റായ്പൂര്‍: വരാനിരിക്കുന്ന ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍.
5 വര്‍ഷങ്ങള്‍ക്ക് ശേഷം 2018ല്‍ ഛത്തീസ്ഗഡില്‍ ഭരണത്തിലെത്തിയ കോണ്‍ഗ്രസിന്റെ ആദ്യ തീരുമാനങ്ങളില്‍ ഒന്നായിരുന്നു കര്‍ഷകരുടെ 9,000 കോടി വായ്പ തുക എഴുതിത്തള്ളുകയെന്നത്. 18.82 ലക്ഷം കര്‍ഷകരുടെ 9,270 കോടി രൂപയുടെ കടവും ജലസേചന നികുതിയില്‍ നിന്ന് 350 കോടി രൂപയും എഴുതിത്തള്ളിയതായി സര്‍ക്കാര്‍ അവകാശപ്പെട്ടുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാന തലത്തില്‍ ജാതി സെന്‍സസ് നടത്തുമെന്നും ഏക്കറിന് 20 ക്വിന്റല്‍ അരി വാങ്ങി 17.5 ലക്ഷം രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്നും ഭവന രഹിതര്‍ക്ക് വീട് വെച്ച് നല്‍കുമെന്നും ഭൂപേഷ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രഖ്യാപിച്ചു.
‘നമ്മുടെ കര്‍ഷകര്‍ എത്ര ശക്തരാണോ അത്രത്തോളം നമ്മുടെ സമ്പദ് വ്യവസ്ഥ ശക്തമാകും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടെ വ്യാപാരവും വര്‍ധിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തിന്റെ സ്വാധീനം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല,’ ഭൂപേഷ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ വന്‍കിട വ്യവസായികളുടെ 14,50,000 കോടി എഴുത്തള്ളിയെന്നും എന്നാല്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ കര്‍ഷകരുടെ കടമാണ് എഴുതിത്തള്ളിയതെന്നും അവ തമ്മില്‍ വലിയ അന്തരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
5 വര്‍ഷത്തെ വികസനത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്നും ഇപ്പോള്‍ പ്രഖ്യാപനങ്ങളെയാണ് അവര്‍ വിശ്വസിക്കുന്നതെന്നും മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ്‌റുമായ രമണ്‍ സിങ് എക്‌സില്‍ കുറിച്ചു.
90 സീറ്റുകളിലേക്കായി നവംബര്‍ 7,17 എന്നീ ദിവസങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമെന്നും ഡിസംബര്‍ 3ന് വോട്ടെണ്ണല്‍ നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
Content Highlight: Bhupesh Baghel said that farmer’s debt will be written off