ന്യൂദല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ജയിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ. ആംആദ്മി പാര്‍ട്ടി ഉള്‍പ്പെടെ ആരുമായും സംസ്ഥാനത്ത് സഖ്യത്തിനില്ലെന്നും ഭൂപീന്ദര്‍ ഹൂഡ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യാ മുന്നണിയുടെ ഭാഗമായി ദേശീയ തലത്തില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടെങ്കിലും, ഹരിയാനയില്‍ സഖ്യ ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുകയെന്നും ഭൂപീന്ദര്‍ ഹൂഡ വ്യക്തമാക്കി.
സംസ്ഥാനത്ത് മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട്. ബി.ജെ.പി-ജെ.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ട സര്‍ക്കാരാണെന്നും ഭൂപീന്ദര്‍ ഹൂഡ പറയുകയുണ്ടായി.
ഹരിയാനയിലും ദല്‍ഹിയിലും ആംആദ്മിയുമായി സഖ്യത്തിന് സാധ്യതയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം ഫോര്‍മുല ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഭൂപീന്ദര്‍ ഹൂഡയുടെ പ്രതികരണം.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം എ.എ.പിക്ക് ഒരു സീറ്റ് നല്‍കിയിരുന്നു. അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസും ആംആദ്മിയും ഒറ്റയ്ക്കാണ് മത്സരിച്ചത്.
ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ജമ്മു കാശ്മീരിലും സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നും സഖ്യം വേണോയെന്നതില്‍ ചര്‍ച്ച നടത്തേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാലും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Content Highlight: Bhupinder Singh Hooda has said that the Congress has the capacity to win the Haryana assembly elections alone