ന്യൂദല്‍ഹി: രാജ്യത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ശ്രദ്ധ മുഴുവന്‍ പ്രതിപക്ഷത്തിന്മേലാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍. ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമുള്ള ഇ.ഡിയുടെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ അറസ്റ്റ് ചെയ്ത ഇ.ഡി നടപടിക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കഴിഞ്ഞ എട്ട് വര്‍ഷമായി ഇ.ഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികളെയാണ് ഇ.ഡിയ്ക്ക് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
‘ഇ.ഡിയുടെ ശ്രദ്ധ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളിലാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തെ ഇ.ഡിയുടെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. ഇ.ഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ താത്പര്യങ്ങള്‍ക്കും വേണ്ടിയാണ്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ ഇത്തരം നടപടികള്‍ നേരിടേണ്ടിവരും,’ അദ്ദേഹം പറഞ്ഞു.
‘ഇ.ഡി ഇതുവരെ ബി.ജെ.പി നയിക്കുന്ന സംസ്ഥാനങ്ങളിലോ, ബി.ജെ.പി നേതാക്കള്‍ക്കെതിരെയോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. തെറ്റ് ചെയ്താല്‍ നടപടിയെടുക്കണം. അതില്‍ തെറ്റൊന്നുമില്ല. അതിനെ ഞങ്ങള്‍ എതിര്‍ക്കുന്നുമില്ല. പക്ഷെ പ്രതിപക്ഷത്തിന് നേരെ മാത്രം വരുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ പ്രതികരിക്കേണ്ടതുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം
സഞ്ജയ് റാവത്താണ് ശരിയായ ശിവസൈനികനെന്നും അദ്ദേഹത്തെക്കുറിച്ച് അഭിമാനമുണ്ടെന്നും ശിവസേന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.
തെലുങ്ക് ചിത്രമായ പുഷ്പയിലെ ‘ജൂഖേക നഹി (കുമ്പിടുകയില്ല)’ എന്ന ഡയലോഗ് ഉദ്ധരിച്ചുകൊണ്ടായിരുന്നു ഉദ്ധവ് താക്കറെയുടെ പരാമര്‍ശം.
‘പുഷ്പ എന്ന ചിത്രത്തില്‍ ഒരു ഡയലോഗുണ്ട്- ‘ജൂഖേക നഹി’. യഥാര്‍ത്ഥത്തില്‍ ശരിയായ ശിവസൈനികന്‍ സഞ്ജയ് റാവത്ത് ആണ്. അങ്ങനെ ആരുടെ മുമ്പിലും കുമ്പിടുകയില്ല എന്ന് പറഞ്ഞ പലരും ഇന്ന് മറുകണ്ടം ചാടിയിരിക്കുകയാണ്. അതല്ല ഒരിക്കലും ബാലാസാഹെബ് താക്കറെ കാണിച്ചു തന്ന പാത. റാവത്ത് ശരിയായ ശിവസൈനികന്‍ തന്നെയാണ്,’ അദ്ദേഹം പറഞ്ഞു.
സഞ്ജയ് റാവത്തിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിന് പിന്നാലെ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു റാവത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നാല് ദിവസം റാവത്തിനെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് മുംബൈ ഹൈക്കോടതിയും ഉത്തരവിറക്കിയിരുന്നു
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു ശിവസേന എം.പി സഞ്ജയ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. പത്ര ചൗള്‍ ഭൂമി കുംഭകോണ കേസിലാണ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്.
Content Highlight: Bhupesh Bhagel says that ED won’t take any action against BJP leaders, and claims that ED focuses only on opposition