| Thursday, 14th January 2021, 2:51 pm

കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയമിച്ച പാനലില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മന്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി രൂപീകരിച്ച പാനലില്‍ നിന്ന് മുന്‍ എം.പി ഭൂപീന്ദര്‍ സിംഗ് മന്‍ രാജിവെച്ചു. കര്‍ഷകരാണ് ഇക്കാര്യം അറിയിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്രവും കര്‍ഷക യൂണിയനുകളും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമാക്കുന്നതിന് സുപ്രീം കോടതി രൂപീകരിച്ച സമിതിയിലെ അംഗങ്ങള്‍ സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളെ പിന്തുണയ്ക്കുന്നവരാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് ഭൂപീന്ദറിന്റെ രാജി.

കേന്ദ്രത്തിനോടും കര്‍ഷകരോടും സംസാരിക്കാന്‍ നാലംഗ സമിതിയാണ് രൂപീകരിച്ചത്. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേഗദതിക്ക് സുപ്രീംകോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി പറഞ്ഞു.

പ്രശ്‌ന പരിഹാരത്തിനായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും സ്ഥിതി ഇത്രയും വഷളാകുന്നത് വരെ നിശബ്ദത പാലിച്ച പ്രധാനമന്ത്രി തങ്ങളോട് മാപ്പ് പറയണമെന്നും കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞിരുന്നു.

കര്‍ഷകസമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവരുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. അശോക് ഗുലാത്തി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്നാണ് കര്‍ഷക സംഘടനകള്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bhupinder Mann has recused himself from SC-appointed panel on farm laws

Latest Stories

We use cookies to give you the best possible experience. Learn more