്ഞാല്‍ ഞാന്‍ വിചാരിക്കുന്നത് ഭരണഘടന പ്രകാരം ഒരു സംസ്ഥാനത്തിനും അത് നടപ്പാക്കില്ലെന്ന് പറയാന്‍ പറ്റില്ലെന്നാണ്. എന്നാല്‍ അതിനെ നിയമപരമായി നേരിടാം.’ ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു.
നേരത്തെ കപില്‍ സിബലും ഇതേ വാദമായിരുന്നു ഉയര്‍ത്തിയത്.
“പൗരത്വഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതാണ്. അതുകൊണ്ട് അത് നടപ്പില്ലെന്ന് പറയാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ല. അത് ഭരണഘടനാ വിരുദ്ധമാണ്. നിങ്ങള്‍ക്ക് അതിനെ എതിര്‍ക്കണമെങ്കില്‍ നിയമസഭയില്‍ ഒരു പ്രമേയം പാസാക്കുകയും കേന്ദ്രസര്‍ക്കാരിനോട് നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാം.” എന്നായിരുന്നു കപില്‍ സിബലിന്റെ പരാമര്‍ശം.
ഒരു സംസ്ഥാനം ഇത് നടപ്പിലാക്കില്ലായെന്ന് പറയുമ്പോള്‍ അത് ഭരണഘടനാപരമായി തെറ്റാണെന്നും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടവരുത്തുമെന്നും കപില്‍ സിബല്‍ പറഞ്ഞിരുന്നു.
കേരള സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുകയും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
കേരളത്തിന് പിന്നാലെ പഞ്ചാബും നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. കൂടാതെ രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ