റായ്പൂര്‍: രണ്ട് രാഷ്ട്രമെന്ന സിദ്ധാന്തത്തിന്റെ വിത്ത് ആദ്യമായി പാകിയത് മുഹമ്മദലി ജിന്നയല്ല ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറാണെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍. ജവഹര്‍ലാല്‍ നെഹ്‌റു ചരമവാര്‍ഷിക അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭൂപേഷ് ബാഗെല്‍.
ആണവപദ്ധതികളും ശൂന്യാകാശപദ്ധതികളും മികച്ച സ്ഥാപനങ്ങളും ആരംഭിച്ചു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആശയത്തിലുള്ള ഇന്ത്യയെ മാറ്റിമറിക്കാന്‍ പല ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഭൂപേഷ് ബാഗെല്‍ പറഞ്ഞു.
ജിന്നയല്ല, രണ്ട് രാഷ്ട്രമെന്ന ആശയം ആദ്യം മുന്നോട്ട് വെച്ചത് വീര്‍ സവര്‍ക്കര്‍ ആണെന്ന് പ്രസംഗത്തില്‍ പറഞ്ഞതിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഭൂപേഷ് ബാഗെലിന്റെ മറുപടി ഇങ്ങനെയായിരുന്നു.
ഹിന്ദു മഹാസഭയെ കുറിച്ചുള്ള ചരിത്രപരമായ കാര്യമാണിത്, വീര്‍ സര്‍വര്‍ക്കറാണ് രണ്ട് രാഷ്ട്രമായി മാറി ഹിന്ദുസ്ഥാന്‍ സ്വതന്ത്രമാവണമെന്ന് ആവശ്യപ്പെട്ടത്. സവര്‍ക്കര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഈ ആവശ്യം ഉന്നയിക്കുകയും ജിന്ന അത് നടപ്പിലാക്കുകയും ആയിരുന്നു. ഇത് വസ്തുതയാണ്. ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ ആര്‍ക്കും സാധിക്കില്ല.
ഒരു ജനാധിപത്യ സംവിധാനത്തിനകത്ത്, ജനളുടെ ഏറ്റവും വലിയ ശക്തി എന്നത് ചോദ്യങ്ങള്‍ ചോദിക്കാനാവുന്നു എന്നതാണ്. നെഹ്‌റു ആ ആശയത്തെ പിന്തുണച്ചിരുന്നു. പക്ഷെ നിങ്ങള്‍ക്കിന്ന് മോദിയോട് ചോദ്യം ചോദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.