ചണ്ഡീഗഢ്: കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണക്കുന്നുവെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ. ദേശ സ്‌നേഹത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടുവെന്നും ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു.
‘സര്‍ക്കാര്‍ എന്തെങ്കിലും നല്ല കാര്യം ചെയ്താല്‍ ഞാന്‍ അവരെ പിന്തുണക്കും. എന്റെ പല സഹപ്രവര്‍ത്തകരും തീരുമാനത്തെ എതിര്‍ത്തിരിക്കുകയാണ്. എന്റെ പാര്‍ട്ടിയ്ക്ക് ദിശാബോധം നഷ്ടപ്പെട്ടു. ഇത് പഴയ കോണ്‍ഗ്രസല്ല’ ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു.
സ്വാഭിമാനത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും കാര്യത്തില്‍ താന്‍ ആരോടും ഒത്തു തീര്‍പ്പിനില്ലെന്നും ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു.
റോത്തക്കില്‍ ഹൂഡയുടെ നേതൃത്വത്തില്‍ നടക്കുന്ന മഹാപരിവര്‍ത്തന്‍ റാലിക്കിടെയാണ് കോണ്‍ഗ്രസിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്. അതേ സമയം ഭാവിയെക്കുറിച്ചുള്ള തന്റെ തീരുമാനം റാലിക്ക് ശേഷം അറിയാമെന്ന് ഹൂഡ പറഞ്ഞു.
രണ്ട് തവണ ഹരിയാന മുഖ്യമന്ത്രിയായ ഭൂപീന്ദര്‍ സിങ് ഹൂഡ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി വിമര്‍ശനം. 2019 ഒക്ടോബറില്‍ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി ഒറ്റയ്ക്ക് മത്സരിക്കാനാണ് ഭൂപീന്ദര്‍ സിങ് ഹൂഡയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.