ചണ്ഡീഗഢ്: രാഷ്ടീയത്തില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് സൂചന നല്‍കി ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനക്ക് പിന്നാലെയാണ് വിരമിക്കുന്നത് സംബന്ധിച്ചുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ സൂചന. എന്നാല്‍, കമ്മിറ്റി നിര്‍ദ്ദേശത്തിനുശേഷം മാത്രമേ തീരുമാനം പരസ്യമാക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പിന്തുണക്കുന്നതോടൊപ്പം ദേശ സ്നേഹത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടുവെന്നുമായിരുന്നു ഹൂഡ പറഞ്ഞത്. ഇതിനോട് രണ്ടാമതും പ്രതികരിക്കവെയായിരുന്നു ഹുഡ വിരമിക്കല്‍ സംബന്ധിച്ച് സൂചന നല്‍കിയത്.
ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
‘ഒന്നോ രണ്ടോ ദിവസത്തിനകം ഒരു കമ്മിറ്റി രൂപീകരിക്കും. അതിന് ശേഷം കണ്‍വീനര്‍ ഒരു യോഗം ചേരും. കമ്മിറ്റിയുടെ നിര്‍ദേശം എന്താണോ താന്‍ അത് പോലെ ചെയ്യും. അവര്‍ എന്നോട് രാഷ്ട്രീയം വിടാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അത് ചെയ്യും.’ ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് പിന്തുണ നല്‍കിയായിരുന്നു കോണ്‍ഗ്രസ് നേതാവ് വിവാദത്തിന് തുടക്കമിട്ടത്. റോത്തക്കില്‍ ഹൂഡയുടെ നേതൃത്വത്തില്‍ നടക്കുന്ന മഹാപരിവര്‍ത്തന്‍ റാലിക്കിടെയാണ് കോണ്‍ഗ്രസിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്. ഭാവിയെക്കുറിച്ചുള്ള തന്റെ തീരുമാനം റാലിക്ക് ശേഷം അറിയാമെന്നും ഹൂഡ പറഞ്ഞിരുന്നു.
ഹൂഡ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. 2019 ഒക്ടോബറില്‍ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി ഒറ്റയ്ക്ക് മത്സരിക്കാനാണ് ഭൂപീന്ദര്‍ സിങ് ഹൂഡയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.